പ്രതിഭകളായ വിദേശീയര്‍ക്ക് പൗരത്വം അനുവദിക്കാന്‍ സൗദി തീരുമാനം

പ്രതിഭകളായ വിദേശീയര്‍ക്ക് പൗരത്വം അനുവദിക്കാന്‍ സൗദി തീരുമാനം

സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ് തീരുമാനം

റിയാദ്: ആരോഗ്യം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ മികച്ച കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന വിദേശ പൗരന്മാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ സൗദി ഭരണാധികാരിയുടെ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് വിദേശ പ്രതിഭകള്‍ക്ക് പൗരത്വം അനുവദിക്കാനുള്ള ഭരണകൂട തീരുമാനം.

ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞര്‍, ബുദ്ധിശാലികള്‍, ഇന്നവേറ്റേഴ്‌സ് അടക്കമുള്ള പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് അറബ് ലോകത്തിന് അഭിമാനിക്കാന്‍തക്കവണ്ണം വൈവിധ്യാത്മകതയുടെ കേന്ദ്രമാകുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ സൗദി പ്രോജക്ട് ട്വിറ്ററിലൂടെ അറിയിച്ചു.

ഫോറെന്‍സിക്, മെഡിക്കല്‍ സയന്‍സ്, ടെക്‌നോളജി, കാര്‍ഷികം, ആണവ-പുനരുപയോഗ ഊര്‍ജം, എണ്ണ-പ്രകൃതിവാതകം, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എന്നീ മേഖലകളില്‍ നിന്നുള്ള പ്രതിഭാശാലികളെയാണ് പൗരത്വത്തിനായി സൗദി പരിഗണിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുംവിധം സൗദിയുടെ കാര്യക്ഷമതയും അറിവും മെച്ചപ്പെടുത്തിനായി സംഭാവനകള്‍ നല്‍കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കല, കായികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ ഉള്ളവരെയും പരിഗണിക്കും.

സൗദിയില്‍ ഇപ്പോഴുള്ള പൗരത്വ നിയമപ്രകാരം രാജ്യത്ത് കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്കെങ്കിലും സ്ഥിരതാമസ വിസ ഉള്ള വിദേശ പൗരന്മാര്‍ക്ക് മാത്രമേ പൗരത്വം നേടാന്‍ യോഗ്യതയുള്ളു. എന്നാല്‍ സൗദി സ്‌പോണ്‍സര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന മൂലം നിരവധി വിദേശികള്‍ക്ക് സൗദിയില്‍ സ്ഥിരതാമസത്തിന് അനുവാദം ലഭിക്കാറില്ല.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിച്ച് എണ്ണയിലുള്ള ആശ്രതിത്വം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതിയിട്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക, പരിഷ്‌കാര പദ്ധതികളുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനവും. കഴിഞ്ഞ മാസം നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ധനകാര്യ വിദഗ്ധര്‍ എന്നിവരടക്കം രാജ്യത്ത് താമസമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യബാച്ചിന് സൗദി പ്രീമിയം റെസിഡന്‍സി വിസ അനുവദിച്ചിരുന്നു. വിദേശ പൗരന്മാര്‍ക്കും അവരുടെ കുടുംബത്തിനും ദീര്‍ഘകാല വിസയും നേരത്തെ സൗദിക്കാരല്ലാത്തവര്‍ക്ക് ഇല്ലാതിരുന്ന ആനുകൂല്യങ്ങളും അനുവദിക്കുന്നതായിരുന്നു പ്രീമിയം റെസിഡന്‍സി വിസ പദ്ധതി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് രാജ്യത്ത് സന്ദര്‍ശനാനുമതി നല്‍കുന്ന ടൂറിസ്റ്റ് വിസ പദ്ധതിയുടെ പ്രഖ്യാപനവും സെപ്റ്റംബറില്‍ സൗദി നടത്തിയിരുന്നു.

Comments

comments

Categories: Arabia