ഐഎസ്ഒ അംഗീകാര നിറവില്‍ ഗ്രീന്‍വാലി

ഐഎസ്ഒ അംഗീകാര നിറവില്‍ ഗ്രീന്‍വാലി

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളികള്‍ക്കായി കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്ന ഗ്രീന്‍വാലി കോക്കനട്ട് ഓയില്‍ ഐഎസ്ഒ അംഗീകാരത്തിന്റെ നിറവില്‍. ISO 9002 2015 അംഗീകാരത്തിനാണ് ഗ്രീന്‍വാലി അര്‍ഹമായിരിക്കുന്നത്. 2000ലാണ് അടുത്ത ബന്ധുക്കളായ സണ്ണി ജോസഫ്, ടോണി തോമസ്, തോമസ് മാത്യു എന്നിവര്‍ ചേര്‍ന്ന് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ ഗ്രീന്‍വാലി കോക്കനട്ട് ഓയില്‍ ഉല്‍പ്പാദന കേന്ദ്രത്തിനു തുടക്കമിടുന്നത്. തുടക്കം മുതല്‍ നാളിതുവരെ ഗുണമേന്മക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഉല്‍പാദനവും വിതരണവും. മായം കലര്‍ന്ന വെളിച്ചെണ്ണകള്‍ വിപണിയില്‍ കുന്നുകൂടുന്ന ഇക്കാലത്ത് സുതാര്യതയും പരിശുദ്ധിയും ഗുണമേന്മയും മുറുകെപ്പിടിച്ചാണ് ഗ്രീന്‍വാലി ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡായി മാറുന്നത്.

മലയാളി എവിടെയുണ്ടോ, അവിടെ വെളിച്ചെണ്ണയുടെ ഉപയോഗവുമുണ്ട്. പാചകത്തില്‍ വെളിച്ചെണ്ണയ്ക്ക് പകരം വാക്കാണ് പല എണ്ണകളും വന്നെങ്കിലും രുചിയും ഗുണമേന്മയും ഒരുമിച്ചു കണക്കാക്കിയപ്പോള്‍ അവയൊന്നും തന്നെ വിപണി പിടിച്ചില്ല. ഭക്ഷണം തയാറാക്കുന്നതുമുതല്‍ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍വരെ മലയാളികള്‍ ഉപയോഗിക്കുന്നതു വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയുടെ വര്‍ധിച്ചു വരുന്ന പ്രസക്തി മനസിലാക്കിയാണ് അടുത്ത ബന്ധുക്കളായ സണ്ണി ജോസഫ്, ടോണി തോമസ്, തോമസ് മാത്യു എന്നിവര്‍ ചേര്‍ന്ന് 2000 ല്‍ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ ഗ്രീന്‍വാലി കോക്കനട്ട് ഓയില്‍ ഉല്‍പ്പാദന കേന്ദ്രത്തിനു തുടക്കമിടുന്നത്. കര്‍ഷക കുടുംബ പശ്ചാത്തലത്തില്‍ നിന്നുവരുന്ന മൂന്നുപേരും തുടക്കത്തില്‍ ഗ്രീന്‍വാലി അഗ്രോ എന്ന പേരില്‍ തേങ്ങ കയറ്റി അയക്കുന്ന പ്രവര്‍ത്തനമായിരുന്നു സ്ഥാപനാമായിരുന്നു നടത്തിയിരുന്നത്. ആയിടക്ക് തേങ്ങക്ക് വിലകുറയുകയും വിപണി നഷ്ടപ്പെടുകയും ചെയ്തതോടെ, കൊപ്ര കച്ചവടത്തിലേക്ക് കടന്നു. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ ചെലവില്‍ കൊപ്ര വിപണിയില്‍ എത്താന്‍ തുടങ്ങിയതോടെ വിപണിയില്‍ വന്‍ ഇടിവുണ്ടായി. കുറഞ്ഞ ചെലവില്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊപ്ര എത്തിക്കാമെന്നതും ചൂടുകൂടുതലുള്ളതിനാല്‍ നല്ല സൂര്യപ്രകാശത്തില്‍ ഉണക്കിഎടുക്കാനാവുമെന്നതും തമിഴ്‌നാട്ടില്‍ നിന്നുള്ള കൊപ്രക്ക് ആവശ്യക്കാരേറാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് വെളിച്ചെണ്ണ ഉല്‍പ്പാദന മേഖലയിലേക്കു ഗ്രീന്‍വാലി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പ്പാദനത്തിലേക്ക് 

കാലങ്ങള്‍ക്ക് മുന്‍പ് പാലായില്‍ നിന്നും പാലക്കാട്ടേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗങ്ങളാണ് സണ്ണിയും പങ്കാളികളും. അതിനാല്‍ ബിസിനസ് എന്നതിനപ്പുറം കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാകാണാം എന്ന ചിന്ത കൂടി മനസിലുറച്ചപ്പോഴാണ് വെളിച്ചെണ്ണ കച്ചവടത്തിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ വിപണിയിലെത്തിച്ച വെളിച്ചെണ്ണ ഉല്‍പ്പാദകര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കിയില്ല. അതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെ, ആധുനികമായ ക്രഷറുകളും ഗ്രൈന്‍ഡറുകളും വാങ്ങി ഉല്‍പ്പാദനം ആരംഭിച്ചു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഗ്രീന്‍വാലി എന്ന പേരില്‍ വിപണിയില്‍ എത്തിച്ച വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവന്നു. പിന്നീട് ഗ്രീന്‍വാലി എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.ഖാദി കമ്മീഷന്റ കീഴില്‍ മാര്‍ജിന്‍ മണി സ്‌കീം പദ്ധതിയിലൂടെ 10 ലക്ഷം രൂപക്ക് 30 ശതമാനം സബ്‌സിഡി ലഭിച്ചത് പ്രവര്‍ത്തനം തുടങ്ങാന്‍ സഹായകമായി. കേന്ദ്രസര്‍ക്കാരിന്റെ റൂറല്‍ എന്‍വയോണ്‍മെന്റ് ജനറേഷന്‍ പ്രോഗ്രാമിലൂടെ 19 തൊഴിലാളികള്‍ക്കും ഒരു സംരംഭകനുമടക്കം 20 പേര്‍ക്ക് 10 ലക്ഷം രൂപ ലഭിച്ചതോടെ ആദ്യ യൂണിറ്റിനു തുടക്കമിട്ടു. അങ്ങനെ ഗ്രീന്‍വാലി അഗ്രോ ഗ്രീന്‍വാലി കോക്കനട്ട് ഓയില്‍ ആയി.

പാക്കിംഗില്‍ ശ്രദ്ധിച്ച് മുന്നോട്ട്

തുടക്കത്തില്‍ പാക്കിംഗില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ല. കര്‍ഷകമല്ലാത്ത പാക്കിംഗുമായി ഖാദി എക്‌സിബിഷനില്‍ പങ്കെടുത്തപ്പോഴാണ് നല്ല രീതിയില്‍ പാക്കിംഗ് ചെയ്താല്‍ കൂടുതല്‍ മികച്ച ബിസിനസ് ലഭിക്കുമെന്ന് മനസിലായത്.അങ്ങനെയാണ് പാക്കിംഗ് മെച്ചപ്പെടുത്തി. അതോടെ വില്‍പനയും വര്‍ധിച്ചു. തുടര്‍ന്ന് ഡിസ്ട്രിബൂഷന്‍ നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിച്ചു.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലും ഗ്രീന്‍വാലി ഓയിലിന്റെ വിപണി ശക്തമാണ്. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന തേങ്ങകള്‍ ഗ്രീന്‍വാലിയില്‍ എടുക്കാറില്ല. കര്‍ഷകരില്‍ നിന്നു നേരിട്ടാണ് ഗ്രീന്‍വാലി തേങ്ങ സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കുകയും ചെയ്യുന്നു. ഓരോ പാക്കുകളിലും പുക ഉപയോഗിക്കാത്ത സള്‍ഫര്‍ ഇല്ലാത്ത എണ്ണയാണെന്ന് ഉറപ്പുവരുത്തിയാണ് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. തേങ്ങാ സംഭരിച്ചു കഴിഞ്ഞാല്‍ 36 മണിക്കൂറിനുള്ളില്‍ ഡ്രയര്‍ ഉപയോഗിച്ച ഉണക്കി ആട്ടി വെളിച്ചെണ്ണയ്ക്കാനുള്ള സൗകര്യം ഗ്രീന്‍വാലിയില്‍ ഉണ്ട്. പ്രതിദിനം 4000 ലിറ്റര്‍ വെളിച്ചെണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിപണി സാധ്യത മനസിലാക്കി അടുത്തിടെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉല്‍പ്പാദനത്തിലേക്കും സ്ഥാപനം കടന്നു. പ്രതിദിനം 750 ലിറ്റര്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഐഎസ്ഒ അംഗീകാരവും കയറ്റുമതിയും

നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ മികവിലാണ് ഐഎസ്ഒ അംഗീകാരം ഗ്രീന്‍വാലിയെ തേടി എത്തിയിരിക്കുന്നത്. ISO 9002 2015 അംഗീകാരത്തിനാണ് ഗ്രീന്‍വാലി അര്‍ഹമായിരിക്കുന്നത്. സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം മുതല്‍ക്കൂട്ടാകുമെന്നാണ് ഗ്രീന്‍വാലി മാനേജിംഗ് പാര്‍ട്ട്ണറായ സണ്ണി ജോസഫ് പറയുന്നത്. ഗ്രീന്‍വാലി വെളിച്ചെണ്ണയുടെ വിതരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം. നിലവില്‍ ഉക്രൈന്‍, യുഎസ്എ, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് എന്ന കയറ്റുമതി ചെയ്യുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിനിഗര്‍, സോപ്പ് മുതലായ കൂടുതല്‍ മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പ്പാദനത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഗ്രീന്‍വാലി.

Categories: FK Special, Slider