കെടിഎം 790 അഡ്വഞ്ചര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു

കെടിഎം 790 അഡ്വഞ്ചര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു

2020 പകുതിക്കുശേഷം വിപണിയില്‍ അവതരിപ്പിക്കും. 10-11 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം

വാഗത്തോര്‍, ഗോവ: കെടിഎം 790 അഡ്വഞ്ചര്‍ ഇന്ത്യയില്‍ അരങ്ങേറി. വാഗത്തോറില്‍ നടന്ന ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അനാവരണം ചെയ്തു. ജനങ്ങളുടെ പ്രതികരണമറിയുന്നതിന് വേണ്ടിയാണ് കെടിഎം 790 അഡ്വഞ്ചര്‍ ഇന്ത്യ ബൈക്ക് വീക്കില്‍ പ്രദര്‍ശിപ്പിച്ചത്. 2020 പകുതിക്കുശേഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കെടിഎം 790 ഡ്യൂക്ക് അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് 790 അഡ്വഞ്ചര്‍. 790 ഡ്യൂക്കിനുശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ കെടിഎം മോട്ടോര്‍സൈക്കിളായിരിക്കും 790 അഡ്വഞ്ചര്‍. ഇന്ത്യയിലെ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിനെ കെടിഎം 790 അഡ്വഞ്ചര്‍ ഇളക്കിമറിക്കും. 10-11 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്ന അതേ 799 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ 790 അഡ്വഞ്ചറില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ ട്യൂണിംഗ് അല്‍പ്പം വ്യത്യസ്തമാണ്. 8,250 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്തും 6,600 ആര്‍പിഎമ്മില്‍ 88 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 790 ഡ്യൂക്കിനേക്കാള്‍ 1,500 ആര്‍പിഎം താഴെ. എന്‍ജിന്‍ പുറപ്പെടുവിക്കുന്ന പരമാവധി കരുത്തും കുറഞ്ഞു. കോര്‍ണറിംഗ് എബിഎസ്, ലീന്‍ ആംഗിള്‍ സിസ്റ്റം സഹിതം മോട്ടോര്‍സൈക്കിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ (എംടിസി) എന്നിവ നല്‍കിയിരിക്കുന്നു. സ്ട്രീറ്റ്, ഓഫ് റോഡ്, റെയിന്‍, റാലി എന്നിവയാണ് നാല് റൈഡിംഗ് മോഡുകള്‍.

മുന്നില്‍ 21 ഇഞ്ച് ചക്രവും പിന്നില്‍ 18 ഇഞ്ച് ചക്രവും നല്‍കിയിരിക്കുന്നു. രണ്ടും സ്‌പോക്ക് വീലുകളാണ്. 200 എംഎം ട്രാവല്‍ ചെയ്യുന്ന, ക്രമീകരിക്കാന്‍ കഴിയാത്ത 43 എംഎം ഡബ്ല്യുപി യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും 200 എംഎം ട്രാവല്‍ ചെയ്യുന്ന, പ്രീ-ലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന ഡബ്ല്യുപിയുടെ മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വഹിക്കും. 189 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്.

Comments

comments

Categories: Auto