ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് അറ്റ നിക്ഷേപം മൂന്ന് വര്‍ഷത്തെ താണ നിലയില്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് അറ്റ നിക്ഷേപം മൂന്ന് വര്‍ഷത്തെ താണ നിലയില്‍

ഇക്വിറ്റി സ്‌കീമുകളില്‍ നിന്ന് 16,268 കോടി രൂപയുടെ പിന്‍വലിക്കല്‍ നടന്നു

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് (എംഎഫ്) സ്‌കീമുകളിലേക്കുള്ള നിക്ഷേപം കഴിഞ്ഞമാസം മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലായിരുന്നു. നവംബറില്‍ 1,311 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് ഇത് 78 ശതമാനം കുറവാണ്. ഇക്വിറ്റികളിലേക്കുള്ള നിക്ഷേപം കുറഞ്ഞെങ്കിലും, മ്യൂച്വല്‍ ഫണ്ട് വ്യവസായം മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 27 ട്രില്യണ്‍ രൂപ എന്ന റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നു. ഡെബ്റ്റ് സ്‌കീമുകളിലേക്കെത്തിയ 50,000 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപമാണ് ഇതിന് കാരണം.

നവംബറില്‍ ഇക്വിറ്റി സ്‌കീമുകളില്‍ നിന്ന് 16,268 കോടി രൂപയുടെ പിന്‍വലിക്കലാണ്് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസത്തേക്കാള്‍ 47 ശതമാനം കൂടുതലാണ്. ‘നിക്ഷേപകര്‍ ആശങ്കാകുലരാണ്, നിലവിലെ വെല്ലുവിളികള്‍ക്ക് വലിയ ആശ്വാസം ലഭിച്ചിട്ടില്ല. അടുത്തിടെ ഓഹരിവിപണിയില്‍ ഉണ്ടായ മുന്നേറ്റത്തില്‍ നിന്ന് ലഭിച്ച കുറച്ച് ആശ്വാസം മുതലാക്കി ചില നിക്ഷേപകര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കാം, ‘മിറേ അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി)യുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്വരൂപ് മൊഹന്തി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസ കാലയളവില്‍, സെന്‍സെക്‌സ് എട്ട് ശതമാനത്തിലധികം നേട്ടം കൈവരിച്ചു, നവംബര്‍ 28 ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 41,163 പോയിന്റിലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു.
2016 ജൂണില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 320 കോടി രൂപയാണ് ഇതിനു മുമ്പ് ഒരു മാസത്തില്‍ രേപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അറ്റ നിക്ഷേപം. മുന്‍ മാസത്തെ അപേക്ഷിച്ച് 93 ശതമാനം ഇടിവാണ് അന്ന് രേഖപ്പെടുത്തിയച്. നാല് മാസത്തില്‍ 20 ശതമാനം നേട്ടം സ്വന്തമാക്കുന്ന തരത്തില്‍ വിപണികള്‍ ശക്തമായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍ തന്നെയായിരുന്നു അതെന്നതും ശ്രദ്ധേയമാണ്.

എസ്‌ഐപി മാര്‍ഗത്തിലൂടെയുള്ള നിക്ഷേപം നവംബറില്‍ നേരിയ വളര്‍ച്ച പ്രകടമാക്കി 8,272 കോടി രൂപയായി. എസ്‌ഐപികളിലെ നിക്ഷേപകരുടെ താല്‍പ്പര്യം മാറാതെ ഇരിക്കുന്നത് മ്യൂച്വല്‍ഫണ്ട് വ്യവസായത്തിന് ആരോഗ്യകരമായ അടയാളമാണെന്ന് വ്യാവസായിക വിദഗ്ധര്‍ പറയുന്നു. ഒരു നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കുന്ന തരത്തിലുള്ള മ്യൂച്വല്‍ഫണ്ട് നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍സ് അഥവാ എസ്‌ഐപി.

Comments

comments

Categories: Business & Economy