കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ കെഎസ്ഡിപി

കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ കെഎസ്ഡിപി

2021ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാകും

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കലില്‍(കെഎസ്ഡിപി) പുതിയ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍(എല്‍വിപി), സ്‌മോള്‍ വോളിയം പാരന്‍ഡ്രല്‍(എസ്‌വിപി), ഒപ്താല്‍മിക് എന്നീ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. 2021ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാകും. 500 മല്ലി ലിറ്റര്‍ വരുന്ന വലിയ കുപ്പികളിലെ നിര്‍മാണത്തിനാണ് എല്‍വിപി പ്ലാന്റ്. ഡ്രിപ് മരുന്നുകള്‍, ഗ്ലൂക്കോസ്, ഇഞ്ചക്ഷന്‍ മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിനാണിത്. ഇഞ്ചക്ഷന് ആവശ്യമായ ചെറിയ മരുന്നുകളാണ് എസ്‌വിപി പ്ലാന്റില്‍ നിര്‍മിക്കുക. ഒപ്താല്‍മിക് പ്ലാന്റില്‍ കണ്ണില്‍ ഒഴിക്കുന്ന തുള്ളി മരുന്നുകളും നിര്‍മിക്കും.

നിലവിലുള്ള ഫോര്‍മുലേഷന്‍ പ്ലാന്റ് നവീകരിച്ചാണ് പുതിയ കുത്തിവെപ്പ് മരുന്നുകള്‍ക്കായുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസപ്റ്റിക്ക് ബ്ലോ ഫില്‍ സീല്‍ യന്ത്രങ്ങള്‍ സ്വിറ്റ്സര്‍ലന്റ് കമ്പനിയാണ് എത്തിക്കുക. മണിക്കൂറില്‍ 2000 കുപ്പി, മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ശേഷിയുള്ളതാണ് പുതിയ യന്ത്രം. 2020 ഡിസംബറോടെ യന്ത്രങ്ങള്‍ കമ്പനിയിലെത്തും. കസ്റ്റംസ് തീരുവ ഉള്‍പ്പടെ 15 കോടി രൂപയാണ് യന്ത്രങ്ങളുടെ ചെലവ്.

ഐഎസ്ഒ ക്ലാസ്സ് 5 നിബന്ധനകള്‍ പാലിച്ച് പൂര്‍ണമായും അണുവിമുക്ത സാങ്കേതികവിദ്യയാണ് യന്ത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ ഉറപ്പാക്കുന്നതിനും അളവില്‍ കൃത്യത ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. ലീക്കുകള്‍ ഉണ്ടാകാത്ത വിധത്തിലുള്ള കുപ്പികള്‍ രൂപപ്പെടുത്തുന്നതിനുള്ള കഴിവും യന്ത്രങ്ങളുടെ പ്രത്യേകതയാണ്. വിദേശത്തേക്കുള്‍പ്പടെ മരുന്നു കയറ്റുമതിക്ക് ലക്ഷ്യം വെക്കുന്ന സ്ഥാപനത്തിന് പുതിയ പ്ലാന്റ് കൂടുതല്‍ കരുത്ത് പകരും. ഒപ്പം സ്ഥാപനത്തിന് വലിയ കുതിപ്പിലേക്കും ലാഭത്തിലേക്കും എത്തിക്കാനും പദ്ധതിക്കാവും.

Comments

comments

Categories: FK News
Tags: ksdp