ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ റോബോട്ട് ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ റോബോട്ട് ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

യുഎഇയില്‍ താമസമാക്കിയ ആന്ധ്രാ സ്വദേശി പുത്സല ഹര്‍ഷീത് നിര്‍മിച്ചതാണ് ഈ റോബോട്ട്

ദുബായ്: വീട് വ്യത്തിയാക്കാന്‍ അമ്മ പാടുപെടുന്നത് കണ്ടാണ് നാലാംക്ലാസുകാരനായ പുത്സല ഹര്‍ഷീത് മുറികള്‍ വൃത്തിയാക്കുന്ന റോബോട്ട് ഉണ്ടാക്കിയത്. പരിസ്ഥിതി സൗഹൃദമായ നിരവധി കണ്ടുപിടിത്തങ്ങളുടെ തുടക്കമായിരുന്നു അത്. അതിലൊരു കുഞ്ഞന്‍ റോബോട്ടിനെ അടുത്ത വര്‍ഷത്തെ ദുബായ് എക്‌സ്‌പോയില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഒമ്പതുവയസുകാരനായ ഈ മിടുക്കന്‍.

‘യംഗ് ഇന്നവേറ്റേഴ്‌സ്’ പദ്ധതിയുടെ ഭാഗമായാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ഹര്‍ഷീതിന്റെ ‘റോബോട്ടിക് വേസ്റ്റ് സെഗ്രിഗേഷന്‍ ടു ഓര്‍ഗാനിക് കമ്പോസ്റ്റിംഗ’് എന്ന പ്രോജക്ട് ദുബായ് എക്‌സ്‌പോ 2020യുടെ വിസിറ്റര്‍ സെന്ററില്‍ അവതരിപ്പിക്കുന്നത്. മാലിന്യങ്ങള്‍ തരംതിരിക്കുന്ന ഒരു കുഞ്ഞന്‍ റോബോട്ടാണിത്.

വെസെഗ്രേബോട്ട് എന്ന തന്റെ റോബോട്ട് ഹരിതം, നനഞ്ഞത്, ലോഹം, കടലാസ്, മരം, പ്ലാസ്റ്റിക് എന്നിങ്ങനെ മാലിന്യത്തെ തരംതിരിക്കുമെന്ന് അബുദാബിയിലെ ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷീത് പറയുന്നു. പേപ്പര്‍, മരക്കഷ്ണം പോലെ നനഞ്ഞതും ബ്രൗണ്‍ നിറത്തിലുമുള്ള മാലിന്യങ്ങള്‍ കഷ്ണങ്ങളായി നുറുക്കുകയും ചെയ്യും ഈ റോബോട്ട്. പിന്നീട് ഈ മാലിന്യങ്ങള്‍ ജൈവ വളമാക്കി മാറ്റും. മണലുമായി കൂട്ടിച്ചേര്‍ത്താല്‍ ഇത് മണ്ണായി മാറും.

മാലിന്യത്തെ കൃഷിക്ക് ഉപകാരമാകുന്ന വസ്തുവാക്കി മാറ്റുന്നതിലൂടെ മരുഭൂമിയെ ഉദ്യാനമാക്കി മാറ്റാനാണ് ഹര്‍ഷീത് ശ്രമിക്കുന്നത്. രാസ വിമുക്ത കൃഷിയെ പ്രോത്സാഹിപ്പിക്കുകയും യുഎഇയെ ഹരിതഭൂമിയാക്കി മാറ്റുകയുമാണ് ഈ പ്രോജക്ടിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് ഹര്‍ഷീത് പറയുന്നു.

ചെറുപ്പത്തിലേ പ്രകൃതിയെ സ്‌നേഹിക്കുന്ന പരിസ്ഥിതിയെ ബഹുമാനിക്കുന്ന ഹര്‍ഷീത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയും ഒരു ക്യാംപെയിന്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കടകളിലെ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി പേപ്പര്‍ ബാഗുകളുടെ നിര്‍മാണവും ഈ മിടുക്കന്‍ നടത്തുന്നു. അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ ശ്രീകാകുളത്തെ 20 സകൂളുകളിലും ഹര്‍ഷീത് തന്റെ പ്ലാസിറ്റിക് വിരുദ്ധ ക്യാംപെയിന്‍ അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: Arabia