ഡാറ്റ, കോള്‍ ചാര്‍ജ്ജ് വര്‍ധന: ആരെയൊക്കെ ബാധിക്കും ?

ഡാറ്റ, കോള്‍ ചാര്‍ജ്ജ് വര്‍ധന: ആരെയൊക്കെ ബാധിക്കും ?

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഡാറ്റ, ഫോണ്‍ കോള്‍ ഉള്‍പ്പെടുന്ന ടെലികോം സേവനം ലഭ്യമാക്കുന്ന പ്രധാന കമ്പനികളാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവര്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ കമ്പനികളും പൊതുമേഖലാ രംഗത്തുള്ള ബിഎസ്എന്‍എല്ലും ടെലികോം സേവന നിരക്ക് വര്‍ധിപ്പിച്ചതോടെ രാജ്യത്തെ ദശലക്ഷക്കണക്കിനു വരുന്ന മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വന്നിരിക്കുകയാണ്. ഇത് ഡാറ്റ, കോള്‍ ഉപഭോഗം പലരും വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതാകട്ടെ, വീഡിയോ & സ്ട്രീമിംഗ് ആപ്പ്, ഒടിടി പ്ലാറ്റ്‌ഫോം, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ബ്രാന്‍ഡുകള്‍ എന്നിവരുടെ ബിസിനസിനെ മോശമായി ബാധിക്കുമെന്നും പറയപ്പെടുന്നു.

രാജ്യത്തെ ടെലികോം കമ്പനികള്‍ സമീപദിവസം ഡാറ്റ, കോള്‍ ചാര്‍ജ്ജ് വര്‍ധന നടപ്പിലാക്കുകയുണ്ടായി. ഇതോടെ ഇന്റര്‍നെറ്റ്, കോള്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗം പേരും കാര്യബോധമുള്ളവരായി മാറുകയും ചെയ്തിരിക്കുകയാണ്. ഡാറ്റയും കോള്‍ ചാര്‍ജ്ജും വര്‍ധിപ്പിച്ചതോടെ മൊത്തത്തിലുള്ള ഡാറ്റ ഉപഭോഗത്തിന്റെ കാര്യത്തില്‍ 20 ശതമാനം വരെ കുറവു വന്നേക്കാമെന്നാണു വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ പ്രതിശീര്‍ഷ ഡാറ്റ ഉപഭോഗം പ്രതിമാസം 12 ജിബി യില്‍ കൂടുതലാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തലമാണ്. കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭ്യമാക്കിയതാണ് ഇതിനു പിന്നിലെ കാരണമായി പറയപ്പെടുന്നത്. ഇപ്പോള്‍ ടെലികോം കമ്പനികള്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചത് കണ്ടന്റ് അഥവാ ഉള്ളടക്കം സൗജന്യമായി ലഭ്യമാക്കുന്ന യു ട്യൂബ്, ടിക് ടോക് എന്നിവ പോലുള്ള കമ്പനികളെ മോശമായി ബാധിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം ആമസോണ്‍, സ്വിഗ്ഗി പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെ വളരെ കുറച്ചായിരിക്കും ബാധിക്കുക. കാരണം ഇൗ കമ്പനികളിലേക്കു കണ്‍സ്യൂമറെ പ്രധാനമായും ആകര്‍ഷിക്കുന്നത് അവര്‍ വാഗ്ദാനം ചെയ്യുന്ന ഓഫറിന്റെയോ, ഡിസ്‌കൗണ്ടിന്റെയോ അടിസ്ഥാനത്തിലായിരിക്കും. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളോഹരി ഡാറ്റ ഉപഭോഗം ഇന്ത്യയിലാണെങ്കിലും ഇപ്പോള്‍ ഡാറ്റ, കോള്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിന് മാറ്റം സംഭവിക്കുമെന്നും കരുതുന്നുണ്ട്.

ടെലികോം വിപണിയിലെ മുന്‍നിരക്കാര്‍

വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍), ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, റിലയന്‍സ് ജിയോ തുടങ്ങിയവരാണ് ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനികള്‍. ഇന്ത്യയിലെ 1.18 ബില്യന്‍ മൊബൈല്‍ വരിക്കാരില്‍ 90 ശതമാനവും ഈ കമ്പനികളെയാണു ടെലികോം സേവനത്തിനായി ആശ്രയിക്കുന്നത്. ഈ മൂന്ന് കമ്പനികളുടെ വിപണി വിഹിതം 90 ശതമാനമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) 2018 ലെ കണക്ക്പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 1066.86 ദശലക്ഷമാണ്. ഇവരില്‍ 95.50 ശതമാനവും പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിലെ 1.3 ബില്യന്‍ ജനങ്ങളില്‍ 451 ദശലക്ഷം പേര്‍ പ്രതിമാസ ആക്ടീവ് ഇന്റര്‍നെറ്റ് യൂസര്‍മാരാണെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു.

വില കുറഞ്ഞ ഡാറ്റയുടെ കാലം കഴിഞ്ഞോ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നത്തിന്റെ വിജയകരമായ ഓട്ടം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും വില കുറഞ്ഞ ഡാറ്റയുടെ കാലം കഴിഞ്ഞോ ? എന്ന ചോദ്യം ആശങ്ക സമ്മാനിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയില്‍ ചീപ്പ് ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമായതോടെ, ഉപഭോക്താക്കളെ കൂടുതല്‍ ഗുണം ഉണ്ടാക്കിയത് ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങളാണ്. രാജ്യത്തു സമീപ വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍ വന്‍തോതില്‍ അഭിവൃദ്ധി പ്രാപിക്കുന്നത് ഏവര്‍ക്കും കാണുവാന്‍ സാധിച്ചു. ഏറെക്കുറെ എല്ലാ വിഭാഗം മൊബൈല്‍ ആപ്പുകളും ലോഞ്ച് ചെയ്യുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയുണ്ടായി. വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളായ നെറ്റ്ഫഌക്‌സ്, പ്രൈം വീഡിയോ, സ്‌പോട്ടിഫൈ, ടിക് ടോക് എന്നിവ ഉദാഹരണങ്ങളാണ്. അതു പോലെ ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് ആപ്പുകളും വലിയ തോതില്‍ നേട്ടങ്ങളുണ്ടാക്കി. ഇന്ത്യയിലെ ടയര്‍ 2, 3 നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ യൂസര്‍മാരെ ആപ്പുകള്‍ക്ക് ലഭിച്ചത്. ടയര്‍ 2 നഗരങ്ങളെന്നു പറയുന്നത് പൊതുവേ മെട്രോ നഗരങ്ങളുടെ ടാഗ് വഹിക്കാത്തതും എന്നാല്‍ പ്രാധാന്യം ഉള്ളവയുമാണ്. ഉദാഹരണമായി ആഗ്ര, ലക്‌നൗ, ജയ്പൂര്‍, ചണ്ഡിഗണ്ഡ്, നാഗ്പൂര്‍ എന്നിവ ടയര്‍ 2 വിഭാഗം സിറ്റികളില്‍ ഉള്‍പ്പെടുന്നവയാണ്. എന്നാല്‍ ബെംഗളുരു, ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പുനെ എന്നീ നഗരങ്ങള്‍ ടയര്‍ 1 പദവി വഹിക്കുന്നവയാണ്. പേടിഎം, ടിക് ടോക് പോലുള്ള ആപ്പുകളുടെ ഏറ്റവും കൂടുതല്‍ യൂസര്‍മാര്‍ ടയര്‍ 2,3 നഗരങ്ങളില്‍നിന്നുള്ളവരാണ്. ടയര്‍ 2, 3 നഗരങ്ങളുടെ ഒരു പ്രത്യേക എന്തെന്നുവച്ചാല്‍ ഇവിടെ പ്രാദേശിക ഭാഷ സംസാരിക്കുന്നവരും, വായിക്കുന്നവരും, എഴുതുന്നവരുമായിരിക്കും കൂടുതലുണ്ടാവുക. എന്നാല്‍ ടയര്‍ 1 നഗരങ്ങളില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവര്‍ കൂടുതലുണ്ടാവും. ടയര്‍ 2, 3 നഗരങ്ങളില്‍ വളര്‍ച്ചയുണ്ടെന്നു മനസിലാക്കിയതോടെ പ്രമുഖ കമ്പനികളായ ആമസോണും, ഫഌപ്പ്കാര്‍ട്ടും ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും, സൊമാറ്റോയും, ഹോട്ടല്‍ ഗ്രൂപ്പായ ഓയോയുമൊക്കെ വിപണികളുടെ സാധ്യതകള്‍ കണക്കിലെടുത്ത് അവരുടെ സേവനങ്ങള്‍ പ്രാദേശിക ഭാഷകളുടെ പിന്തുണയോടെ അവതരിപ്പിച്ചു.

ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമോ ?

ടെലികോം സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചത് ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു ദോഷം ചെയ്യുമെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ നിരക്ക് വര്‍ധന ദോഷം ചെയ്യില്ലെന്നു കരുതുന്നവരും കുറവല്ല. ഓരോ ഫോണ്‍ കോളില്‍നിന്നോ അല്ലെങ്കില്‍ ജിഗാ ബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നതില്‍നിന്നോ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് ടെലികോം ഓപറേറ്റര്‍മാര്‍ ആവറേജ് റവന്യു പെര്‍ യൂസര്‍ (എആര്‍പിയു) വര്‍ധിപ്പിക്കുക എന്നതിനാണ് ലക്ഷ്യമിടുന്നത്. മൊത്തം വരുമാനത്തെ വരിക്കാരുടെ എണ്ണം ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ് എആര്‍പിയു അഥവാ ആവറേജ് റവന്യു പെര്‍ യൂസറെന്നു വിളിക്കുന്നത്. ഫോണ്‍ കോളിന്റെ നിരക്കോ, ഡാറ്റയുടെ നിരക്കോ വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. പക്ഷേ, ഇതിനായി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിലൂടെ ആളുകള്‍ പ്രതിമാസം ടെലികോം സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയും വര്‍ധിപ്പിക്കും. ഇതോടൊപ്പം ഇപ്പോള്‍ പ്രതിദിനം 1-1.5 ജിബി എന്നത് 2 ജിബി ആയി ഉയര്‍ത്താന്‍ ടെലികോം ഓപറേറ്റര്‍മാര്‍ ശ്രമിക്കണമെന്നും അഭിപ്രായമുണ്ട്. അങ്ങനെ വരുമ്പോള്‍ നെറ്റ്ഫഌക്‌സ് പോലുള്ള ഒടിടി സര്‍വീസുകളെയും, സോഷ്യല്‍ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളെയും ബാധിക്കില്ല. നിലവില്‍ ഇന്ത്യയില്‍ ഒരു ഉപയോക്താവ് പ്രതിമാസം ചെലവഴിക്കുന്ന രണ്ട് ഡോളറില്‍ താഴെയാണ്. ഇത് ഏകദേശം 142 രൂപയോളം വരും.

നേട്ടം ജിയോയ്ക്ക്

താരിഫ് വര്‍ധനയുടെ ഫലമായി ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കു യഥാക്രമം 2,400, 2100 കോടി രൂപയുടെ ത്രൈമാസ വരുമാനം ലഭിക്കുമെന്നു ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വറ്റിയിലെ അനലിസ്റ്റുകള്‍ കണക്കാക്കുന്നു. എന്നാല്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നത് റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡായിരിക്കുമെന്നാണ് പ്രവചിക്കുന്നത്. ജിയോയ്ക്കു ത്രൈമാസ വരുമാനം 3,900 കോടി രൂപയായിരിക്കുമെന്നു പ്രവചിക്കുന്നു. ജിയോയ്ക്ക് ഏറ്റവും കൂടുതല്‍ പ്രീ പെയ്ഡ് വരിക്കാരാണുള്ളത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയയ്ക്കാകട്ടെ, ഏറ്റവും കൂടുതലുള്ളത് പോസ്റ്റ് പെയ്ഡ് വരിക്കാരാണ്. പോസ്റ്റ് പെയ്ഡ് വിഭാഗത്തിലെ താരിഫ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളുടെ വരുമാനത്തിന്റെ 30 ശതമാനവുമെത്തുന്നത് പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍നിന്നാണ്. ഈയൊരു കാരണം ഒന്നു കൊണ്ടു തന്നെ നിരക്ക് വര്‍ധനയുടെ ഏറ്റവും വലിയ നേട്ടം കൊയ്യുന്നത് ജിയോ ആണ്.

Comments

comments

Categories: Top Stories