വിദേശ കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും ഉപയോഗിക്കരുതെന്ന് ചൈന

വിദേശ കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും ഉപയോഗിക്കരുതെന്ന് ചൈന

ബീജിംഗ്: വിദേശ നിര്‍മിത കമ്പ്യൂട്ടര്‍ ഉപകരണങ്ങളും സോഫ്റ്റ്‌വെയറും നീക്കം ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ എല്ലാ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ചൈനീസ് സര്‍ക്കാരിന്റെ ഈ നിര്‍ദേശം എച്ച്പി, ഡെല്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ യുഎസ് ബഹുരാഷ്ട്ര കമ്പനികള്‍ക്കു വലിയ തിരിച്ചടിയാകുമെന്നു കരുതുന്നുണ്ട്. ചൈനയില്‍നിന്നു മാത്രമായി യുഎസ് ടെക്‌നോളജി കമ്പനികള്‍ പ്രതിവര്‍ഷം 150 ബില്യന്‍ ഡോളറിന്റെ വരുമാനം ചൈനയില്‍നിന്നും മാത്രമായി നേടുന്നുണ്ട്.

സാങ്കേതികവിദ്യകളില്‍ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര വ്യവസായത്തെ പരിപോഷിപ്പിക്കാനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ കീഴിലുള്ള സര്‍ക്കാര്‍ വിദേശത്തുനിന്നുള്ള പ്രത്യേകിച്ചും യുഎസില്‍നിന്നും സാങ്കേതികവിദ്യകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. 2020 ഓടെ ബാങ്കുകള്‍, സൈനിക, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ എന്നിവടങ്ങളില്‍ ഉപയോഗിക്കുന്ന വിദേശ ടെക്‌നോളജിയെ ഒഴിവാക്കാനാണു നേരത്തേ ലക്ഷ്യമിട്ടിരുന്നത്. സമീപകാലത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക ചൈനയ്ക്കും അവരുടെ പ്രമുഖ കമ്പനികള്‍ക്കുമെതിരേ കാര്‍ക്കശ്യം നിറഞ്ഞ നിലപാടെടുത്തതോടെ, മേല്‍ സൂചിപ്പിച്ച നയത്തിനു ചൈന കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ്. ട്രംപിന്റെ ഭരണകൂടം യുഎസ് കമ്പനികളെ ഈ വര്‍ഷം വാവേയ് ടെക്‌നോളജീസ് കമ്പനിയുമായി ബിസിനസിലേര്‍പ്പെടുന്നതിന് യുഎസ് കമ്പനികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വിദേശ കമ്പ്യൂട്ടറുകളെയും സോഫ്റ്റ്‌വെയറുകളെയും മാറ്റി സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കം അതിമോഹമാണെന്നാണു നിരീക്ഷകര്‍ പറയുന്നത്. കാരണം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ആപ്പിളിന്റെ മാക് ഒഎസ് തുടങ്ങിയ യുഎസ് നിര്‍മിത ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നവരാണു ഭൂരിഭാഗം പേരും. ഇതിനു ബദല്‍ വികസിപ്പിക്കുകയെന്നതു ചൈനയ്ക്കു വെല്ലുവിളിയായിരിക്കും.

Comments

comments

Categories: World
Tags: China