താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി, ഇന്‍സ്റ്റലേഷനുമായി കൊച്ചി ഡിസൈന്‍ വീക്ക്

താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി, ഇന്‍സ്റ്റലേഷനുമായി കൊച്ചി ഡിസൈന്‍ വീക്ക്
  • രൂപകല്‍പ്പനയിലെ നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസൈന്‍ വീക്ക്
  • നാളെ കൊച്ചിയില്‍ തുടക്കം

കൊച്ചി: ഡിസൈന്‍ ലോകം കൊച്ചിയില്‍ സംഗമിക്കുന്നു. ഡിസൈന്‍ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ രണ്ടാം ലക്കത്തിന് നാളെ തുടക്കമാകും. 12 മുതല്‍ 14 വരെ ബോള്‍ഗാട്ടി പാലസിലാണ് സമ്മേളനം നടക്കുക. ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രചോദന കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളിലെ സുപ്രധാനമായ കാല്‍വെപ്പാണ് കൊച്ചി ഡിസൈന്‍ വീക്ക്. ഡിസൈന്‍ സമ്മിറ്റ്, ആര്‍ക്കിടെക്ചര്‍ സമ്മിറ്റ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രത്യേക സെമിനാറുകളും ക്ലാസുകളും നടക്കും. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, യുട്യൂബ്, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ലോകോത്തരകമ്പനികളില്‍ നിന്നുള്ള പ്രഗത്ഭര്‍ ഡിസെന്‍ വീക്കില്‍ സംവദിക്കാനെത്തും. മൂവായിരത്തോളം ഡിസെനര്‍മാരെയാണ് ഡിസൈന്‍ സമ്മിറ്റില്‍ പ്രതീക്ഷിക്കുന്നത്. ഡിസെന്‍ ലോകത്തെ പ്രതിഭകളെ അടുത്തറിയാനുള്ള സംരംഭമായി ഡിസെന്‍ വീക്ക് മാറുമന്നാണ് പ്രതീക്ഷ.

ഡിസൈന്‍ വീക്കിന് മുന്നോടിയായി 96 ചതുരശ്ര അടിയില്‍ കിടപ്പ് മുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്റൂം, ഭക്ഷണത്തിന് സംവിധാനങ്ങള്‍, എന്നിങ്ങനെ എല്ലാം അടങ്ങിയ താമസ സ്ഥലം ഒരുക്കിയിരിക്കുകയാണ്. ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഡിസൈന്‍ വീക്കിന്റെ പങ്കാളിയായ അസെറ്റ് ഫൗണ്ടേഷനാണ് ശില്‍പ്പികള്‍. ഡിസൈന്‍ വീക്ക് നടക്കുന്ന 12, 13, 14 തിയതികളില്‍ അസെറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസെറ്റ് മൂഗ്രേസ് പ്രൊജക്ട് സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇന്‍സ്റ്റലേഷന്‍ കാണാന്‍ അവസരമുണ്ട്. 12 അടി നീളവും 8 അടി വീതിയുമുള്ളതാണ് വാസസ്ഥലം. അതില്‍ മടക്കി വയ്ക്കാവുന്ന് രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഡിസൈന്‍ വീക്കിലൂടെ ഉയര്‍ന്ന് വന്ന ആശയങ്ങള്‍ സാധാരണക്കാരന് ഉപയോഗപ്രദമാകുന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പരിപാടിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുകയാണെ് ഉച്ചകോടിയുടെ സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്.

Comments

comments

Categories: FK News
Tags: Design week