പേള്‍ ഹാര്‍ബര്‍ വെടിവെയ്പ്; വ്യോമസേനാ മേധാവി സുരക്ഷിതന്‍

പേള്‍ ഹാര്‍ബര്‍ വെടിവെയ്പ്; വ്യോമസേനാ മേധാവി സുരക്ഷിതന്‍

ന്യൂഡെല്‍ഹി: ഹവായിയിലെ പേള്‍ ഹാര്‍ബര്‍ നേവല്‍ ഷിപ്പ് യാര്‍ഡില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുഎസ് നാവികനാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ് നടത്തിയശേഷം അക്രമിയും ജീവനൊടുക്കി. കൊല്ലപ്പെട്ട മൂന്നുപേരും സിവിലിയന്‍ പ്രതിരോധ വകുപ്പിലെ ജീവനക്കാരാണെന്നും രക്ഷപ്പെട്ടയാള്‍ അപകടനില തരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കപ്പല്‍ശാലയുടെ ഡ്രൈ ഡോക്ക് 2 ന് സമീപമായിരുന്നു സംഭവം. ആക്രമണസമയത്ത് പേള്‍ ഹാര്‍ബറില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയയും സംഘവും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. പസഫിക് എയര്‍ ചീഫ് സിമ്പോസിയത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ സംഘം.

അമേരിക്കയുടെ വ്യോമ,നാവിക സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍-ഹിക്കം. ഇതിനോട് ചേര്‍ന്ന് കപ്പല്‍ നിര്‍മാണ ശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ് സൈന്യത്തിനുവേണ്ട കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെയാണ് നിര്‍മിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചതിന്റെ 78ാംവാര്‍ഷികത്തിന് മൂന്നുദിവസം മുന്‍പാണ് ആക്രമണം നടന്നത്. 1941ല്‍ ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമമത്തില്‍ 2400ല്‍ പരം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുറമുഖത്തുനിന്നും പുറപ്പെടാനൊരുങ്ങിയ പടക്കപ്പലുകളും തകര്‍ക്കപ്പെട്ടു. ഇക്കാരണത്താലാണ് യുഎസ് ലോകമഹായുദ്ധത്തില്‍ പങ്കാളിയായത്.

പസഫിക് എയര്‍ ചീഫ് സിമ്പോസിയത്തിന്റെ ഈ വര്‍ഷത്തെ തീം -പ്രാദേശിക സുരക്ഷയ്ക്കുള്ള സഹകരണ സമീപനം എന്നതാണ്. പേള്‍ ഹാര്‍ബറില്‍ യുഎസ് നേവിയും വ്യോമസേനയും സംയുക്തമായി ഇതിന് ആതിഥേയത്വം വഹിക്കുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ വ്യോമസേനകള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഭാവിയില്‍ മെച്ചപ്പെട്ട ആശയവിനിമയത്തിന് വഴിയൊരുക്കുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു. ആതിഥേയ രാജ്യമായ യുഎസ്എയ്ക്ക് പുറമേ 20 രാജ്യങ്ങളില്‍ നിന്നുള്ള വ്യേമസേനാ മേധാവികളും സിമ്പോസിയത്തില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: FK News