ആണവ കരാറില്‍ നിന്നും പിന്മാറാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍

ആണവ കരാറില്‍ നിന്നും പിന്മാറാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍

ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ഉപരോധങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ചര്‍ച്ചയാകാമെന്നും റൂഹാനി

ടെഹ്‌റാന്‍: പ്രശ്‌നങ്ങള്‍ക്കിടയിലും ആണവ കരാറിന്മേല്‍ സന്ധി സംഭാഷണങ്ങള്‍ക്ക് തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ദൃഢചിത്തതയോടെ പ്രതിരോധിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും എന്നുകരുതി ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടച്ചിട്ടില്ലെന്നും റൂഹാനി പറഞ്ഞു.

‘തെറ്റായതും ശ്വാസം മുട്ടിക്കുന്നതുമായ ഉപരോധങ്ങള്‍ ആദ്യം പിന്‍വലിക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. അതിനുശേഷം ആണവ കരാറിന്മേലുള്ള ചര്‍ച്ച എന്ന വിഷയത്തിലേക്ക് വരാം. ആണവകരാറില്‍ നിന്നും പിന്മാറിയതിന് ശേഷം കഴിഞ്ഞ വര്‍ഷം അമേരിക്ക വീണ്ടും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിച്ച ഉടനേ അമേരിക്ക, യുകെ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ്. അതില്‍ ഒരു പ്രശ്‌നവും കാണുന്നില്ല,’ റൂഹാനി പറഞ്ഞു.

ആണവ കരാര്‍ ഇല്ലാതാക്കാന്‍ ഇറാന് യാതൊരു ഉദ്ദേശവുമില്ലെന്ന് ഇറാനിലെ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറഗാച്ചിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ കരാര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ വീണ്ടും പാലിക്കാന്‍ ആരംഭിക്കുമെന്നും അറഗാച്ചി പറഞ്ഞു.

”ആണവകരാറില്‍ നിന്നും പിന്മാറുകയല്ല ഞങ്ങളുടെ ലക്ഷ്യം. യൂറോപ്യന്‍ രാജ്യങ്ങളുടെ ഭാഗത്ത് നിന്നുള്ള നിസ്സഹകരണം ഒരു വര്‍ഷത്തോളം ക്ഷമിച്ച ശേഷം ഇപ്പോള്‍ കരാറിലെ ഞങ്ങളുടെ വ്യവസ്ഥകള്‍ പരിമിതപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്,” ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിത്സു മോട്ടെഗിയുമായി ടോക്യോയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അറഗാച്ചി പറഞ്ഞു.

2018 മേയില്‍ ആണവ കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുന്ന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഇറാനും കരാര്‍ വ്യവസ്ഥകളില്‍ നിന്നും പിന്മാറി.

Comments

comments

Categories: Arabia