ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയില്‍ മുന്‍കൈ നേടാനൊരുങ്ങി കേരളം

ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയില്‍ മുന്‍കൈ നേടാനൊരുങ്ങി കേരളം

ബ്ലോക് ചെയ്ന്‍ വിദഗ്ധരുടെ സംഗമവും ഹാക്കത്തോണും ബോള്‍ഗാട്ടിയില്‍ ആരംഭിച്ചു

കൊച്ചി: ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയില്‍ കേരളത്തിന് മുന്‍കൈ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടികളുടെ ഭാഗമായി മേഖലയിലെ വിദഗ്ധരുടെ സംഗമമായ ബ്ലോക്ഹാഷിന് കൊച്ചിയില്‍ തുടക്കമായി. ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ബ്ലോക് ചെയ്ന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ ബ്ലോക്ഹാഷ് ലൈവ് 2019 ഡിസംബര്‍ 12, 13 തിയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടില്‍ നടത്തുന്നത്. ലോക പ്രശസ്തരായ ബ്ലോക് ചെയ്ന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നത പഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്.

ഇതിനു മുന്നോടിയായാണ് 10, 11 തിയതികളിലായി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ ബ്ലോക്ക് ഹാക്ക് മത്സരം നടക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, അലയാന്‍സ് ടെക്നോളജി, ക്വിക്ക് കേരള എന്നിവയുടെ സഹകരണത്തോടെ കേരള ബ്ലോക്ചെയിന്‍ അക്കാദമി തുടര്‍ച്ചയായ ഈ 24 മണിക്കൂര്‍ പരിപാടി നടത്തുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യ എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് മത്സരത്തിന്റെ പ്രമേയം. പ്രീമിയം ശേഖരിക്കല്‍ എങ്ങനെ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ സുഗമമാക്കാം എന്നാണ് ബ്ലോക്ഹാക്ക് പരിശോധിക്കുക.

ഹൈപ്പര്‍ ലെഡ്ജര്‍ ഇക്കോസിസ്റ്റം ഡയറക്ടര്‍ മാര്‍ത്താ പിയര്‍കാര്‍സ്‌കാ-ഗിയാറ്റര്‍, ലിനക്സ് ഫൗണ്ടേഷന്‍ ഹൈപ്പര്‍ ലെഡ്ജര്‍ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സെന്റര്‍ ഫോര്‍ ബ്ലോക് ചെയ്ന്‍ ടെക്നോളജിയിലെ ഗ്ലോബല്‍ സോഷ്യല്‍ ഇംപാക്ട് തോട്ട് ലീഡര്‍ ഡോ.ജെയിന്‍ തോംസണ്‍, അലയന്‍സ് ടെക്നോളജി ഇന്ത്യ സിഇഒ ആശിഷ് പട്ടേല്‍, അലയന്‍സ് ടെക്നോളജി ചീഫ് ആര്‍ക്കിടെക്ടും ബ്ലോക് ചെയ്ന്‍ ആഗോള മേധാവിയുമായ ബോബ് ക്രോസിയര്‍, ഇന്റല്‍ ഏഷ്യ പ്ലാറ്റ്ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷന്‍ ഡയറക്ടര്‍ നീല്‍ ഭാട്ടിയ, അലയന്‍സ് ടെക്നോളജി ഇന്ത്യ ഗ്ലോബല്‍ ബ്ലോക് ചെയ്ന്‍ സെന്റര്‍ ഓഫ് കോംപീറ്റന്‍സിയിലെ ചീഫ് ടെക്നിക്കല്‍ ആര്‍ക്കിടെക്ട് സുനില്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി വിദഗ്ധര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 100 പേര്‍ക്കാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കുക. രജിസ്ട്രേഷന് http://blockhash.live എന്ന വെബ്സൈറ്റിലാണ്.

Comments

comments

Categories: FK News