9 മാസങ്ങള്‍ക്കുശേഷം ഉല്‍പ്പാദനമുയര്‍ത്തി മാരുതി

9 മാസങ്ങള്‍ക്കുശേഷം ഉല്‍പ്പാദനമുയര്‍ത്തി മാരുതി

കഴിഞ്ഞമാസത്തില്‍ വാഹന നിര്‍മാണം 4.33% ഉയര്‍ന്ന് 1,41,834 യൂണിറ്റുകളായി

ന്യൂഡെല്‍ഹി: വാഹന ഉല്‍പ്പാദനത്തില്‍ ഒന്‍പതു മാസമായി തുടര്‍ന്നുപോന്ന തളര്‍ച്ചയില്‍ നിന്ന് കരകയറി മാരുതി സുസുക്കി. 2018 നവംബറിനെ അപേക്ഷിച്ച് 4.33% അധിക ഉല്‍പ്പാദനമാണ് കഴിഞ്ഞമാസം കമ്പനി നടത്തിയത്. വാഹനങ്ങളുടെ ആവശ്യകതയിലുണ്ടായ വര്‍ധനവാണ് ഉല്‍പ്പാദനം ഉയര്‍ത്താന്‍ കമ്പനിക്ക് സഹായകരമായത്. ആവശ്യകത ഗണ്യമായി കുറഞ്ഞതോടെയാണ് ഫെബ്രുവരി മാസം മുതല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരുന്നത്.

2019 നവംബറില്‍ 1,41,834 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി നിര്‍മിച്ചത്. 2018 നവംബറില്‍ 1,35,946 യൂണിറ്റുകളായിരുന്നു ഉല്‍പ്പാദനം. യാത്രാ വാഹനങ്ങളുടെ ഇനത്തില്‍ 3.67% വളര്‍ച്ചയാണുണ്ടായത്. 1,34,149 ല്‍ നിന്ന് 1,39,084 യൂണിറ്റുകളിലേക്ക് നിര്‍മാണം ഉയര്‍ന്നു. യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രേസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയ്ക്ക് 18% വര്‍ധനയുണ്ടായി. 23,038 ല്‍ നിന്ന് 27,187 ലേക്ക് ഉല്‍പ്പാദനം വര്‍ധിച്ചു. ഇടത്തരം സെഡാനായ സിയാസ് (1,460 ല്‍ നിന്ന് 1,830 ലേക്ക്), ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരി (1,797 ല്‍ നിന്ന് 2,750) എന്നിവയുടെയും ഉല്‍പ്പാദനം കഴിഞ്ഞ നവംബറിനെയപേക്ഷിച്ച് ഉയര്‍ന്നു.

അതേസമയം ചെറിയ, കോംപാക്റ്റ് വിഭാഗം കാറുകളായ ഓള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇടിവ് തുടര്‍ന്നു. 2018 നവംബറിലെ 30,129 യൂണിറ്റുകളില്‍ നിന്ന് 20.16% ഇടിഞ്ഞ് ഉല്‍പ്പാദനം 24,052 യൂണിറ്റുകളിലെത്തി. 2019 സെപ്റ്റംബറില്‍ മാരുതി സുസുക്കി ഇന്ത്യയ്ക്ക് ആകെ ഉല്‍പ്പാദനത്തിന്റെ 17.48 ശതമാനമാണ് കുറയ്‌ക്കേണ്ടിവന്നത്. ഒക്‌റ്റോബറിലും 20.7 ശതമാനം കുറച്ചതോടെ ഉല്‍പ്പാദനം 1,19,337 യൂണിറ്റുകളിലേക്കെത്തിയിരുന്നു.

കരകയറുന്നു

മാസം 2019 2018 വളര്‍ച്ച/തളര്‍ച്ച

സെപ്റ്റംബര്‍ 1,32,199 1,60,219 -17.48%

ഒക്‌റ്റോബര്‍ 1,19,337 1,50,497 -20.7%

നവംബര്‍ 1,41,834 1,35,946 +4.33%

Categories: FK News, Slider
Tags: Maruti