ദുബായ് വിമാനത്താവളങ്ങളില്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധിക്കുന്നു

ദുബായ് വിമാനത്താവളങ്ങളില്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധിക്കുന്നു
  • പ്ലാസ്റ്റിക് ഉല്‍പന്നങ്ങളോട് വിട ചൊല്ലി മക്‌ഡൊണാള്‍ഡ്‌സ്
  • ‘സ്മാര്‍ട്ട് കപ്പു’മായി കോസ്റ്റ കോഫീ

ദുബായ്: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ ദുബായ് എയര്‍പോര്‍ട്ട്‌സ് തയാറെടുക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും ദുബായ് വേള്‍ഡ് സെന്‍ട്രലിലും അടുത്ത വര്‍ഷം തുടക്കം മുതല്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തും.

പരിസ്ഥിതിയോട് കൂടുതല്‍ പ്രതിബദ്ധതയുള്ള വിമാനത്താവളമായി മാറുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തുന്നതെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സിലെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് യൂജീന്‍ ബാരി പറഞ്ഞു.

ദുബായ് വിമാനത്താവളങ്ങളില്‍ പ്രതിവര്‍ഷം 5,500 ടണ്‍ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 280 ടണ്‍ ഈ വര്‍ഷം ഇതുവരെ പുനഃചക്രമണം ചെയ്തിട്ടുണ്ട്.

വീടുകളിലും യാത്രാസമയത്തും ഉള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗവും അവയുടെ പുനഃചക്രമണവും സംബന്ധിച്ച് യാത്രക്കാരില്‍ കൂടുതല്‍ അവബോധം വന്നിട്ടുള്ളതായി ദുബായ് എയര്‍പോര്‍ട്ട്‌സിന്റെ സമീപകാല സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പ്രതികരിച്ച 52 ശതമാനം ആളുകളും വീണ്ടും ഉപയോഗിക്കാവുന്ന വെള്ളക്കുപ്പികളാണ് യാത്രയില്‍ ഉപയോഗിക്കാറ്. അതേസമയം 49 ശതമാനം പേര്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി വിമാനത്താവളങ്ങളിലെ റെസ്‌റ്റോറന്റുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. പുനഃചക്രമണം നടത്താന്‍ സാധിക്കാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ 32 ശതമാനം ആളുകള്‍ ആഗ്രഹിക്കുന്നില്ല.

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് വിട ചൊല്ലി മക്‌ഡൊണാള്‍ഡ്‌സും

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള ദുബായ് എയര്‍പോര്‍ട്ട്‌സ് തീരുമാനത്തെ തുടര്‍ന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളോട് വിട പറയുന്നു. ദുബായിലെ രണ്ട് വിമാനത്താവളങ്ങളിലും 5.6 ദശലക്ഷം ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി പുനഃചക്രമണം നടത്താന്‍ സാധിക്കുന്ന പദാര്‍ത്ഥങ്ങളാല്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം കോസ്റ്റ കോഫീ അവരുടെ പ്ലാസ്റ്റിക് അടങ്ങിയ കപ്പുകള്‍ക്ക് പകരം 100 ശതമാനം പുനരുപയോഗിക്കാന്‍ സാധിക്കുന്ന ചെടികളില്‍ നിന്നും ‘സ്മാര്‍ട്ട് കപ്പുകള്‍’ഉപയോഗിക്കും. ദുബായ് വിമാനത്താവളങ്ങളില്‍ മാത്രം കോസ്റ്റ കോഫീ ഒരു വര്‍ഷം 2.6 ദശലക്ഷം കപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

Comments

comments

Categories: Arabia