വില്‍പ്പനക്കാര്‍ക്ക് കൈവശം വെക്കാവുന്ന സവാള സ്‌റ്റോക്കിന്റെ പരിധി പകുതിയായി കുറച്ചു

വില്‍പ്പനക്കാര്‍ക്ക് കൈവശം വെക്കാവുന്ന സവാള സ്‌റ്റോക്കിന്റെ പരിധി പകുതിയായി കുറച്ചു

നിര്‍ജ്ജലീകരണം ചെയ്ത സവാളയുടെ കയറ്റുമതിയും തടയുന്നത് പരിഗണനയില്‍

ന്യൂഡെല്‍ഹി: സാധാരണ സവാള കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചതിന് പിന്നാലെ നിര്‍ജ്ജലീകരണം ചെയ്ത സവാളയുടെ കയറ്റുമതിയും നിരോധിക്കാന്‍ ആലോചിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചില്ലറ വ്യാപാരികള്‍ക്ക് കൈവശം വെക്കാവുന്ന സവാള പരിധി 10 ടണ്ണില്‍ നിന്ന് 5 ടണ്ണായി കുറച്ചിട്ടുണ്ട്. മൊത്തക്കച്ചവടക്കാര്‍ക്ക് സൂക്ഷിക്കാവുന്ന സവാള സ്റ്റോക്കിന്റെ പരിധി 50 ടണ്ണില്‍ നിന്ന് 25 ടണ്ണായും കുറച്ചു. പുതുക്കിയ സ്റ്റോക്ക് പരിധി ഇറക്കുമതി ചെയ്യുന്ന സവാളക്ക് ബാധകമല്ല.

2018-19ല്‍ ഇന്ത്യ 102 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിര്‍ജ്ജലീകരണം ചെയ്ത സവാള കയറ്റുമതി ചെയ്തു, മുന്‍ വര്‍ഷത്തെ 91 മില്യണ്‍ ഡോളറില്‍ നിന്ന് മികച്ച വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 71 മില്യണ്‍ ഡോളര്‍ വരെ എത്തിയിട്ടുണ്ട്. എന്നാല്‍ താരതമ്യേന ചെറിയ കയറ്റുമതിയാണ് ഈ വിഭാഗത്തിലുള്ളത്. ജര്‍മനി, റഷ്യ, യുഎസ്, ബ്രസീല്‍ എന്നിവയാണ് കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില കിലോഗ്രാമിന് 100 രൂപയ്ക്ക് അടുത്ത് എത്തിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില കിലോയ്ക്ക് 150 രൂപ വരെ ആയി. സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇറക്കുമതി സവാള എത്തുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ചയോടെ വിപണിയിലെ വില കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന സവാള ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ ഉണ്ടായ നാശ നഷ്ടങ്ങളും ഉല്‍പ്പാദനത്തില്‍ ഉണ്ടായ കുറവുമാണ് സവാള ലഭ്യത പരിമിതമാക്കിയത്.

Comments

comments

Categories: FK News