ആല്‍ഫബെറ്റിനെയാകെ ഇനി സുന്ദര്‍ പിച്ചായ് നയിക്കും

ആല്‍ഫബെറ്റിനെയാകെ ഇനി സുന്ദര്‍ പിച്ചായ് നയിക്കും
  • ഗൂഗിളിന്റെ മാതൃകമ്പനിയുടെ നായകനായി സുന്ദര്‍ പിച്ചായിയെ പ്രഖ്യാപിച്ചത് സ്ഥാപകരായ രാറി പേജും സെര്‍ജി ബ്രിന്നും
  • പേജ് ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനവും ബ്രിന്‍ പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞു; ഇനി കമ്പനിക്ക് ഏക നേതൃത്വം

സിലിക്കണ്‍ വാലി: ഡിജിറ്റല്‍ സാങ്കേതിക വിദ്യാ രംഗത്തെ അതികായരായ ഗൂഗിളിനെ 2015 മുതല്‍ കാര്യക്ഷമതയോടെ നയിക്കുന്ന ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചായ്ക്ക് കൂടുതല്‍ ചുമതലകളും അംഗീകാരവും നല്‍കി കമ്പനി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ കൂടി അമരത്തേക്കാണ് 47 കാരനായ പിച്ചായ് നിയമിതനായത്. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുമാണ് പിച്ചായിയുടെ അവരോഹണ പ്രഖ്യാപനം നടത്തിയത്. ആല്‍ഫബെറ്റ് സിഇഒ സ്ഥാനത്തേക്ക് പേജിന് പകരക്കാരനായാണ് പിച്ചായ് എത്തുന്നത്. കമ്പനിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതായി സെര്‍ജി ബ്രിന്നും പ്രഖ്യാപിച്ചതോടെ ഇനി ആല്‍ഫബെറ്റിന് പിച്ചായിയുടെ ഏകനേതൃത്വം. ‘ആല്‍ഫബെറ്റിനും ഗൂഗിളിനും ഇനിമേല്‍ രണ്ടു സിഇഒമാരുടെയും പ്രസിഡന്റിന്റെയും ആവശ്യമില്ല. ഇനി സുന്ദര്‍ ഇരുകമ്പനികളുടെയും സിഇഒ ആയിരിക്കും’ പേജും ബ്രിന്നും ബ്ലോഗിലൂടെ പ്രസ്താവിച്ചു.

ഗൂഗിളിന്റെ മറ്റ് സംരംഭങ്ങളെ അതിന്റെ പ്രധാന ബിസിനസുകളില്‍നിന്ന് വേര്‍തിരിക്കുന്നതിനായി 2015 ല്‍ സ്ഥാപിതമായ മാതൃ കമ്പനിയാണ് ആല്‍ഫബെറ്റ്. അന്ന്, ഗൂഗിള്‍ സിഇഒ സ്ഥാനത്തേക്ക് പിച്ചായിയെ നിയമിച്ചുകൊണ്ട് ആല്‍ഫബെറ്റിന്റെ നേതൃത്വം പേജ് ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെയായി പേജും ബ്രിന്നും ആല്‍ഫബെറ്റിന്റെയും ഗൂഗിളിന്റെയും ഭരണത്തില്‍ വിരക്തി കാട്ടിത്തുടങ്ങിയിരുന്നു. 2019 ല്‍ പേജിന്റെ അസാന്നിധ്യം കൂടുതല്‍ പ്രകടമായതോടെ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യവസായ സാമ്രാജ്യങ്ങളിലൊന്നിന്റെ തലപ്പത്തേക്ക് ആരെന്ന ചോദ്യം സജീവമായിരുന്നു. ആഗോള ടെക് സിംഹാസനത്തിലേക്കാണ് ഇന്ത്യക്കാരന്റെ അവരോഹണമെന്ന് സാരം. ഭരണ നേതൃസ്ഥാനങ്ങളില്‍ നിന്ന് മാറുകയാണെങ്കിലും, കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമായുള്ള ബോര്‍ഡ് അംഗങ്ങളെന്ന നിലയില്‍ പരിപൂര്‍ണ്ണ അധികാരം പേജിനും ബ്രിന്നിനും തന്നെയാവും. പേജിന് 26.1% ഓഹരികളും ബ്രിന്നിന് 25.25% ഓഹരികളും കമ്പനിയിലുണ്ട്. പിച്ചായ്ക്ക് ഒരു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമാണുള്ളത്. ആല്‍ഫബെറ്റിനെ പിച്ചായിയുടെ കൈയില്‍ ഭദ്രമായി ഏല്‍പ്പിച്ചിട്ട് നാല്‍പ്പത്താറുകാരായ പേജും ബ്രിന്നും സന്യസിക്കാന്‍ പോകുമോ? ഇല്ല…പറക്കുന്ന കാറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ട് പേജ് അടുത്തിടെ ഒരു കമ്പനി ആരംഭിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി വ്യാപാരത്തിലേക്കും റോബോട്ടുകളിലേക്കുമാണ് ബ്രിന്നിന്റെ കണ്ണ്.

വെല്ലുവിളികള്‍ ഏറെ

സാങ്കേതിക വിദ്യാ രംഗത്തുളള കമ്പനികളുടെ അമരക്കാര്‍ രാഷ്ട്രീയപരമായും സാമൂഹികവുമായ ചോദ്യംചെയ്യലുകള്‍ക്ക് വിധേയരാകുന്ന കാലത്ത് പിച്ചായ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി യുഎസ് സെനറ്റര്‍മാര്‍ മുതല്‍ കമ്പനിയിലെ ജീവനക്കാര്‍ വരെയുള്ളവരുടെ വിമര്‍ശനങ്ങള്‍ പേജിനും ബ്രിന്നിനും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വിമര്‍ശനങ്ങലെ നേരിടാനാകാതെ തിരശീലക്ക് മുന്നില്‍ ഒളിച്ച ഇരുവര്‍ക്കുമായി സര്‍ക്കാരിനും പൊതുവിമര്‍ശകര്‍ക്കും മുന്നില്‍ പിച്ചായിയാണ് പലപ്പോഴും ഹാജരായത്. ഇത് വിമര്‍ശകരെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. ചൈനയിലെ ഉപഭോക്താക്കള്‍ക്കായി പരീക്ഷണാര്‍ത്ഥം സെര്‍ച്ചിംഗ് ആപ്പ് തയാറാക്കിയതടക്കം വിവാദങ്ങളില്‍ കമ്പനി പെടുകയും ചെയ്തു. രാഷ്ട്രീയമടക്കം വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളില്‍ തീരുമാനങ്ങളെടുക്കുന്നതിന് പിച്ചായ്ക്കുള്ള പാടവം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. പേജ് ഗൂഗിളിന്റെ സിഇഒയും എറിക് ഷ്മിറ്റ് ചെയര്‍മാനുമായിരിക്കെ ചെയ്തതുപോലെ, തീരുമാനങ്ങളെടുക്കാനായി പിച്ചായിയും അഭിഭാഷകരെയും, രാഷ്ട്രീയ നയ തന്ത്രജ്ഞരായ ഉദ്യോഗസ്ഥരെയും സമീപിക്കുമോ അതോ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമോയെന്നാണ് കോര്‍പ്പറേറ്റ് ലോകം ഉറ്റുനോക്കുന്നത്.

ആല്‍ഫബെറ്റിന്റെ സാമ്രാജ്യം

ലോകത്തെ അഞ്ചാമത്തെ വലിയ ടെക് കമ്പനിയും ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളിലൊന്നുമാണ് ആല്‍ഫബെറ്റ്. ആകെ ആസ്തി 232.8 ബില്യണ്‍ യുഎസ് ഡോളര്‍. വിവിധ രാജ്യങ്ങളിലും കമ്പനികളിലുമായി ഒരു ലക്ഷത്തിലേറെ ജീവനക്കാര്‍

പ്രധാന ഉപ കമ്പനികള്‍: വെയ്‌മൊ (ഡ്രൈവര്‍ രഹിത കാറുകള്‍), വെരിലി (ആരോഗ്യ പരിപാലന സേവനങ്ങള്‍), കാലികോ (ജൈവസാങ്കേതിക വിദ്യാ ഗവേഷണ-വികസനം), സൈഡ്‌വാക്ക് ലാബ്‌സ് (നവീന നഗര ആശയങ്ങള്‍)

ലൂണ്‍ (ഗ്രാമീണ മേഖലയില്‍ ബലൂണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കല്‍), രഹസ്യ ഗവേഷണ സ്ഥാപനമായ എക്‌സ് ഡെവലപ്‌മെന്റ്, സ്മാര്‍ട്ട് ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന നെസ്റ്റ്, കാറ്റാടി ടര്‍ബൈനുകള്‍ നിര്‍മിക്കുന്ന മകാനി, ഇക്വിറ്റി കമ്പനിയായ കാപിറ്റല്‍ജി എന്നിവയ്‌ക്കൊപ്പം ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഗൂഗിള്‍ വെഞ്ച്വറും ആല്ഫബെറ്റ് കുടക്കീഴിലുണ്ട്.

തമിഴ്‌നാട്ടിലെ മധുര നഗരത്തില്‍ 1972 ജൂണ്‍ 10 ന് ഒരു സാധാരണ കുടുംബത്തിലാണ് പിച്ചായ് സുന്ദരരാജനെന്ന സുന്ദര്‍ പിച്ചായിയുടെ ജനനം. സ്റ്റെനോഗ്രാഫറായിരുന്ന ലക്ഷ്മിയുടെയും ജിഇയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന രഘുനാഥ പിച്ചായിയുടെയും മകന്‍. സ്വീകരണമുറിയുടെ തറയില്‍ കിടന്നുറങ്ങിയ, കനത്ത വേനലില്‍ കുടിവെള്ളമില്ലാതെ വലഞ്ഞ ബാല്യത്തെക്കുറിച്ച് പിച്ചായ് അടുത്തിടെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഐഐടി ഖരഗ്പൂരില്‍ മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം. അവിടെവെച്ച് കണ്ടുമുട്ടിയ അഞ്ജലിയെ പിന്നീട് ജീവിതസഖിയാക്കി. യുഎസിലെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദാനന്തര ബിരുദവും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടി. 2004 ലാണ് ഗൂഗിളില്‍ ജോലി ലഭിക്കുന്നത്. ക്രോം പ്രൊജക്റ്റിലെ പിച്ചായിയുടെ പ്രകടനം പേജിനെയും ബ്രിന്നിനെയും അങ്ങേയറ്റം ആകര്‍ഷിച്ചു. ഗൂഗിള്‍ ക്രോമിനെ ലോകത്തെ ഒന്നാംകിട ബ്രൗസറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മധുരഭാഷിയും പ്രശ്‌ന പരിഹാരകനുമായ നായകനെന്നാണ് ഗൂഗിളില്‍ അദ്ദേഹം അറിയപ്പെട്ടത്. 2013 ല്‍ ആന്‍ഡ്രോയ്ഡ് വിഭാഗത്തിന്റെ ചുമതലയിലെത്തിയ പിച്ചായ് അവിചെയും തിളങ്ങിയതോടെ രണ്ടു വര്‍ഷത്തിന് ശേഷം ഗൂഗിളിന്റെ തലപ്പത്തേക്ക്. നിലവില്‍ ഗൂഗിളിന്റെ വെബ് സെര്‍ച്ച്, യൂറ്റിയൂബ്, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ സേവനങ്ങളുടെ മേല്‍നോട്ടമായിരുന്നു വഹിച്ചിരുന്നത്.

ആല്‍ഫബെറ്റിന്റെ ദീര്‍ഘവീക്ഷണത്തെയും, സാങ്കേതിക വിദ്യയിലൂടെ വലിയ വെല്ലുവിളികള്‍ നേരിടുന്ന ലക്ഷ്യത്തെയും ഞാന്‍ ആകാംക്ഷയോടെയാണ്് കാണുന്നത്

-സുന്ദര്‍ പിച്ചായ്

നിത്യവുമുള്ള ശകാരങ്ങള്‍ വെടിഞ്ഞ് കമ്പനിയുടെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുന്ന, ഉപദേശങ്ങളും സ്‌നേഹവും നല്‍കുന്ന രക്ഷകര്‍ത്താക്കളായി മാറേണ്ടതിന്റെ സമയമായെന്ന് ഞങ്ങള്‍ കരുതുന്നു

-ലാറി പേജ്, സെര്‍ജി ബ്രിന്‍

ആഗോള സിഇഒ എന്നാതാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ കയറ്റുമതി ഉല്‍പ്പന്നം. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേതൃത്വഗുണമുള്ളവരാണെന്ന ആഗോള കാഴ്ചപ്പാട് നിലവില്‍ വന്നിരിക്കുന്നു

-ആനന്ദ് മഹീന്ദ്ര, വ്യവസായി

Categories: FK News, Slider

Related Articles