ക്രയോണ്‍ എന്‍വി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ക്രയോണ്‍ എന്‍വി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ഓരോ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുമ്പോഴും ഒരു വൃക്ഷത്തൈ നടും

ന്യൂഡെല്‍ഹി: ക്രയോണ്‍ എന്‍വി ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്തരാഖണ്ഡ് ആസ്ഥാനമായ ക്രയോണ്‍ മോട്ടോഴ്‌സാണ് നിര്‍മാതാക്കള്‍. മികച്ച സംഭരണ ഇടം നല്‍കുന്നതുകൂടാതെ എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്നതും കൂടുതല്‍ റൈഡിംഗ് റേഞ്ച് ലഭിക്കുന്നതുമാണ് ക്രയോണ്‍ എന്‍വി. ക്രയോണ്‍ മോട്ടോഴ്‌സിന്റെ ലോ സ്പീഡ് സ്‌കൂട്ടറുകളുടെ കൂട്ടത്തിലാണ് പുതിയ മോഡലിന് സ്ഥാനം. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വൈകാതെ പ്രഖ്യാപിക്കും.

250 വാട്ട് ഹൈ പെര്‍ഫോമന്‍സ് ബിഎല്‍ഡിസി മോട്ടോറാണ് ക്രയോണ്‍ എന്‍വി ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത്. 48 വോള്‍ട്ട് ലെഡ് ആസിഡ് ബാറ്ററി അല്ലെങ്കില്‍ 60 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി നല്‍കും. കീലെസ് ഇഗ്നിഷന്‍, ഇലക്ട്രോണിക് ബ്രേക്ക് അസിസ്റ്റ്, റിവേഴ്‌സ് അസിസ്റ്റ്, റീജനറേറ്റീവ് എനര്‍ജി, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഫീച്ചറുകളില്‍ ചിലതാണ്. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നു. ഹാന്‍ഡില്‍ബാറിലാണ് ഇന്‍ഡിക്കേറ്ററുകള്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ടാഗിംഗ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, മൊബീല്‍ ചാര്‍ജിംഗ് എന്നിവയും സവിശേഷതകളാണ്. 10 ഇഞ്ച് അലോയ് വീലുകളിലാണ് ക്രയോണ്‍ എന്‍വി വരുന്നത്.

നാല് മാസത്തിനുള്ളില്‍ ആയിരം യൂണിറ്റ് എന്‍വി ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് ക്രയോണ്‍ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ഓരോ സ്‌കൂട്ടര്‍ വില്‍ക്കുമ്പോഴും ഒരു വൃക്ഷത്തൈ നടാനാണ് തീരുമാനം. സീസ് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി നേരത്തെ വിപണിയിലെത്തിച്ചിരുന്നു. സമീപ ഭാവിയില്‍ ഹൈ സ്പീഡ് സ്‌കൂട്ടറുകളും പുറത്തിറക്കും.

1,880 എംഎം നീളവും 710 എംഎം വീതിയും 1,120 എംഎം ഉയരവും വരുന്നതാണ് ക്രയോണ്‍ എന്‍വി. പതിനഞ്ചോളം ബാങ്കുകളിലൂടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൂടെയും ഇഎംഐ രീതിയില്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതായി ക്രയോണ്‍ മോട്ടോഴ്‌സ് ഡയറക്റ്റര്‍ രാഹുല്‍ ജെയ്ന്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ നൂറ് ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto