രാജ്യത്തെ മുന്‍നിര ആയുധ കമ്പനികളിലെ വില്‍പ്പനയില്‍ 6.9 % ഇടിവ്

രാജ്യത്തെ മുന്‍നിര ആയുധ കമ്പനികളിലെ വില്‍പ്പനയില്‍ 6.9 % ഇടിവ്
  •  എച്ച്എഎല്‍, ഓര്‍ഡന്‍സ് ഫാക്ടറി, ബിഇഎല്‍ എന്നിവിടങ്ങളിളെ വില്‍പ്പനയിലാണ് കുറഞ്ഞത്
  •  ഓര്‍ഡന്‍സ് ഫാക്ടറി ആയുധ വില്‍പ്പനയില്‍ 27 ശതമാനം ഇടിവ്

സ്‌റ്റോക്‌ഹോം: രാജ്യത്ത് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം വില്‍പ്പന 6.9 ശതമാനം കുറഞ്ഞ് 2018ല്‍ 5.9 ബില്യണ്‍ ഡോളറായതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ആയുധ വില്‍പ്പന പൊതുവെ ഉയരുന്ന സാഹചര്യത്തിലാണ് ലോകത്തെ നൂറ് പ്രമുഖ ആയുധ വിതരണക്കാരില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ വില്‍പ്പന കുറഞ്ഞിരിക്കുന്നതെന്ന് ഒരു സ്വീഡിഷ് ഗവേഷക സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗോളതലത്തില്‍ ഏറ്റവും വലിയ നൂറ് കമ്പനികളിലെ (ചൈന ഒഴികെ) ആയുധ, സൈനിക സേവനങ്ങളുടെ വില്‍പ്പന മൊത്തം 420 ബില്യണ്‍ ഡോളറാണ് 2018ല്‍ രേഖപ്പെടുത്തിയത്. ഇത് മുന്‍ വര്‍ഷത്തേക്കാളും 4.6 ശതമാനം കൂടുതലാണെന്നും സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിഐര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല 2002ല്‍ രേഖപ്പെടുത്തിയ ആയുധ വില്‍പ്പനയേക്കാളും 47 ശതമാനത്തോളം വര്‍ധനവും കാണിക്കുന്നുണ്ട്. വിശ്വസനീയമായ കണക്കു വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ചൈനീസ് കമ്പനികളെ പട്ടികയിലെ കണക്കുകളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നൂറ് പ്രമുഖ ആയുധ നിര്‍മാതാക്കളില്‍ 80 കമ്പനികളും യുഎസ്എ, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 20 കമ്പനികളില്‍ ആറെണ്ണം ജപ്പാനിലും മൂന്ന് കമ്പനികള്‍ വീതം ഇസ്രയേല്‍, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും തുര്‍ക്കിയില്‍ രണ്ടെണ്ണവും ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ കമ്പനി വീതവുമാണുള്ളത്.

ഇന്ത്യയിലെ പൊതുമേഖലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളിലെയും മൊത്തം വില്‍പ്പന 2017 ലെ വില്‍പ്പനയേക്കാളും 6.9 കുറവാണ് 2018ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓര്‍ഡന്‍സ് ഫാക്ടറിയിലെ ആയുധ വില്‍പ്പനയില്‍ 27 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. എസ്‌ഐപിആര്‍ഐയുടെ ആഗോളതലത്തിലെ നൂറ് പ്രമുഖ ആയുധ കമ്പനികളില്‍ ഉള്‍പ്പെട്ടവ, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (38ാം റാങ്ക്), ഇന്ത്യന്‍ ഓര്‍ഡന്‍സ് ഫാക്ടറി (56ാം റാങ്ക്), ഭാരത് ഇലക്ട്രോണിക്‌സ് (62ാം റാങ്ക്) എന്നിവയാണ്.

Comments

comments

Categories: Business & Economy
Tags: Arm sales