താറാവ് വളര്‍ത്തല്‍: കുറഞ്ഞ മുതല്‍മുടക്ക്, മികച്ച ലാഭം

താറാവ് വളര്‍ത്തല്‍: കുറഞ്ഞ മുതല്‍മുടക്ക്, മികച്ച ലാഭം

നല്ല ഇനം താറാവുകളില്‍ നിന്നും പ്രതിവര്‍ഷം ശരാശരി മുന്നൂറിലധികം മുട്ടകള്‍ ലഭിക്കും

താറാവുകളെ വളര്‍ത്താന്‍ കനാലോ തോടോ വലിയ വെളളക്കെട്ടോ നിര്‍ബന്ധമാണ് എന്നാണ് പൊതുവെയുളള ധാരണ. കുറച്ച് സ്ഥലം മാത്രമുളളവര്‍ക്കും ചെറിയ കൂടുകളില്‍ താറാവിനെ വളര്‍ത്താം. കുറച്ച് സ്ഥലത്ത് ചെറിയ കുഴി കുഴിച്ച് അതില്‍ വെളളം നിറച്ചും താറാവുകളെ വളര്‍ത്താന്‍ സാധിക്കും. അതിനാല്‍ വലിയ വെളളക്കെട്ട് ലഭ്യമല്ലെന്ന കാരണത്താല്‍ താറാവ് വളര്‍ത്തലില്‍ നിന്നും വിട്ട് നില്‍ക്കേണ്ട കാര്യമില്ല. താറാവിനും താറാവ് കൃഷിക്കും ഏറെ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുളളത്. ഏറെ ആവശ്യക്കാരും താറാവിനും മുട്ടയ്ക്കും ഉണ്ട്. കോഴി വളര്‍ത്തലുമായി താരതമ്യപ്പെടുത്തുമ്പോള്‍ താറാവുകളില്‍ നിന്നും കോഴികളേക്കാല്‍ അധികം മുട്ട ലഭിക്കുന്നു. നല്ല ഇനം താറാവുകളില്‍ നിന്നും പ്രതിവര്‍ഷം ഏകദേശം മുന്നൂറിലധികം മുട്ടകള്‍ ലഭിക്കും. താറാവുകളെ എളുപ്പത്തില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്നതിനാല്‍ പരിപാലിക്കാനും എളുപ്പമാണ്. നെല്‍ കൃഷിയോടൊപ്പവും മീന്‍ കൃഷിയോടൊപ്പവും സംയോജിത കൃഷിക്ക് അനുയോജ്യമാണ് താറാവ്.

താറാവ് ഇനങ്ങളെ തിരഞ്ഞെടുക്കലും വളര്‍ത്തലും

ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി പ്രത്യേക ഇനങ്ങള്‍ ഉള്ളതിനാല്‍ ഏതിനാണ് പ്രാമുഖ്യം കൊടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ജനുസ്സുകളെ തീരുമാനിക്കുന്നത്. നല്ല ചുറുചുറുക്ക് മുഴുമുഴുപ്പ്, ശരീര ഘടന, തൂവല്‍ വിത്യാസം എന്നീ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം താറാവുകളെ തിരഞ്ഞെടുക്കേണ്ടത്. നല്ല വര്‍ഗ ഗുണണുള്ളവ ആറ് ആഴ്ച പ്രായമുള്ളപ്പോള്‍ രണ്ടര കിലോഗ്രാം ഭാരവും എട്ട് ആഴ്ച പ്രായമുള്ളപ്പോള്‍ മൂന്നര കിലോ ഗ്രാം ഭാരവും വയ്ക്കുന്നു. എന്നാല്‍ പെട്ടെന്ന വളരുന്നവയെ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പ്രത്യുല്‍പ്പാദനശേഷി കുറഞ്ഞ് വരുന്നതായി കണ്ടിട്ടുണ്ട്. നല്ല ഉല്‍പ്പാദനശേഷിക്ക് പ്രസിദ്ധമായ ഫാമുകളില്‍ നിന്നും വാങ്ങുന്നതാണ് ഉത്തമം. കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കില്‍ ആറ്-ഏഴ് ആഴ്ച പ്രായമുള്ളവയാണ് നല്ലത്. ഈ പ്രായത്തില്‍ പൂവനെയും പിടയെയും തിരിച്ചറിയാനും സാധിക്കും. ആറ് പിടകള്‍ക്ക് ഒരു പൂവന്‍ എന്ന അനുപാതമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പൂവന്മാര്‍ പിടയേക്കാള്‍ നേരത്തെ വിരിയിച്ച് ഇറക്കിയവയായിരിക്കണം. ഉയര്‍ന്ന മുട്ട ഉല്‍പ്പാദനശേഷിയും, ഉര്‍വരത വിരിയല്‍ നിരക്ക് മുതലായവ പരമാവധി വളര്‍ച്ചയുമായി ബന്ധപ്പെട്ടല്ല ഇരിക്കുന്നത്. ഇത്തരം പൊരുത്തക്കേട് ഉള്ളതിനാല്‍ ശാസ്ത്രീയമായ പ്രജനന പരിപാടി അനുവര്‍ത്തിക്കേണ്ടതുണ്ട്. താറാവ് വളര്‍ത്തല്‍ ആദായകരമായി വളര്‍ത്തുന്നതിന് പിടകള്‍ വര്‍ധിച്ച് ഉല്‍പ്പാദന നിരക്ക് പാരമ്പര്യമായുള്ളതും പൂവന്മാര്‍ പെട്ടെന്നു വളരുന്നതിനുള്ള പാരമ്പര്യ ഗുണങ്ങടങ്ങിയതും ആയിരിക്കണം. സങ്കര വര്‍ഗ ഉല്‍പ്പാദനം വഴി നല്ല ഓജസുള്ളവയെ സൃഷ്ടിക്കാന്‍ സാധിക്കും.

ഉയര്‍ന്ന പ്രതിരോധശേഷി

വളരെ വേഗം വളരുന്ന താറാവിന് കോഴികളേക്കാല്‍ പ്രതിരോധശേഷിയും കൂടുതലാണ്. അതിനാല്‍ അസുഖം ബാധിച്ച് ചത്ത് ഒടുങ്ങുന്നവയും കുറവായിരിക്കും. തീറ്റയ്ക്കും മറ്റുമായി വേണ്ടി വരുന്ന മുതല്‍ മുടക്കും കോഴികളേക്കാല്‍ കുറവ് മാത്രം മതിയാകും. ചെറിയ മുതല്‍ മുടക്കില്‍ നമുക്ക് തന്നെ വളരെ ലളിതമായി നിര്‍മിക്കാവുന്ന വായു സഞ്ചാരമുള്ള ചെറിയ കൂടുകളില്‍ താറാവുകളെ വളര്‍ത്താം. വീട്ടില്‍ ബാക്കി വരുന്ന പച്ചക്കറി-ഭക്ഷണ അവശിഷ്ടങ്ങളും താറാവിന് തീറ്റയായി നല്‍കാം. ചൂട്,തണുപ്പ് കാലാവസ്ഥകള്‍ കോഴിയുടെ മുട്ട ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ താറാവുകള്‍ക്ക് തണുപ്പ് കാലത്തും ചൂട് കാലത്തും ഒരുപോലെ മുട്ട ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. രണ്ട് മൂന്ന് വര്‍ഷം വരെ മുട്ടയിടുന്ന താറാവുകളെ ആദായകരമായി വളര്‍ത്തുന്നതിനും സാധിക്കും. താറാവുകള്‍ രാവിലെ തന്നെ എന്നും മുട്ടയിടുന്നതിനാല്‍ വിപണനത്തിന് രാവിലെ തന്നെ എത്തിക്കാനും സാധിക്കുമെന്നതും നേട്ടമാകുന്നു. താറാവിന്റെ ഇറച്ചിക്കും ഏറെ ആവശ്യക്കാരുണ്ട്. വൃത്തായായി വെട്ടി, ചെറിയ കഷ്ണങ്ങളാക്കി വില്‍പ്പനയ്ക്ക് എത്തിക്കാം. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ഒരു ബ്രാന്‍ഡ് നാമത്തോടെ നന്നായി പായ്ക്ക് ചെയ്താകണം വിപണനം. ഇത് നിങ്ങളിലേക്ക് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഖേനയല്ലാതെയും ഉപഭോക്താക്കള്‍ എത്താന്‍ സഹായിക്കും.

Categories: FK Special
Tags: Duck farming