ഇന്‍ഷുറന്‍സ് പോളിസി മുടങ്ങിയാല്‍

ഇന്‍ഷുറന്‍സ് പോളിസി മുടങ്ങിയാല്‍

മെഡിക്കല്‍, വാഹന ഇന്‍ഷുറന്‍സ് പോളിസി മുടങ്ങിയാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാം

വിശ്വനാഥന്‍ ഒടാട്ട്

മെഡി ക്ലെയിം ഇന്‍ഷുറന്‍സ്:

പോളിസി തിരഞ്ഞെടുക്കുക മാത്രമല്ല, അവ യഥാസമയം പുതുക്കിയില്ലെങ്കില്‍ പോളിസി നിയമപ്രകാരം അതില്‍ ലഭ്യമായിട്ടുള്ള പല ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയുണ്ട്. വര്‍ഷങ്ങളായി പുതുക്കി വരുന്ന പോളിസികളില്‍ പോളിസി ഉടമയ്ക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ ഒട്ടനവധിയാണ്. പോളിസി എടുത്താല്‍ ആദ്യത്തെ 30 ദിവസം അസുഖങ്ങള്‍ക്ക് കവറേജ് ലഭ്യമല്ല. എന്നാല്‍ അപകട ചികിത്സയ്ക്ക് ഇത് ബാധകമല്ല. പിന്നീട് ഒന്നും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ചികിത്സാ ചിലവ് ലഭ്യമല്ലാത്ത അസുഖങ്ങളുണ്ട്. ഇതുകൂടാതെ നിലവിലുള്ള അസുഖങ്ങള്‍ക്ക് പലപ്പോഴും ആദ്യത്തെ മൂന്ന് വര്‍ഷത്തില്‍ ക്ലെയിം ലഭിക്കുകയില്ല. ചുരുക്കിപറഞ്ഞാല്‍ നാല് വര്‍ഷമായ ഒരു പോളിസിയിലായിരിക്കും നമുക്ക് ചികിത്സാ ചിലവുകള്‍ പൂര്‍ണ്ണമായും ലഭിക്കുകയുള്ളു. അതും ഓരോ വര്‍ഷവും കാലാവധി തീരുന്നതിന് മുന്‍പ് തന്നെ പോളിസി പുതുക്കിയാല്‍ മാത്രം.

പോളിസികളില്‍ വീഴ്ച വരുത്തുന്ന സ്വഭാവം മെഡിക്ലെയിമില്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം തീരെ ഗുണകരമല്ല. ഒരിക്കല്‍ പോളിസിയില്‍ വീഴ്ചവന്നാല്‍ 30 ദിവസമത്ത ഗ്രേയ്‌സ് പിരീഡ് കമ്പനി അനുവദിക്കുന്നുണ്ട്. അതായത് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ പോളിസി പുതുക്കുവാന്‍ നല്‍കുന്ന സമയമാണിത്. മറ്റ് ഇന്‍ഷുറന്‍സ് പോളിസികളെപ്പോലെ പുതുക്കിയില്ലെങ്കില്‍ പല ആനുകൂല്യങ്ങളും നഷ്ടമാവും. ഇതില്‍ ഒന്ന് മുതല്‍ നാല് വര്‍ഷം വരെ ലഭ്യമല്ലാത്ത ചികിത്സാ ചിലവുകള്‍, ക്ലെയിമില്ലാത്ത വര്‍ഷങ്ങളില്‍ ലഭിച്ച ക്യുമുലേറ്റീവ് ബോണസ് എന്നിവയാണ്. മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി പുതുക്കുന്ന പോളിസി ഉടമകള്‍ക്ക് പിന്നീട് ലഭിക്കുന്ന മെഡിക്കല്‍ പരിശോധന തുകയും നഷ്ടമാവും. ഇന്‍ഷൂറന്‍സ് പോളിസി മുടക്കം വന്ന കാലഘട്ടത്തില്‍ അസുഖങ്ങള്‍ക്കോ, അപകടങ്ങക്കോ ചികിത്സാ ചിലവ് ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്:

കാലാവധി തീരുന്നതിന് മുന്‍പായി വാഹനം ഇന്‍ഷുറന്‍സ് പ്രീമിയം അടച്ച് പുതുക്കിയില്ലെങ്കില്‍ വാഹനം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് റിനീവല്‍ നോട്ടീസ് കിട്ടാതിരിക്കുക, പുതുക്കേണ്ട തീയതി അപ്രതീക്ഷിതമായി മറന്ന് പോവുക, പുതുക്കേണ്ട ദിവസങ്ങള്‍ ഒഴിവ് ദിവസങ്ങളാവുക, തപാലിലോ, കൊറിയര്‍ വഴിയോ അയച്ചിരുന്ന പ്രീമിയം തുക യഥാ സമയം കിട്ടാതിരിക്കുക, പ്രീമിയം കൊടുത്തയച്ച വ്യക്തി യഥാ സമയം കമ്പനിയില്‍ അടക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് മുടങ്ങിപ്പോകാനിടയുണ്ട്. സാധാരണയായി കമ്പനികള്‍ അയക്കുന്ന റിന്യൂവല്‍ നോട്ടീസില്‍ കാലാവധി തീരുന്നതിന് മുന്‍പായി പ്രീമിയം അടക്കണമെന്നും അല്ലാത്ത പക്ഷം വാഹനം പരിശോധനക്കായി നേരില്‍ കൊണ്ടുവരണമെന്ന് പോളിസി ഉടമകള്‍ക്ക് നല്‍കുന്ന നോട്ടീസില്‍ പറയാറുണ്ട്.

വാഹനം നിര്‍ബന്ധമായും പരിശോധന നടത്തണമെന്നതിന്റെ കാരണം മറ്റൊന്നുമല്ല. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത സമയത്ത് അപകടങ്ങള്‍ ഉണ്ടാകാമല്ലോ. അപ്രകാരം അപകടങ്ങള്‍ നടന്നശേഷം വാഹനം കാണിക്കാതെ ഇന്‍ഷുര്‍ ചെയ്താല്‍ സംഭവിച്ചിട്ടുള്ള കഷ്ട നഷ്ടങ്ങള്‍ക്ക് ക്ലെയിം എടുത്താലോ? ഇത് ഇന്‍ഷുറന്‍സ് നിയമപ്രകാരം തെറ്റായ ഒന്നാണ്. അതിനാല്‍ വാഹനം പരിശോധിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍ നമ്പര്‍, പോളിസി നമ്പര്‍, വാഹനത്തിന്റെ നിറം, ഓടിയ ദൂരം എന്നിവ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. കൂടാതെ വാഹനത്തിന്റെ ഫോട്ടോ കൂടി എടുക്കുന്നത് മൂലം വാഹനത്തിന്റെ ബാഹ്യമായ കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനാകും. മോട്ടോര്‍ വാഹനം ശ്രദ്ധിച്ച് ഓടിക്കുകയും തന്മൂലം അപകടങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നോക്ലെയിം ബോണസ് നല്‍കുന്നുണ്ട്. ഇത് പരമാവധി 50 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് കാലാവധി തെറ്റിയ ശേഷം 90 ദിവസത്തിനകം പോളിസി പുതുക്കുന്നവര്‍ക്ക് നോ ക്ലെയിം ബോണസിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

Categories: Current Affairs