ഗ്രാമങ്ങള്‍ക്കായി മൈക്രോസോഫ്റ്റിനെ കൂട്ടുപിടിച്ച് ബാങ്കുകള്‍

ഗ്രാമങ്ങള്‍ക്കായി മൈക്രോസോഫ്റ്റിനെ കൂട്ടുപിടിച്ച് ബാങ്കുകള്‍

തട്ടിപ്പുകള്‍ തടയാന്‍ ക്ലൗഡ് കംപ്യൂട്ടിംഗ് വിന്യാസം മൈക്രോസോഫ്റ്റ് നടത്തും

മുംബൈ: ഡിജിറ്റല്‍ പണമിടപാടുകളില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലയെ യുപിഐ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ ആഗോള സാങ്കേതിക വിദ്യാ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹായം തേടി ബാങ്കുകള്‍. രാജ്യത്താകെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുമ്പോഴും ഗ്രാമീണ മേഖലയില്‍ വേണ്ടത്ര പുരോഗതി ദൃശ്യമല്ലെന്ന വിലയിരുത്തലിലാണിത്. യുപിഐ ഇടപാടുകളിലെ തട്ടിപ്പുകള്‍ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതിക വിദ്യ ഗ്രാമീണ മേഖലയില്‍ മൈക്രോസോഫ്റ്റ് വിന്യസിക്കും. മൈക്രോസോഫ്റ്റ് അഷുറിന്റെ സേവനമാകും ബാങ്കുകള്‍ ഇതിനായി പ്രയോജനപ്പെടുത്തുക. തുടക്കത്തില്‍ മടിച്ചു നിന്നെങ്കിലും ബാങ്കിംഗ് മേഖല ക്ലൗഡ് സാങ്കേതിക വിദ്യയെ സ്വീകരിക്കാന്‍ ഇപ്പോള്‍ ആവേശത്തോടെ മുന്നോട്ടു വരുന്നുണ്ടെന്ന് യുഎസ് ആസ്ഥാനമായ പേമെന്റ് കമ്പനിയായ എസിഐ വേള്‍ഡ്‌വൈഡിന്റെ ദക്ഷിണേഷ്യാ വൈസ് പ്രസിഡന്റ് കൗശിക് റോയ് പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ കേവലം 20 ശതമാനത്തിനു മാത്രമേ ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമായിട്ടുള്ളൂ. അതോടൊപ്പം ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള അവബോധ രാഹിത്യവും, ഭയവും ജനങ്ങളെ ഇതില്‍നിന്ന് അകറ്റുന്നു. ‘അവബോധം സൃഷ്ടിക്കുന്നതിലും, ഉപഭോക്തക്കളെ ഡിജിറ്റല്‍ ഇടപാടുകളെപ്പറ്റി പഠിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തണം. പേമെന്റുകള്‍ക്കായുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ നിക്ഷേപിക്കുന്നതും സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരം വര്‍ധിക്കുന്നതും, കുറഞ്ഞ ചെലവില്‍ ഡാറ്റ ലഭ്യമാകുന്നതുമെല്ലാം ഡിജിറ്റല്‍ പേമെന്റിന്റെ വളര്‍ച്ചയ്ക്കും, ഗ്രാമീണ ജനതയുടെ ഉള്‍ച്ചേര്‍ക്കലിനും വഴിവെക്കും.’ കൗശിക് റോയ് വ്യക്തമാക്കി.

Comments

comments

Categories: Banking