തീവ്രവാദ ആക്രമണം, യുദ്ധം എന്നിവയ്‌ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ തേടി സൗദി അരാംകോ

തീവ്രവാദ ആക്രമണം, യുദ്ധം എന്നിവയ്‌ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ തേടി സൗദി അരാംകോ
  • സെപ്റ്റംബറിലെ ഡ്രോണ്‍,മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം
  • 2 ബില്യണ്‍ റിയാലിന്റെ നാശനഷ്ടമാണ് അന്ന് കമ്പനിക്കുണ്ടായത്

റിയാദ്: യുദ്ധം, തീവ്രവാദ ആക്രമണങ്ങള്‍ എന്നിവക്കെതിരെ സൗദി അരാംകോ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ കമ്പനിയുടെ പ്രധാന എണ്ണ ഉല്‍പ്പാദന, സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങളെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പ് വരുത്താന്‍ കമ്പനി ആലോചിക്കുന്നത്.

ലോയിഡ്‌സ് ഓഫ് ലണ്ടനിലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, ലണ്ടന്‍ വിപണിയിലെ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരില്‍ നിന്നും ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി പദ്ധതിയിടുന്നത്. അരാംകോയുടെ എണ്ണ വ്യവസായത്തിന്റെ ഹൃദയഭൂമിയായ കിഴക്കന്‍ പ്രവശ്യയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് അരാംകോ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത്. സെപ്റ്റംബറില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത് ഇവിടെയാണ്.

എന്നാല്‍ എല്ലാ റിസ്‌കുകളിലും ഇന്‍ഷുറന്‍സ് പരിരക്ഷ തേടില്ലെന്നും തീവ്രവാദം, യുദ്ധം എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്നുമാണ് ഈ മാസം പ്രഥമ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രോസ്‌പെക്ടസില്‍ അരാംകോ വ്യക്തമാക്കിയിരുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന ആമുഖത്തോടെ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് 25.6 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന അരാംകോ സെപ്റ്റംബര്‍ 14ന് നടന്ന ആക്രമണം കമ്പനിയുടെ സാമ്പത്തിക രംഗത്തോ പ്രവര്‍ത്തനങ്ങളിലോ യാതൊരു ആഘാതവുമുണ്ടാക്കിയിട്ടില്ലെന്നും പ്രോസ്‌പെക്ടസില്‍ അവകാശപ്പെട്ടിരുന്നു.

യുദ്ധം, ആഭ്യന്തരയുദ്ധം, എന്നിവയുടെ ഭാഗമായ അട്ടിമറി അല്ലെങ്കില്‍ തീവ്രവാദ ആക്രമണം എന്നീ സാഹചര്യങ്ങളില്‍ പരിപൂര്‍ണ നഷ്ടപരിഹാരവും ബിസിനസ് തടസപ്പെടുന്നത് മൂലമുള്ള വരുമാനനഷ്ടത്തിനുള്ള നഷ്ടപരിഹാരവും ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പദ്ധതികളാണ് അരാംകോയ്ക്ക് മുമ്പിലുള്ളത്. സെപ്റ്റംബല്‍ 14ന് നടന്ന ആക്രമണത്തില്‍ അരാംകോയ്ക്ക് ഏതാണ്ട് 2 ബില്യണ്‍ സൗദി റിയാലിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടിടങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള നാശനഷ്ടങ്ങള്‍ക്ക് പുറമേ ആക്രമണത്തെ തുടര്‍ന്ന് അരാംകോയുടെ എണ്ണയുല്‍പ്പാദനം പകുതിയായി കുറഞ്ഞിരുന്നു.

ബെര്‍മുഡ ആസ്ഥാനമായുള്ള സ്റ്റെല്ലാര്‍ ഇന്‍ഷുറന്‍സ് മുഖേന സെല്‍ഫ് ഇന്‍ഷുറന്‍സിന് ബദലായുള്ള കാപ്റ്റീവ് ഇന്‍ഷുറന്‍സ് (സ്വയം കവറേജിന് വേണ്ടി മാതൃകമ്പനി സ്ഥാപിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി മുഖേനയുള്ള ഇന്‍ഷുറന്‍സ്) വഴിയാണ് അരാംകോ ആസ്തികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരിക്കുന്നത്. 200 ദശലക്ഷം ഡോളറിന് മേലുള്ള നഷ്ടങ്ങള്‍ക്ക് അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയുമായി അരാംകോയ്ക്ക് കരാറുകളുണ്ടെങ്കിലും യുദ്ധം, ഭീകരാക്രമണങ്ങള്‍, അല്ലെങ്കില്‍ ബിസിനസ് തടസങ്ങള്‍ കാരണമുള്ള വരുമാന നഷ്ടം തുടങ്ങിയവയ്‌ക്കൊന്നും ഇത് ബാധകമല്ല. കരയിലും കടലിലുമായുള്ള ഊര്‍ജ ആസ്തികള്‍, ബിസിനസ് തടസപ്പെടുന്നതിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം എന്നിവയ്ക്കാണ് കാപ്റ്റീവ് ഇന്‍വെസ്റ്ററായ സ്റ്റെല്ലാര്‍ അരാംകോയ്ക്ക് കവറേജ് നല്‍കുന്നതെന്ന് ഇന്‍ഷുറന്‍സ് റേറ്റിംഗ് ഏജന്‍സിയായ എഎം ബെസ്റ്റ് വെളിപ്പെടുത്തി.

സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം ഒക്ടോബറില്‍ കമ്പനിയുടെ എണ്ണയുല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന അരാംകോയ്ക്ക് അഞ്ചുവര്‍ഷം മുമ്പ് യുദ്ധത്തിനെതിരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം സൗദി അറേബ്യയിലെ നിരവധി കമ്പനികള്‍ ആക്രമണങ്ങള്‍ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് കവറേജ് കിട്ടുമോയെന്ന അന്വേഷണങ്ങള്‍ തദ്ദേശീയ, അന്തര്‍ദേശീയ കമ്പനികളില്‍ നിന്നും ഉണ്ടാകുന്നതായി ഇന്‍ഷുറന്‍സ് ഇടനിലക്കാരായ എയോണിലെ ക്രൈസിസ് മാനേജ്‌മെന്റ് ഡയറക്ടറായ സ്‌കോട്ട് ബോള്‍ട്ടണ്‍ വ്യക്തമാക്കി. സൗദി ബേസിസ് ഇന്‍ഡസ്ട്രീസ് കോര്‍പ്്് (സാബിക്) ഇതിനോടകം തന്നെ യുദ്ധത്തിനെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുണ്ട്. പുതിയ പ്രാദേശിക രാഷ്ട്രീയ വെല്ലുവിളികള്‍ കണക്കിലെടുത്ത് തങ്ങളുടെ ഗ്ലോബല്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ സൈബര്‍ ഇന്‍ഷുറന്‍സ് കൂടി കൂട്ടിച്ചേര്‍ത്തതായി 2018ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സാബിക് വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Arabia

Related Articles