കെടിഎം 390 അഡ്വഞ്ചര്‍ അനാവരണം ചെയ്തു

കെടിഎം 390 അഡ്വഞ്ചര്‍ അനാവരണം ചെയ്തു

ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 3-3.25 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം

വാഗത്തോര്‍, ഗോവ: ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ കെടിഎം 390 അഡ്വഞ്ചര്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതും വില പ്രഖ്യാപിക്കുന്നതും പിന്നീടായിരിക്കും. കെടിഎം 390 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന്റെ ടൂറിംഗ്, അഡ്വഞ്ചര്‍ റെഡി വകഭേദമാണ് 390 അഡ്വഞ്ചര്‍. കെടിഎമ്മിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 3-3.25 ലക്ഷം രൂപ ഡെല്‍ഹി എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

കെടിഎം 390 ഡ്യൂക്കില്‍ നല്‍കിയിരിക്കുന്ന അതേ 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 390 അഡ്വഞ്ചര്‍ ഉപയോഗിക്കുന്നത്. എന്‍ജിന്‍ ഔട്ട്പുട്ടില്‍ മാറ്റമില്ല. 9,000 ആര്‍പിഎമ്മില്‍ 43 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 37 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ എന്‍ജിന്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതാണ്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സ്ലിപ്പര്‍ ക്ലച്ച് നല്‍കി.

സാഹസികനാണ് എന്നതിനാല്‍, 390 ഡ്യൂക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സസ്‌പെന്‍ഷന്‍ കൂടുതല്‍ ട്രാവല്‍ ചെയ്യും. ക്രമീകരിക്കാന്‍ കഴിയാത്തതും 170 എംഎം ട്രാവല്‍ ചെയ്യുന്നതുമായ ഡബ്ല്യുപിയുടെ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും 177 എംഎം ട്രാവല്‍ ചെയ്യുന്ന ഡബ്ല്യുപിയുടെ മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ 320 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ 230 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ബൈബ്രെ കാലിപറുകളാണ് ഉപയോഗിക്കുന്നത്. സ്വിച്ച് ചെയ്യാന്‍ കഴിയുന്ന ബോഷ് എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ സവിശേഷതയാണ്. സ്വിച്ച് ചെയ്യാന്‍ കഴിയുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, അപ്-ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് അലോയ് വീലുകളിലാണ് കെടിഎം 390 അഡ്വഞ്ചര്‍ വരുന്നത്. 855 മില്ലി മീറ്ററാണ് സീറ്റ് ഉയരം. 200 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ശ്രദ്ധേയമാണ്. 14.5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 162 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്. കെടിഎം 390 ഡ്യൂക്കിനേക്കാള്‍ 13 കിലോഗ്രാം കൂടുതല്‍.

Comments

comments

Categories: Auto