അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 23% വര്‍ധന

അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 23% വര്‍ധന

21,246 കോടി രൂപയുടെ അധികച്ചെലവിടലിന് ലോക്‌സഭ അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്ക് എത്തിയ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപം (നെറ്റ് എഫ്ഡിഐ) 23 ശതമാനം ഉയര്‍ന്ന് 20.9 ബില്യണ്‍ ഡോളറിലെത്തിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 17 ബില്യണ്‍ ഡോളറായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ചെലവിടലിനായുള്ള അധിക നീക്കിയിരുപ്പിന് അനുമതി നേടുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് രാജ്യത്തെ നിക്ഷേപ സാഹചര്യം അത്ര മോശം സ്ഥിതിയിലല്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളിലെ മൂലധന സഹായത്തിനുള്ള 2,500 കോടി രൂപ ഉള്‍പ്പെടെ 21,246 കോടി രൂപയുടെ അധികച്ചെലവിടലിന് ലോക്‌സഭ അംഗീകാരം നല്‍കി. ഇതിനു പുറമേ 4,557 കോടി രൂപ ഐഡിബിഐ ബാങ്കിലേക്ക് ബജറ്റ് ഇതര മാര്‍ഗത്തിലൂടെ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. റീക്യാപ്പ് ബോണ്ടുകള്‍ വഴി ധനകാര്യ സേവന വകുപ്പാണ് ഐഡിബിഐ ബാങ്കിലേക്ക് തുക നല്‍കുക.

ഐഡിബിഐ ബാങ്കില്‍ 47.11 ശതമാനം ഓഹരിയാണ് സര്‍ക്കാരിനുള്ളത്. 51 ശതമാനം ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിക്കുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളിലേക്ക് 2,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നത് കമ്പനികളുടെ സ്വയം പര്യാപ്തത അനുപാതം ഉയര്‍ത്തുന്നതിന് സഹായകമാകും. നികുതി സമാഹരണം ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിന്റെ തലത്തില്‍ എത്താത്ത സാഹചര്യത്തില്‍ സാധ്യമായ മേഖലകളില്‍ ചെലവു ചുരുക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

വിപണിയിലെ മാന്ദ്യം പരിഹരിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ഓഗസ്റ്റ് മുതല്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടയുള്ള ഈ നടപടികള്‍ ധനക്കമ്മി സംബന്ധിച്ച ആശങ്കകളെ വര്‍ധിപ്പിക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: FK News