ഹസ്‌ക്‌വര്‍ണ ഇന്ത്യയില്‍ അരങ്ങേറി

ഹസ്‌ക്‌വര്‍ണ ഇന്ത്യയില്‍ അരങ്ങേറി

ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ പുതിയ 250 സിസി ബൈക്കുകള്‍ അനാവരണം ചെയ്തു

വാഗത്തോര്‍, ഗോവ: സ്വീഡിഷ് ബൈക്ക് ബ്രാന്‍ഡായ ഹസ്‌ക്‌വര്‍ണ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ രണ്ട് പുതിയ 250 സിസി ബൈക്കുകള്‍ അനാവരണം ചെയ്തു. ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വര്‍ണ മോട്ടോര്‍സൈക്കിള്‍സിന്റെ ഉടമ. കെടിഎമ്മിന്റെ 49 ശതമാനം ഓഹരി കയ്യാളുന്നത് ഇന്ത്യയുടെ ബജാജ് ഓട്ടോയാണ്.

കെടിഎം 390 ഡ്യൂക്ക് അടിസ്ഥാനമാക്കി സ്വാര്‍ട്ട്പിലന്‍ 401, വിറ്റ്പിലന്‍ 401 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിക്ക് പ്രത്യേകമായി വികസിപ്പിച്ച 250 മോഡലുകള്‍ അവതരിപ്പിക്കാനാണ് ബജാജ് ഓട്ടോ അന്തിമമായി തീരുമാനിച്ചത്. കെടിഎം 250 ഡ്യൂക്ക് അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 ഇരട്ടകള്‍. 2020 ഫെബ്രുവരി 14 ന് രണ്ട് ബൈക്കുകളും വിപണിയില്‍ അവതരിപ്പിക്കും. രണ്ടേകാല്‍ ലക്ഷത്തിനും രണ്ടര ലക്ഷത്തിനുമിടയില്‍ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. നിലവിലെ കെടിഎം ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും.

അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന 401 മോഡലുകളുടെ രൂപകല്‍പ്പനയാണ് സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത്. യഥാക്രമം കറുത്ത ശരം, വെളുത്ത ശരം എന്നിങ്ങനെയാണ് സ്വീഡിഷ് ഭാഷയില്‍ ബൈക്കുകളുടെ പേരിന്റെ അര്‍ത്ഥം. നിയോ-റെട്രോ ഡിസൈനിലാണ് ഇരു ബൈക്കുകളും വരുന്നത്. എന്നാല്‍ കൂടുതല്‍ നിവര്‍ന്ന നില്‍പ്പ്, അല്‍പ്പം അര്‍ബന്‍ സ്‌ക്രാംബ്ലര്‍ ഡിസൈന്‍ ഭാഷ, ഡുവല്‍ സ്‌പോര്‍ട്ട് ടയറുകള്‍, സംപ് ഗാര്‍ഡ് എന്നിവ സ്വാര്‍ട്ട്പിലന്‍ 250 മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്. കൂടുതല്‍ കഫേ റേസര്‍ ഡിസൈനിലാണ് വിറ്റ്പിലന്‍ 250 വിപണിയിലെത്തുന്നത്. അഗസീവ്, സ്‌പോര്‍ട്ടി കഫേ റേസര്‍ സ്റ്റാന്‍സ് ലഭിക്കുന്നതിന് ഹാന്‍ഡില്‍ബാര്‍ താഴ്ത്തിയിരിക്കുന്നു.

കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന അതേ 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 30 ബിഎച്ച്പി പരമാവധി കരുത്തും 7,500 ആര്‍പിഎമ്മില്‍ 24 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ട്യൂബുലര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് രണ്ട് ബൈക്കുകളും നിര്‍മിച്ചിരിക്കുന്നത്. കെടിഎം 250 ഡ്യൂക്ക് പോലെ മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ ബൈബ്രെ 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 300 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 230 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. 401 മോഡലുകള്‍ക്ക് വിരുദ്ധമായി 250 മോഡലുകള്‍ അലോയ് വീലുകള്‍ ഉപയോഗിക്കുന്നു. 401 ബൈക്കുകളില്‍ നല്‍കിയിരിക്കുന്നത് വയര്‍ സ്‌പോക്ക് വീലുകളാണ്. 153 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്.

Comments

comments

Categories: Auto
Tags: Husqvarna