ജിയോയുടെ താരിഫുകള്‍ എതിരാളികള്‍ക്ക് തിരിച്ചടിയായി

ജിയോയുടെ താരിഫുകള്‍ എതിരാളികള്‍ക്ക് തിരിച്ചടിയായി

റിലയന്‍സ് ജിയോയുടെ താരിഫ് വര്‍ധന പ്രഖ്യാപനത്തോടെ എയര്‍ടെലിനും വോഡ-ഐഡിയക്കും നഷ്ടമായത് 5,600 കോടി രൂപയുടെ മൂല്യം

ജിയോയുടെ അടിസ്ഥാന പ്ലാനിന്റെ താരിഫ് മറ്റ കമ്പനികളുടെ സമാന പ്ലാനിനേക്കാള്‍ 20% കുറവാണ്. ഉപഭോക്താക്കളെ വലവീശിപ്പിടിക്കാനുള്ള ആക്രമണോല്‍സുകത കമ്പനി തുടരുന്നെന്നാണ് ഇത് കാണിക്കുന്നത്

-എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്

മുംബൈ: താരിഫ് വര്‍ധനവിലൂടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന ടെലികോം കമ്പനികള്‍ വീണ്ടും അനിശ്ചിതത്വത്തിന്റെ പിടിയിലേക്ക്. ആദ്യത്തെ ആവേശത്തിന്റെ പിന്‍വലത്തില്‍ വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരികള്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. റിലയന്‍സ് ജിയോ പുതുക്കിയ താരിഫുകള്‍ പ്രഖ്യാപിച്ചതോടെയാണ് എതിരാളികള്‍ക്ക് വീണ്ടും പ്രഹരമേറ്റത്.

പ്രീപെയ്ഡ് താരിഫുകള്‍ 50 ശതമാനത്തോളം ഉയര്‍ത്തിയതിനെത്തുടര്‍ന്ന്, വാരാദ്യത്തില്‍ വോഡഫോണ്‍-ഐഡിയയുടെയും ഭാരതി എയര്‍ടെല്ലിന്റെയും വിപണി മൂല്യത്തില്‍ 12,300 കോടി രൂപയുടെ വളര്‍ച്ചയാണുണ്ടായിരുന്നത്. എന്നാല്‍ റിലയന്‍സ് ജിയോയും താരിഫ് വര്‍ധന പ്രഖ്യാപിച്ചതോടെ 5,600 കോടി രൂപയുടെ മൂല്യ നഷ്ടം കമ്പനികള്‍ക്കുണ്ടായി. നിരക്ക് വര്‍ധനക്ക് ശേഷം ജിയോയുടെ നിരക്കുകള്‍ എതിരാളികളേക്കാള്‍ താഴ്ന്നു നില്‍ക്കുന്നത് മുകേഷ് അംബാനിയുടെ കമ്പനിക്ക് വീണ്ടും നേട്ടമാകുമെന്ന് വിലയിരുത്തപ്പെട്ടതോടെയാണിത്. ഒരു മാസ വിഭാഗത്തില്‍ 16-20% കുറവും, മൂന്നുമാസ വിഭാഗത്തില്‍ 7-14% വരെയും അന്തരം ജിയോയുടെ നിരക്കുകളും എതിരാളികളുടെ നിരക്കുകളും തമ്മിലുണ്ട്.

ഉപഭോക്താക്കളെ വേട്ടയാടിപ്പിടിക്കാനുള്ള തന്ത്രം ജിയോ തുടരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ചില ഇളവുകള്‍ നല്‍കാന്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നിര്‍ബന്ധിതരായേക്കും. നിരക്ക് വര്‍ധനയുടെ ബലത്തില്‍ നിരധി പാദങ്ങളായി തുടരുന്ന നഷ്ടം മറികടന്ന് ഭാരതി എയര്‍ടെല്‍ ലാഭത്തിലേക്കെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ വോഡഫോണ്‍-ഐഡിയയ്ക്ക് മറികടക്കാനുള്ള കടമ്പകള്‍ ഏറെയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന നിരക്ക് വര്‍ധന നിലവില്‍വന്ന സ്ഥിതിക്ക് വിപണി പങ്കാളിത്തം നിലനിര്‍ത്തുന്നതിനും, നഷ്ടം വെട്ടിക്കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ കമ്പനി ത്വരിതഗതിയില്‍ സ്വീകരിക്കേണ്ടതായുണ്ട്.

നിരക്ക് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തില്‍ ശരാശരി ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന വരുമാനം

പ്ലാന്‍ ജിയോ എയര്‍ടെല്‍/ വോഡ-ഐഡിയ

1 മാസം + 2 ജിബി/മാസം 119 136

1 മാസം + 2 ജിബി/ദിവസം 229 274

3 മാസം + 2 ജിബി/ദിവസം 184 214

Categories: Business & Economy, Slider
Tags: Jio, Jio tariff