ബിഎസ് 6 കാറുകള്‍ 

ബിഎസ് 6 കാറുകള്‍ 

2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാവുകയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ബിഎസ് 6 കാറുകള്‍ ഇവയാണ്

മാരുതി സുസുകി

നിലവില്‍ മാരുതി സുസുകിയുടെ പെട്രോള്‍ വാഹനങ്ങളില്‍ 70 ശതമാനത്തോളം ബിഎസ് 6 പാലിക്കുന്നവയാണ്. എന്‍ട്രി ലെവല്‍ മോഡലായ ഓള്‍ട്ടോ 800 മുതല്‍ പുതിയ എക്‌സ്എല്‍6 വരെ മിക്ക പെട്രോള്‍ വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നവയാണ്.

800 സിസി 3 സിലിണ്ടര്‍ എന്‍ജിന്‍, 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ കെ15 എന്‍ജിന്‍ എന്നിങ്ങനെ ബിഎസ് 6 പാലിക്കുന്ന നാല് പെട്രോള്‍ എന്‍ജിനുകളാണ് മാരുതി സുസുകിയുടെ കൈവശമുള്ളത്. ആദ്യ രണ്ട് എന്‍ജിനുകള്‍ യഥാക്രമം മിനി സെഗ്‌മെന്റിലെ ഓള്‍ട്ടോ 800, എസ്-പ്രെസോ മോഡലുകള്‍ക്ക് കരുത്തേകുന്നു. ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, പുതിയ വാഗണ്‍ആര്‍ എന്നീ കോംപാക്റ്റ് കാറുകള്‍ ഉപയോഗിക്കുന്നത് 1.2 ലിറ്റര്‍ എന്‍ജിനാണ്. യൂട്ടിലിറ്റി വാഹന സെഗ്‌മെന്റിലെ എര്‍ട്ടിഗ, എക്‌സ്എല്‍6 മോഡലുകള്‍ക്ക് 1.5 ലിറ്റര്‍ എന്‍ജിന്‍ കരുത്തേകുന്നു.

ഹ്യുണ്ടായ്

നിലവില്‍ രണ്ട് ബിഎസ് 6 മോഡലുകളാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് വില്‍ക്കുന്നത്. ഗ്രാന്‍ഡ് ഐ10 നിയോസ് പെട്രോള്‍, പുതിയ ഹ്യുണ്ടായ് ഇലാന്‍ട്ര എന്നിവ. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഹ്യുണ്ടായ് ഇലാന്‍ട്ര വില്‍ക്കുന്നതെങ്കില്‍ ബിഎസ് 4 ഡീസല്‍ ഓപ്ഷനിലും നിയോസ് ലഭിക്കും. ഗ്രാന്‍ഡ് ഐ10 നിയോസിലെ ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍, ഓപ്ഷണല്‍ 5 സ്പീഡ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

അതേസമയം, ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഹ്യുണ്ടായ് ഇലാന്‍ട്ര എക്‌സിക്യൂട്ടീവ് സെഡാന് കരുത്തേകുന്നത്. 1,999 സിസി, 4 സിലിണ്ടര്‍ മോട്ടോര്‍ 6,200 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 192 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

ടൊയോട്ട

നിലവില്‍ ടൊയോട്ട ഇന്ത്യയില്‍ ഒരു ബിഎസ് 6 കാര്‍ മാത്രമാണ് വില്‍ക്കുന്നത്. ടൊയോട്ട ഗ്ലാന്‍സയാണ് ഈ മോഡല്‍. മാരുതി സുസുകി ബലേനോ റീബാഡ്ജ് ചെയ്തതാണ് ടൊയോട്ട ഗ്ലാന്‍സ. 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ കെ12ബി എന്‍ജിനാണ് ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ടൊയോട്ട-സുസുകി സംയുക്ത സംരംഭത്തില്‍നിന്നുള്ള ആദ്യ ഉല്‍പ്പന്നമാണ് ഗ്ലാന്‍സ. തുടര്‍ന്ന് വിറ്റാര ബ്രെസ്സ, സിയാസ്, എര്‍ട്ടിഗ എന്നിവയും ടൊയോട്ടയ്ക്ക് കൈമാറും. ഇരു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളും ചേര്‍ന്ന് ഇന്ത്യയില്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കും. ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് സംവിധാനങ്ങള്‍ സുസുകിക്ക് കൈമാറും. മാത്രമല്ല, ടൊയോട്ട സി സെഗ്‌മെന്റ് എംപിവി വികസിപ്പിക്കുന്നതിന് ഇരു കമ്പനികളും സഹകരിക്കും. ഈ മള്‍ട്ടി പര്‍പ്പസ് വാഹനം സുസുകിക്കും കൈമാറും.

കിയ മോട്ടോഴ്‌സ്

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. കിയ സെല്‍റ്റോസ് എസ്‌യുവിയാണ് ഇന്ത്യയിലെ ആദ്യ മോഡല്‍. കണക്റ്റഡ് എസ്‌യുവി, നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവ കൂടാതെ ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് എസ്‌യുവിയുടെ സവിശേഷത. സ്മാര്‍ട്ട്‌സ്ട്രീം എന്‍ജിന്‍ കുടുംബത്തില്‍പ്പെട്ട രണ്ട് പെട്രോള്‍ എന്‍ജിനുകള്‍, ഒരു ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഓപ്ഷനുകള്‍. 1.4 ലിറ്റര്‍ ജിഡിഐ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ 138 ബിഎച്ച്പി കരുത്തും 242 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍, ഐവിടി (ഇന്റലിജന്റ് കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ വിജിടി ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുന്നത്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഓപ്ഷനുകള്‍.

ജീപ്പ്

ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ഈ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കോംപസ് എസ്‌യുവിയുടെ കൂടുതല്‍ മികച്ച ഓഫ്‌റോഡ് പതിപ്പാണ് കോംപസ് ട്രെയ്ല്‍ഹോക് എസ്‌യുവി. ഓഫ്‌റോഡ് ഫീച്ചറുകള്‍ കൂടാതെ, ഇന്ത്യയില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ ആദ്യ ബിഎസ് 6 മോഡല്‍ കൂടിയാണ് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്. സ്റ്റാന്‍ഡേഡ് ജീപ്പ് കോംപസിന് കരുത്തേകുന്ന അതേ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് 2 ഡീസല്‍ എന്‍ജിനാണെങ്കിലും ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതാണ്. ബിഎസ് 6 എന്‍ജിന്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിച്ച, കോംപസ് എസ്‌യുവിയുടെ ആദ്യ ഡീസല്‍ വേരിയന്റ് കൂടിയാണ് കോംപസ് ട്രെയ്ല്‍ഹോക്.

മെഴ്‌സേഡസ് ബെന്‍സ്

ഇന്ത്യയില്‍ ബിഎസ് 6 വാഹനം അവതരിപ്പിച്ച ആദ്യ കാര്‍ നിര്‍മാതാക്കളാണ് മെഴ്‌സേഡസ് ബെന്‍സ്. എസ്350ഡി മോഡലാണ് അവതരിപ്പിച്ചത്. 2,987 സിസി എന്‍ജിനാണ് എസ്350ഡി മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 282 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

പുതു തലമുറ മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് എല്‍ഡബ്ല്യുബി പിന്നീട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ എം264 എന്‍ജിനാണ് ഇ200 പെട്രോള്‍ വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 194 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്നതിന് എട്ട് സെക്കന്‍ഡ് മതി.

മെഴ്‌സേസഡ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ആദ്യ നോണ്‍ എഎംജി വേര്‍ഷന്‍ ഈയിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജി350ഡി ആഡംബര ഓഫ് റോഡ് എസ്‌യുവിക്ക് 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 282 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

ഔഡി

നിലവില്‍ ഒരു ബിഎസ് 6 മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ ഔഡി വില്‍ക്കുന്നത്. പുതു തലമുറ ഔഡി എ6 ആഡംബര സെഡാന്‍. ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ 45 ടിഎഫ്എസ്‌ഐ മോട്ടോര്‍ മാത്രമാണ് 2020 ഔഡി എ6 മോഡലിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 240 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യയില്‍ ഔഡി അവതരിപ്പിക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് എട്ടാം തലമുറ എ6 സെഡാന്‍. എന്നാല്‍ ടെക്‌നോളജി, പ്രീമിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭിക്കും. അതേസമയം പെട്രോള്‍ എന്‍ജിനില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.

ബിഎംഡബ്ല്യു

ഇന്ത്യയില്‍ തങ്ങളുടെ എല്ലാ പെട്രോള്‍ മോഡലുകളും ബിഎസ് 6 പാലിക്കുന്നതായി ബിഎംഡബ്ല്യു ഈയിടെയാണ് പ്രഖ്യാപിച്ചത്. അതേസമയം 2020 ഏപ്രില്‍ മാസത്തിന് വളരെ മുമ്പ് മുഴുവന്‍ ഡീസല്‍ മോഡലുകളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും. 5 സീരീസ്, 6 സീരീസ് ട്രാന്‍ ടൂറിസ്‌മോ മോഡലുകളുടെ ബിഎസ് 6 ഡീസല്‍ വേരിയന്റുകള്‍ ഇതിനകം ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ചുതുടങ്ങി. ബിഎസ് 6 ഡീസല്‍ എന്‍ജിന്‍ ലഭിക്കുന്ന അടുത്ത മോഡല്‍ ബിഎംഡബ്ല്യു എക്‌സ്1 ആയിരിക്കും. ഇന്ത്യയില്‍ ഈ വര്‍ഷം ബിഎംഡബ്ല്യു അവതരിപ്പിച്ച കാര്‍ മോഡലുകളെല്ലാം ബിഎസ് 4, ബിഎസ് 6 വേരിയന്റുകളില്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ബിഎസ് 6 മോഡലുകളുടെ വില ആറ് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

Categories: Auto
Tags: BS 6 Cars