ചക്ര നിര്‍മാണത്തിലും റെക്കോഡിട്ട് റെയ്ല്‍വേ

ചക്ര നിര്‍മാണത്തിലും റെക്കോഡിട്ട് റെയ്ല്‍വേ

കഴിഞ്ഞ വര്‍ഷത്തെ ആകെ ഉല്‍പ്പാദനം 9 മാസം കൊണ്ട് റെയ്ല്‍ വീല്‍ ഫാക്റ്ററി മറികടന്നു

തൊഴില്‍ സംസ്‌കാരത്തിലടക്കം ഇന്ത്യന്‍ റെയ്ല്‍വേയുടെ എല്ലാ പ്രവര്‍ത്തന മേഖലകളിലും സ്പഷ്ടമായ പരിവര്‍ത്തനം ഇന്ന് പ്രകടമാണ്

-പിയുഷ് ഗോയല്‍, റെയ്ല്‍വേ മന്ത്രി

ന്യൂഡെല്‍ഹി: കോച്ച് നിര്‍മാണത്തില്‍ ചരിത്രം കുറിച്ച ശേഷം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യന്‍ റെയ്ല്‍വേ. ഇത്തവണ ചക്ര നിര്‍മാണത്തിലാണ് കുതിപ്പ്. 2019-20 സാമ്പത്തിക വര്‍ഷത്തെ 40,000 ാമത്തെ വീല്‍ സെറ്റ് നിര്‍മാണം ബെംഗളൂരുവിലെ റെയ്ല്‍ വീല്‍ ഫാക്റ്ററി (ആര്‍ഡബ്ല്യുഎഫ്) പൂര്‍ത്തീകരിച്ചതായി റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വീല്‍സെറ്റ് നിര്‍മാണം നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒന്‍പത് മാസങ്ങള്‍ കൊണ്ടുതന്നെ മറികടക്കാനായി. ഇരു ചക്രങ്ങളും യോജിപ്പിച്ച് ട്രെയ്‌നില്‍ കൂട്ടിച്ചേര്‍ക്കാന്‍ സജ്ജമാക്കിയ ഘടകമാണ് വീല്‍സെറ്റ്.

ഇന്ത്യന്‍ റെയ്ല്‍വേക്കാവശ്യമായ ചക്രങ്ങള്‍, വീല്‍ സെറ്റുകള്‍, ആക്‌സിലുകള്‍ എന്നിവയുടെ ഭൂരിഭാഗവും ഉത്തരവാദിത്വത്തോടെ നിര്‍മിച്ചു നല്‍കുന്ന ബംഗളൂരുവിലെ റെയ്ല്‍ വീല്‍ ഫാക്റ്ററിയാണ് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്. റെയ്ല്‍വേയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിന് പുറമെ, രാജ്യത്തെ ഇതര വ്യാവസായിക മേഖലകള്‍ക്കും വിദേശ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്കും ഉപകരണങ്ങള്‍ നിര്‍മിച്ചുകൊടുത്ത് ഫാക്റ്ററി ലാഭമുണ്ടാക്കുന്നുണ്ട്. കോച്ച് നിര്‍മാണത്തിലെ റെക്കോഡ് നേട്ടത്തിന്റെ പിന്നാലെ വീല്‍ നിര്‍മാണത്തിനും കൈവരിച്ച മുന്നേറ്റം പ്രവര്‍ത്തന നഷ്ടം ഭീകരമാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ അടുത്തിടെ വിമര്‍ശനം കേട്ട റെയ്ല്‍വേയ്ക്ക് ഏറെ ആവേശകരമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസത്തില്‍ തന്നെ 554 ആധുനിക ലിങ്ക് ഹോഫമാന്‍ ബുഷ് കോച്ചുകള്‍ നിര്‍മിച്ച് റായ്ബറേലിയിലെ കോച്ച് ഫാക്റ്ററി റെക്കോഡിട്ടിരുന്നു. അടുത്തിടെ നടന്ന ‘പരിവര്‍ത്തന്‍ സംഗോസ്ഥി’ പരിപാടിയില്‍ പങ്കെടുത്ത റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍, രാജ്യത്തെ 5,500 റെയ്ല്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സ്ഥാപിച്ചതിന് ഇന്ത്യന്‍ റെയ്ല്‍വേയുടെ മുഴുവന്‍ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചിരുന്നു.

Categories: FK News, Slider