സ്‌കോഡ കറോക്ക് ഏപ്രില്‍ മാസത്തിലെത്തും

സ്‌കോഡ കറോക്ക് ഏപ്രില്‍ മാസത്തിലെത്തും

പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യും

ന്യൂഡെല്‍ഹി: സ്‌കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കറോക്ക് 2020 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒരു ഇന്ത്യന്‍ ഓട്ടോ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, വിപണന, സര്‍വീസ് വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇടത്തരം വലുപ്പമുള്ള 5 സീറ്റര്‍ എസ്‌യുവി പൂര്‍ണമായും നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.

തുടക്കത്തില്‍ ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ടിഎസ്‌ഐ എന്‍ജിനായിരിക്കും കറോക്ക് എസ്‌യുവിയില്‍ ചെക്ക് വാഹന നിര്‍മാതാക്കള്‍ നല്‍കുന്നത്. 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയിലൊരു ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. ഡീസല്‍ എന്‍ജിന്‍ പിന്നീട് നല്‍കിയേക്കും.

115 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍, 115 എച്ച്പി പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍, സ്‌കോഡ കോഡിയാക്ക് ഉപയോഗിക്കുന്ന 150 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍, 189 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്നിവയാണ് അന്താരാഷ്ടതലത്തില്‍ സ്‌കോഡ കറോക്ക് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്ന മറ്റ് എന്‍ജിന്‍ ഓപ്ഷനുകള്‍.

നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,382 എംഎം, 1,841 എംഎം, 1,605 എംഎം എന്നിങ്ങനെയാണ്. 2,638 മില്ലി മീറ്ററാണ് വീല്‍ബേസ്. 521 ലിറ്ററാണ് ബൂട്ട് ശേഷി. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് ശേഷി 1,630 ലിറ്ററായി വര്‍ധിപ്പിക്കാം.

Comments

comments

Categories: Auto
Tags: Skoda karoq