ഇടനിലക്കാരില്ലാതെ വാട്‌സാപ്പ് ഓര്‍ഗാനിക് വിപണി

ഇടനിലക്കാരില്ലാതെ വാട്‌സാപ്പ് ഓര്‍ഗാനിക് വിപണി

വാട്‌സാപ്പില്‍ ഉപഭോക്താക്കളെ കോര്‍ത്തിണക്കി ആവശ്യമുള്ള പച്ചക്കറികള്‍ മാത്രം മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുകയാണിവിടെ. നിര്‍ദിഷ്ട വിപണികളിലൂടെയും റെസിഡെന്‍ഷ്യല്‍ സൊസൈറ്റികള്‍ കേന്ദ്രീകരിച്ചുമാണ് വില്‍പ്പന

വിഷമയമില്ലാത്ത പച്ചക്കറി എന്ന ആശയമാണ് ഓര്‍ഗാനിക് പച്ചക്കറി കൃഷിക്ക് തുടക്കമിടാനുള്ള പ്രധാന കാരണം. ഇന്ന് വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ളതും ഓര്‍ഗാനിക് പച്ചക്കറികള്‍ക്കു തന്നെ. എന്നാല്‍ കര്‍ഷകര്‍ ഇടനിലക്കാര്‍ വഴി വിപണിയില്‍ ഇടപെടുന്നതിനാല്‍ ലാഭത്തിന്റെ പകുതിയും നഷ്ടമാകുന്നു എന്ന തോന്നതാണ് മുംബൈ സ്വദേശിയായ ഭഗവത്തിനെ നേരിട്ട് വിപണിയിലെത്താന്‍ പ്രേരിപ്പിച്ചത്. കൃഷിയിടത്തില്‍ നിന്നും നേരിട്ട് പച്ചക്കറിയില്‍ തീന്‍മേശയിലേക്ക് എത്തിക്കുന്ന ഫാം ടു ഫോര്‍ക്ക് എന്ന ആശയം കടമെടുത്താണ് ഓര്‍ഗാനിക് കര്‍ഷകനായ ഭഗവത് മുംബൈയിലെ ഗാര്‍ഡന്‍ എസ്‌റ്റേറ്റില്‍ ഒരു ഓര്‍ഗാനിക് മാര്‍ക്കറ്റിന് തുടക്കമിട്ടത്. നാസികിലെ കര്‍ഷക സംഘടനയ്‌ക്കൊപ്പം നാല്‍പ്പതുകാരനായ ഭഗവത്തിന്റെ ശ്രമം വിജയം കണ്ടതോടെ ഇടനിലക്കാരില്ലാതെ പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വിപണിയില്‍ എത്തിക്കാനും മുമ്പത്തേക്കാളും 20 ശതമാനം അധികം ലാഭം നേടാനും കഴിഞ്ഞിരിക്കുന്നു.

200 കര്‍ഷകരെ കൂട്ടിയിണക്കിയ കൂട്ടായ്മ

വസുന്ധര സേന്ദ്രീയ ഷേട്ട്മാല്‍ സമ്പര്‍ക്ക് ശേട്ട്ഖാരി ഘാട്ട് എന്നു പേരിട്ടിരിക്കുന്ന സഹകരണ കൂട്ടായ്മയില്‍ ഇരുനൂറോളം കര്‍ഷകര്‍ അണിനിരന്നിട്ടുണ്ട്. മുംബൈയില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഓര്‍ഗാനിക് മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുക. വിപണിയിലെത്തുന്ന ഫ്രഷ് ആയ ഓര്‍ഗാനിക് പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്‍ഡ് ആയതിനാല്‍ വളരെ പെട്ടെന്ന് വിറ്റഴിയുകയും ചെയ്യും. വീടുകളില്‍ തന്നെ ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ് ഇവയെല്ലാം. 2016ല്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (എടിഎംഎ) നിരവധി കര്‍ഷകര്‍ക്ക് ഓര്‍ഗാനിക് കൃഷിയില്‍ പരിശീലനം നല്‍കിയിരുന്നു. ഇതില്‍ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ബിസിനസ് ലാഭകരമാക്കുന്ന പലവിധ ടിപ്‌സുകളും ലഭിച്ച ഭഗവത് അവ പ്രയോഗത്തില്‍ വരുത്തിയതാണ് നിരവധി ചെറുകിട കര്‍ഷകര്‍ക്ക് നേട്ടമായിരിക്കുന്നത്. വിമുക്ത ഭടനായ പിന്റോയുടെ നേതൃത്വത്തില്‍ ശരണ്‍ ഓര്‍ഗാനിക് ഫാമിംഗ് മാര്‍ക്കറ്റില്‍ മൂന്ന് വര്‍ഷം മുമ്പ് സ്റ്റാള്‍ നിര്‍മിച്ച് എല്ലാ ഞായറാഴ്ചകളിലും 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പച്ചക്കറി വില്‍പ്പന നടത്തിയാണ് ഈ ഉദ്യമത്തിന് ആദ്ദേഹം തുടക്കമിട്ടത്. തുടര്‍ന്ന് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയതോടെ മുംബൈയിലെ ഗാര്‍ഡണ്‍ എസ്‌റ്റേറ്റിലേക്ക് വിപണി കൂടുതല്‍ വിപുലമാക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വില്‍പ്പന

ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഒരുക്കിയാണ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് അറിയാനും അതു സംബന്ധിച്ച് സംവദിക്കാനും സാധിക്കും. ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് കൂടുതല്‍ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സമാഹരിച്ച് വില്‍ക്കാനും കഴിയുന്നതായും ഭഗവത് പറയുന്നു. ഓര്‍ഗാനിക് മാര്‍ക്കറ്റ് തുറക്കുന്നതിന് ഒരു ദിവസം മുമ്പായി ഭഗവത് വിപണിയിലേക്ക് എത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അയക്കുകയാണ് പതിവ്. ഉപഭോക്താക്കള്‍ നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ച് മാത്രമുള്ള പച്ചക്കറികളാണ് കയറ്റി അയയ്ക്കുക. ഇത് വഴി പച്ചക്കറികള്‍ അവശേഷിപ്പിക്കാതെയും മാലിന്യം ഒഴിവാക്കിയും വില്‍പ്പന നടത്താനാകുമെന്ന് ഭഗവത് ചൂണ്ടിക്കാട്ടുന്നു.

ഇടനിലക്കാരുടെ കമ്മീഷനില്ലാതെ കര്‍ഷകര്‍ക്ക് വിപണിയിലെ അതേ വില തന്നെ പച്ചക്കറികള്‍ക്ക് ലഭിക്കുമെന്ന് മാത്രമല്ല, ഫ്രഷ് ആയ പച്ചക്കറികള്‍ ആളുകള്‍ക്ക് ലഭിക്കുകയും ചെയ്യും. ”നഗര പ്രദേശങ്ങളില്‍ ഓര്‍ഗാനിക് പച്ചക്കറികള്‍ക്ക് വലിയ തോതില്‍ ഡിമാന്‍ഡ് ഉണ്ട്. കൂടുതല്‍ ആളുകള്‍ വാങ്ങണമെന്ന് താല്‍പ്പര്യപ്പെടുന്നതിനാല്‍ കിലോഗ്രാമിന് മൂന്നോ നാലോ രൂപ മാത്രമേ ഞങ്ങള്‍ അധികം വാങ്ങാറുള്ളൂ”, ഭഗവത് പറഞ്ഞു. ഓരോ കര്‍ഷകനും ഈ ഫാം വിപണികളിലൂടെ പ്രതിദിനം 2000 രൂപ ലഭിക്കണമെന്നാണ് ഭഗവത്തിന്റെ ആഗ്രഹം. ഇതിനു പുറമെ റെസിഡെന്‍ഷ്യല്‍ സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് ഓര്‍ഡര്‍ എടുത്തും ഫ്രഷ് പച്ചക്കറികള്‍ ഭഗവത്തില്‍ നിന്നും വാങ്ങാനാകും. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ആവശ്യമായ പച്ചക്കറികളും വീടുകളുടെ എണ്ണവും നല്‍കിയാല്‍ മാത്രം മതിയാകും. കര്‍ഷകരുടെ പരിശ്രമത്തിന് യോജിച്ച പ്രതിഫലം ഉറപ്പാക്കുകയാണ് ഇതുവഴി. മാത്രമല്ല നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന ഓര്‍ഗാനിക് പച്ചക്കറി ഡിമാന്‍ഡിലെ വിടവ് നികത്താനും ഭഗവത്തിന്റെ ഈ ഉദ്യമത്തിലൂടെ കഴിയും.

Comments

comments

Categories: FK Special