ചൈന ഇന്ത്യയ്‌ക്കെതിരെ ചക്രവ്യൂഹമൊരുക്കുന്നു

ചൈന ഇന്ത്യയ്‌ക്കെതിരെ ചക്രവ്യൂഹമൊരുക്കുന്നു

കിഴക്കനേഷ്യയിലെ മറ്റ് രാജ്യങ്ങളെ ഒപ്പം നിര്‍ത്തി ഇന്ത്യയ്‌ക്കെതിരെ ചക്രവ്യൂഹം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്ന് ടി പി ശ്രീനിവാസന്‍. അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താനുള്ള പ്രധാന നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചരിത്രപരമായ കാഴ്ച്ചപ്പാടിന്റെ അഭാവം മൂലമാണ്. ആര്‍സിഇപി കരാറില്‍ ഇന്ത്യയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറാകാത്തത് കൊണ്ടാണ് രാജ്യത്തിന് പിന്മാറേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  • അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കേണ്ടതുണ്ട്
  • വിദ്യഭ്യാസത്തെ അന്താരാഷ്ട്രവല്‍ക്കരിക്കണം, ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം വേണം
  • അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം വിദ്യാഭ്യാസരംഗത്ത് പരിഹരിക്കപ്പെടണം

ഇന്ത്യയുടെ വിദേശകാര്യരംഗത്തെ വെല്ലുവിളികളും കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ പോരായ്മകളും തുറന്നുപറയുകയാണ് അമേരിക്കയിലെ മുന്‍ അംബാസഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി പി ശ്രീനിവാസന്‍.

ആര്‍സിഇപി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത) കരാറില്‍ നിന്നും ഇന്ത്യ പിന്മാറിയല്ലോ. അത് ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ എങ്ങനെ ബാധിക്കും?

അതിന് നമ്മുടെ വിദേശകാര്യമന്ത്രി നല്ലൊരു ഉത്തരം നല്‍കിയല്ലോ. നമ്മളെ സംബന്ധിച്ചിടത്തോളം ആ കരാര്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുമായിരുന്നു. കിഴക്കനേഷ്യയില്‍ വലിയൊരു കരാറാകുമായിരുന്ന ഒന്നാണ് ആര്‍സിഇപി. ആസിയാനും അഞ്ച് മറ്റ് രാജ്യങ്ങളും അതിന്റെ ഭാഗമാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് ദീര്‍ഘകാലത്തേക്ക് നമ്മളെ ബാധിക്കും. പക്ഷെ ഇപ്പോള്‍ നമ്മള്‍ താരിഫ് ഇളവ് കൊടുത്താല്‍ ഈ രാജ്യങ്ങളൊക്കെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യും. അത് കാര്‍ഷികമേഖലയിലും മാനുഫാക്ചറിംഗ് രംഗത്തും നമുക്ക് വെല്ലുവിളിയാകും. ആസിയാന്‍ കരാറില്‍ നമുക്ക് ചില ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിതന്നിരുന്നു. ഇവിടെയും നമ്മള്‍ അത് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് തോന്നുന്നു. അതാണല്ലോ പ്രധാനമന്ത്രി അവിടെ പോയതും ഒപ്പിടാന്‍ ആഗ്രഹിച്ചതുമൊക്കെ. പക്ഷെ ചൈനയുടെ കടുംപിടുത്തം കൊണ്ടായിരിക്കാം അതൊന്നും നടന്നില്ല. അവരുടെ ഡീല്‍ പൂര്‍ണമായും അംഗീകരിക്കുക എന്നത് മാത്രമായിരുന്നു ഒരേയൊരു ഓപ്ഷന്‍ ഉണ്ടായിരുന്നത്. ഞാന്‍ കരുതിയത് അത് മൂന്നോ നാലോ മാസത്തേയ്ക്ക് മാറ്റിവച്ച് ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ്. എന്നാല്‍ അതും ഉണ്ടായില്ല. അതുകൊണ്ട് എന്റെ ആശങ്ക ആര്‍സിഇപിയെ പറ്റി മാത്രമല്ല കിഴക്കനേഷ്യയിലെ റീജണല്‍ ഇന്റഗ്രേഷനില്‍ ഇന്ത്യയ്ക്കുള്ള റോള്‍ കുറഞ്ഞുകുറഞ്ഞു വരുകയാണ്. എപെക് സ്ഥാപിതമായിട്ട് 30 വര്‍ഷമായല്ലോ. ഇപ്പോഴും ഇന്ത്യ അതില്‍ അംഗമല്ല. പലതവണ ഇക്കാര്യം സംസാരിച്ചപ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഇന്ത്യയെ ഒഴിവാക്കി. ചൈനയും പാകിസ്ഥാനും കാരണം സാര്‍ക് ഏറെക്കുറെ മരിച്ച അവസ്ഥയിലാണ്. ബിംസ്റ്റെക് അത്രത്തോളം ഉയര്‍ന്നുവരുന്നില്ല. അപ്പോള്‍ ഒരു കാരണമല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് പല കൂട്ടായ്മകളില്‍ നിന്നും ഇന്ത്യ ഒഴിഞ്ഞുനില്‍ക്കുന്ന ഒരു സാഹചര്യമാണുള്ളത്. നമ്മള്‍ പ്രധാനമായും ആസിയാനുമായി നന്നായി സഹകരിച്ചുകൊണ്ടിരുന്നതാണ്. ഇത് ആകസ്മികമായി ഉണ്ടായ രാഷ്ട്രീയവികാസമാണ്. പക്ഷെ ആര്‍സിഇപിയുടെ കാര്യത്തില്‍ ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മളില്ലാതെ അവര്‍ മുന്നോട്ടുപോകില്ല എന്ന അന്ധവിശ്വാസം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരു ഗുണമുള്ളത് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഗവണ്‍മെന്റിനെ ഇക്കാര്യത്തില്‍ പിന്തുണച്ചു എന്നുള്ളതാണ്.

ആര്‍സിഇപി കരാറില്‍ നിന്നും പിന്മാറിയതില്‍ ഗവണ്‍മെന്റിനെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണച്ചതിനും കേരളനിയമസഭ വരെ അക്കാര്യം ആവശ്യപ്പെട്ടതിനും പ്രധാനകാരണം ആസിയാന്‍ പോലുള്ള മുന്‍ കരാറുകള്‍ സൃഷ്ടിച്ച ദുരിതങ്ങള്‍ മുന്നിലുള്ളത് കൊണ്ടാകാം. കേരളത്തിലെ പ്രധാനകാര്‍ഷികവിളയായ റബ്ബര്‍ നഷ്ടത്തിലായതിനും റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായതിനും പ്രധാനകാരണം ആസിയാന്‍ കരാര്‍ ആയിരുന്നല്ലോ. ആര്‍സിഇപി പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍വ്യാപാരകരാറുകളില്‍ ഒരു പുന പരിശോധന വേണമെന്ന് തോന്നുന്നുണ്ടോ?

ആസിയാന്‍ കരാറിലൂടെ കേരളത്തിന് നഷ്ടമുണ്ടായെങ്കിലും ഇന്ത്യയെ മുഴുവനായി പരിശോധിച്ചാല്‍ 45 ബില്യണ്‍ ഡോളറോളം പ്രയോജനമുണ്ടായി. കേരളത്തില്‍ റബ്ബര്‍ മേഖലയ്ക്കും സുഗന്ധദ്രവ്യ മേഖലയ്ക്കുമെല്ലാം നഷ്ടമുണ്ടായെങ്കിലും അത് പത്തോ പതിനഞ്ചോ ബില്യണ്‍ ഡോളറിന്റെ നഷ്ടം മാത്രമാണ്. അതുകൊണ്ടാണ് നമ്മളത് അംഗീകരിച്ചത്. പക്ഷെ ഇത്തവണ അങ്ങനെയല്ല. ചൈനയുമായുള്ള വ്യാപാരവും ആസിയാന്‍ വ്യാപാരവും വളരെ നഷ്ടത്തിലാകും. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും നമ്മുടെ ക്ഷീര മേഖലയെയാകെ നശിപ്പിക്കും.

കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വാധീനം കുറയുകയാണോ?

അത് മനപ്പൂര്‍വ്വം നമ്മളെ ഒഴിവാക്കുന്നതാണോ അതോ ആകസ്മികമായി സംഭവിക്കുന്നതാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഒരു ചക്രവ്യൂഹം സൃഷ്ടിക്കുകയാണോ എന്ന് ഞാനൊരു ആര്‍ട്ടിക്കിളില്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ അത് വെറും ആകസ്മികമാണ് എന്നാണ് മറ്റു പലരും അഭിപ്രായപ്പെട്ടത്.

മോദിയുടെ നൈബര്‍ഹുഡ് ഫസ്റ്റ് പോളിസി (അയല്‍ക്കാര്‍ ആദ്യം നയം) പരാജയമാണെന്നാണോ ഇത് സൂചിപ്പിക്കുന്നത്?

പരാജയമോ വിജയമോ എന്നല്ല, മറിച്ച് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ള പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗത്തില്‍ തന്നെ ‘ഇന്ത്യ അയല്‍ക്കാരോടൊപ്പം വളരുക’ എന്നൊരു കാഴ്ച്ചപ്പാടായിരുന്നു മുന്നോട്ടുവച്ചത്. അതിന് വേണ്ടിയിട്ടായിരുന്നല്ലോ ആ ഭരണാധികാരികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചതും അദ്ദേഹം അങ്ങോട്ടു പോയതുമൊക്കെ. പക്ഷെ എനിക്ക് തോന്നുന്നു ചരിത്രപരമായ കാഴ്ച്ചപ്പാടിന്റെ അഭാവമാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്ന്്. എഴുപത് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ശത്രുതയും പ്രശ്‌നങ്ങളും ഒരു ആലിംഗനം കൊണ്ടോ നവാസ് ഷെരീഫിന്റെ അമ്മയ്ക്ക് സാരി സമ്മാനിച്ചത് കൊണ്ടോ മകളുടെ കല്യാണത്തില്‍ പങ്കെടുത്തത് കൊണ്ടോ മാറില്ലെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിന് ഇല്ലാതിരുന്നത് കൊണ്ടാണ്. ഇപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങളൊക്കെ മനസിലായിട്ടുണ്ട്. ഇന്ത്യ വളരുന്നത് സാര്‍ക്ക് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നു കൊണ്ടാണെന്ന ഒരു കാഴ്ച്ചപ്പാട് മോദിയ്ക്ക് മാത്രമെ ഉള്ളു, മറ്റു രാജ്യങ്ങള്‍ക്ക് അതില്ല. ഇന്ത്യ ഒരു എക്‌സ്‌പ്ലോയിറ്റേറ്റീവ് ബിഗ് ബ്രദറാണെന്ന നിലയിലാണ് അവര്‍ നോക്കിക്കാണുന്നത്. ഇത്രയുംകാലം അവര്‍ അത് സഹിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ചൈന കൂടുതല്‍ ഓഫറുകള്‍ അവരുടെ മുന്നിലേയ്ക്ക് വച്ചപ്പോള്‍ അവര്‍ അത് സ്വീകരിച്ചിട്ടുണ്ടാകാം. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ അവരുടെ നേതൃത്വത്തിലാരാണ് എന്നത് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ബംഗ്ലാദേശില്‍ ഹസീന വന്നാല്‍ അവര്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും, സിയ വന്നാല്‍ അത് മാറും. ശ്രീലങ്കയില്‍ സിരിസേന വന്നാല്‍ നമുക്കൊപ്പം നില്‍ക്കും, രജപക്‌സെ വന്നാല്‍ ബന്ധം മോശമാകും. അയല്‍ബന്ധങ്ങളെ പറ്റി അങ്ങനെയെ പറയാന്‍ കഴിയു. എങ്കില്‍ പോലും പൂര്‍ണമായും അവര്‍ നമ്മെ എതിര്‍ക്കുന്നു എന്ന് അര്‍ത്ഥമില്ല. നേപ്പാളുമായും ബംഗ്ലാദേശുമായും ശ്രീലങ്കയുമായും മാലദ്വീപുമായിട്ടൊക്കെ നമുക്ക് ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. പക്ഷെ ഇവരെയെല്ലാം ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ നമുക്ക് കഴിയുന്നില്ല എന്നത് വസ്തുതയാണ്. അതിന് പ്രധാനകാരണം ചൈനയാണ്.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവര്‍ത്തനപദ്ധതികള്‍ ആത്യന്തികമായി സ്വീകര്യമാണോ? താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

ആര്‍ട്ടിക്കിള്‍ 370 തീര്‍ച്ചയായും മാറ്റേണ്ടത് തന്നെയാണ്. കാശ്മീര്‍ തീവ്രവാദത്തിന്റെ പ്രധാനഘടകം ആര്‍ട്ടിക്കിള്‍ 370 ആണ്. നമുക്ക് സ്വയംഭരണാധികാരമുണ്ട്, സ്വന്തമായി കൊടിയുണ്ട്, പ്രത്യേക അധികാരങ്ങളുണ്ട് എന്നൊക്കെയുള്ള ചിന്തയുണ്ടല്ലോ, അത് മാറേണ്ടതാണ്. ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ അത് പിന്‍വലിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ഞാന്‍ പലപ്പോഴും ഫറൂഖ് അബ്ദുള്ളയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സ്വയംഭരണാവകാശം ഉണ്ടെങ്കിലെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയുള്ളു എന്ന മട്ടാണ് അദ്ദേഹത്തിന്. നമ്മളത് പിന്‍വലിച്ചു. പക്ഷെ തുടര്‍ന്ന് അതെങ്ങനെ കൊണ്ടുപോകാന്‍ കഴിയും എന്നാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്രസമൂഹത്തിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ കശ്മീരില്‍ നേതാക്കളെയും ജനങ്ങളെയും ജയിലിലാക്കുന്നതും മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും ലംഘിക്കുന്നതുമൊക്കെ പ്രശ്‌നമാണല്ലോ. പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങളും നേതാക്കളുമൊക്കെ കശ്മീരിന്റെ കാര്യത്തില്‍ എതിര് തന്നെയാണ്. അവരത് പറയുന്നില്ല എന്ന് മാത്രമെ ഉള്ളു. പിന്നെ നമ്മളൊരു യുദ്ധമുഖം തുറന്നിട്ടുള്ളത് പാക് അധിനിവേശ കശ്മീര്‍ നമ്മുടെതാണെന്ന് പറയാനാണ്. ഇത്രയുംകാലം അതായിരുന്നില്ല നമ്മുടെ നിലപാട്. അതൊരു അഗ്രസീവ് പൊസിഷനാണ്. അക്കാര്യത്തില്‍ അധികംപേരൊന്നും സംസാരിക്കാറില്ലെങ്കിലും ആ വിഷയത്തിലൊന്നും ഒരു നിഗമനത്തിലെത്തിയിട്ടില്ല. അത് മോദിയുടെ മറ്റൊരു പ്രത്യേകതയാണ്. മറ്റ് സര്‍ക്കാരുകള്‍ ഇടപെടാന്‍ ധൈര്യം കാണിക്കാതിരുന്ന പല വിഷയങ്ങളില്‍ അദ്ദേഹം ഇടപെടുന്നുണ്ട്. അങ്ങനെയാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതും പാക് അധീന കശ്മീര്‍ വേണമെന്ന് പറഞ്ഞതുമൊക്കെ. അതൊക്കെ ധൈര്യമായി ചെയ്തു. പക്ഷെ അതൊക്കെ ഇനി എങ്ങനെ സാധാരണഗതിയില്‍ കൊണ്ടുവരുമെന്നുള്ളതാണ് പ്രശ്‌നം. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ ഉടനെ തീവ്രവാദം വീണ്ടും തലപൊക്കും. അതുകൊണ്ട് സര്‍ക്കാര്‍ ഇനി എന്താകും ചെയ്യുക എന്ന് അറിയില്ല.

ബ്രിക്‌സ് സമ്മേളനം കുറച്ച് നാള്‍ മുമ്പ് നടന്നിരുന്നു. ബ്രിക്‌സില്‍ അംഗമായിരിക്കുന്നത് കൊണ്ട് ഇന്ത്യയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ?

ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗമായിരിക്കുന്ന അഞ്ച് രാജ്യങ്ങളും വളരെ പ്രധാനപ്പെട്ട രാജ്യങ്ങളാണല്ലോ. അതിവേഗം മുന്നേറുന്ന സാമ്പത്തിക ശക്തികളായാണ് ഈ രംഗത്തെ അക്കാദമിഷ്യന്മാര്‍ ഈ രാജ്യങ്ങളെ കാണുന്നത്. പക്ഷെ ഈ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹകരണമനോഭാവമൊന്നുമില്ല. എന്നുമാത്രമല്ല പരസ്പരം മല്‍സരിക്കുന്ന രാജ്യങ്ങളുമാണിവ. ഇന്ത്യയുടെയും ചെനയുടേയും റഷ്യയുടേയും ദക്ഷിണാഫ്രിക്കയുടെയും ബ്രസീലിന്റെയും രാഷ്ട്രതലവന്മാര്‍ക്ക് ഒന്നിച്ചിരിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള ഒരു വേദിയായിട്ടാണ് ബ്രിക്‌സിനെ കാണേണ്ടത്. പൊതുവായി ഈ രാജ്യങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നത് അമേരിക്കയാണ്. അപ്പോള്‍ ഒരു അമേരിക്ക വിരുദ്ധ കൂട്ടായ്മ ആയിക്കൂടി ബ്രിക്‌സിനെ കാണാം. അതുകൊണ്ടുതന്നെ ഈ കൂട്ടായ്മയെ അമേരിക്ക അംഗീകരിക്കുന്നില്ല.

ആര്‍സിഇപിയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ലോബിയിങ് ശക്തിയായി ആസൂത്രണം ചെയ്തത് ചൈനയാണ്. നമ്മുടെ പ്രധാനമന്ത്രി മഹാബലിപുരത്ത് വച്ച് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി നടത്തിയെങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തിരിച്ച് ചൈനയിലെത്തിയ ഉടന്‍ തന്നെ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുകയാണ് ചെയ്തത്. ചൈനയുമായി രമ്യതയില്‍ നീങ്ങാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചൈന അതിന് തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമല്ലെ അത്?

ഇന്ത്യ-ചൈന ബന്ധത്തില്‍ നരേന്ദ്രമോദിയുടെ ഇനിയുള്ള നിലപാട് എന്തായിരിക്കും?

ചൈനയുടെ കാര്യത്തില്‍ ഇനി എന്തായിരിക്കും പ്രധാനമന്ത്രിയുടെ നിലപാടെന്ന് എനിക്ക് അറിയില്ല. ചൈനയുടെ നീക്കങ്ങള്‍ നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ. 1962ന് ശേഷം നമ്മളും അവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചിട്ടേയുള്ളൂ. നമ്മള്‍ കഴിയുന്നത്ര അയഞ്ഞിട്ടുണ്ട്. ദലൈലാമയുടെ കാര്യത്തില്‍ നമ്മള്‍ അഭിപ്രായപ്രകടനങ്ങളൊന്നും നടത്തുന്നില്ല. ദോക്ക്‌ലാമിന്റെ കാര്യത്തില്‍ പോലും നമ്മളൊന്നും പറയുന്നില്ല. അവര്‍ അവിടെനിന്നും പോയിട്ടൊന്നുമില്ല. അവര്‍ പോയെന്ന് നമ്മള്‍ ഭാവിക്കുന്നുവെന്നെയുള്ളു. എന്നാല്‍ ചൈന അത്തരത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇതുവരെയും നടത്തിയിട്ടില്ല.

രണ്ടാംവരവില്‍ നരേന്ദ്രമോദിയ്ക്ക് വിദേശകാര്യരംഗത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കും?

മോദി വന്നതിന് ശേഷം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തമായ ശബ്ദമുണ്ടായി, കൂടുതല്‍ ദൃശ്യത ഉണ്ടായി, കൂടുതല്‍ ശക്തനായ ഭരണാധികാരി എന്ന ഇമേജ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായി എന്നതൊക്കെ ശരിയാണെങ്കിലും എതെങ്കിലും രംഗത്ത് നേട്ടമുണ്ടായി എന്നതെല്ലാം എണ്ണമിട്ട് പറയാന്‍ കഴിയില്ല. അമേരിക്കന്‍ കേന്ദ്രീകൃതമായ ഒരു വിദേശനയമാണ് മോദിയുടേത്. അതില്‍ വലിയ നേട്ടമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പക്ഷെ അത് 2016 ജൂണില്‍ ഒബാമ ഇറങ്ങിയതോടെ കഴിഞ്ഞു. പിന്നീടുള്ള രണ്ട് വര്‍ഷം അതിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് ബാലാക്കോട്ട് ആക്രമണം ഉണ്ടാകുന്നത്. അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത് കൊണ്ടാണ് മോദിയ്ക്ക് കൂടുതല്‍ സീറ്റോടെ രണ്ടാമത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. വിദേശകാര്യത്തില്‍ വലിയ വിജയങ്ങള്‍ ഉണ്ടായെന്ന് പറയാന്‍ കഴിയില്ല. ഗോയങ്ക മെമ്മോറിയല്‍ ലക്ചറില്‍ ഇന്ത്യന്‍ വിദേശനയത്തെ പറ്റി വിദേശകാര്യ മന്ത്രി പറയുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഒരു വിഷയത്തെ നാം കൈകാര്യം ചെയ്തിരുന്നത് നോണ്‍ അലൈന്‍മെന്റാണോ അമേരിക്കന്‍ അനുകൂലമാണോ സോവിയറ്റ് അനുകൂലമാണോ എന്നൊക്കെ നോക്കിയായിരുന്നു. എന്നാല്‍ പുതിയകാലത്തില്‍ വിഷയാധിഷ്ഠിതമായാണ് നാം ഇടപെടേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. അതിന് അദ്ദേഹം ഉദാഹരണമായി എടുത്തുപറയുന്നത് 1971 ലെ ബംഗ്ലാദേശ് രൂപീകരണവും 1998 ലെ ആണവ പരീക്ഷണവും 2005 ലെ ആണവകരാറും ഒക്കെയാണ്. ഇതൊക്കെ ഇന്ത്യ വളരെ ഇന്‍വോള്‍വ് ആയി ചെയ്ത കാര്യങ്ങളാണ്. എന്നാല്‍ ചൈനയോടും പാകിസ്ഥാനോടുമുള്ള പെരുമാറ്റങ്ങളില്‍ വളരെ ഡോഗ്മാറ്റിക്കായ നയമാണ് കൈക്കൊണ്ടിരുന്നത്. വിദേശകാര്യ മന്ത്രിയുടെ ഈ പ്രഭാഷണം ഇന്ത്യയുടെ വിദേശനയം എത്തരത്തിലായിരിക്കുമെന്നതിന്റെ ചൂണ്ടുപലകയാണ്.

ലോകത്ത് നിലവില്‍ അമേരിക്ക, റഷ്യ, ചെന എന്നിങ്ങനെ മുന്ന് ശക്തികേന്ദ്രങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. നമുക്ക് മുന്നിലെ ചോയ്‌സ് ഒന്നുകില്‍ ഈ മൂന്നില്‍ ഏതെങ്കില്‍ ഒരു ഭാഗത്ത് ചേരുക, അല്ലെങ്കില്‍ നാലാമത് ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുക. എന്നാല്‍ അതിനുള്ള ശക്തി ഇന്ന് ഇന്ത്യയ്ക്കില്ല. എങ്കില്‍പോലും ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ നാലാമത് ഒരു ധ്രുവമായി മാറാനുള്ള ശ്രമത്തിലാണ് നമ്മള്‍. ഇനി ചിലപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ഒരു ധ്രൂവികരണം ഉണ്ടാകാം, അല്ലെങ്കില്‍ ജപ്പാന്‍ ഒരു ശക്തിയായി ഉയര്‍ന്നു വന്നേയ്ക്കാം. എന്നാലും ഒരു നാലാം ശക്തിയായി മാറാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. അല്ലാതെ ഇതൊക്കെയാണ് നേട്ടങ്ങള്‍ എന്ന് പറയാന്‍ ഇല്ലതന്നെ. അത് ഈ സര്‍ക്കാര്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നമാണ്. ഇപ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യയ്‌ക്കൊരു ഇടമുണ്ട് എന്നതൊരു വസ്തുത തന്നെയാണ്. എന്നാല്‍ പണ്ട് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലത്തെ പോലെ ഒരു ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഇല്ലല്ലോ നമുക്ക്. അതൊക്കെയായിരിക്കും പ്രതിസന്ധികള്‍.

താങ്കള്‍ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഇവിടെ വിദേശസര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള ശ്രമത്തെ അന്നത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. താങ്കള്‍ക്കെതിരെ അതിക്രമവും നടന്നു. എന്തുകൊണ്ടാകാം ഇത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടായത്?

അവര്‍ക്ക് അവരുടെ പ്രകടനങ്ങള്‍ക്കും മുദ്രാവാക്യം വിളിക്കാനും കുട്ടികളെ കിട്ടണമെങ്കില്‍ അച്ചടക്കമുള്ള സര്‍വകലാശാലകള്‍ വരാന്‍ പാടില്ല. തൊണ്ണൂറ് ശതമാനത്തിലേറെ മലയാളികള്‍ പഠിക്കുന്ന ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇത്തരം വിപ്ലവങ്ങളൊന്നുമില്ലെന്ന് ഓര്‍ക്കണം.വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. ബ്രിട്ടീഷുകാര്‍ അവരുടെ ക്ലാര്‍ക്കുമാര്‍ക്ക് വേണ്ടി വിദ്യാഭ്യാസം നടത്തിയത് പോലെ അവര്‍ അവരുടെ കേഡര്‍മാരെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസം മാത്രമാണ് ഉദ്ദേശിക്കുന്നത്. അതേ സമയം അവരുടെ മക്കളെല്ലാം പഠിക്കുന്നത് വിദേശസര്‍വകലാശാലകളിലാണ് എന്നോര്‍ക്കണം. വളരെയേറെ നിക്ഷേപങ്ങള്‍ ആവശ്യമായ മേഖലയാണ് വിദ്യാഭ്യാസം. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റിന്റെ കൈയ്യില്‍ അതിനാവശ്യമായ പണമില്ല. പൊതുവിദ്യാഭ്യാസമേഖല പുരോഗമിച്ചു എന്ന് പറഞ്ഞിട്ട് ക്ലാസ്മുറിയ്ക്കുള്ളിലെ പാമ്പിന്‍മാളങ്ങള്‍ പോലും അടച്ചിട്ടില്ല. ഇത്തരം അവസ്ഥയിലാണ് സ്വകാര്യ നിക്ഷേപങ്ങള്‍ ആവശ്യമായി വരുന്നത്. കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യനിക്ഷേപമെന്നത് പുതിയകാര്യമൊന്നുമല്ല. ക്രിസ്ത്യന്‍ മിഷണറിമാരും എന്‍എസ്എസും എസ്എന്‍ഡിപിയുമൊക്കെ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ടുവന്നത് കൊണ്ടാണ് വിദ്യാഭ്യാസരംഗത്ത് കേരളം ഇത്രയും പുരോഗമിച്ചത്. എന്നാല്‍ അതൊന്നും വേണ്ട ഗവണ്‍മെന്റ് സ്‌കൂളുകള്‍ മാത്രം മതി, കുട്ടികളെ ഗവണ്‍മെന്റ് സ്‌കൂളില്‍ മാത്രം അയച്ചാല്‍ മതി എന്നൊക്കെയാണ് ഇപ്പോള്‍ പ്രചരണം. പക്ഷെ അതിനെക്കാളുമൊക്കെ അസ്വസ്ഥത ഉണ്ടാക്കുന്നത് സര്‍വകലാശാലകള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഈ സര്‍വകലാശാലകളെയൊക്കെ ഉടച്ചുവാര്‍ക്കണം. അവിടെ നിന്നും നല്‍കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ക്കൊന്നും യാതൊരു റിയാലിറ്റിയുമില്ല. എത്ര കുട്ടികളുടെ ജീവിതമാണ് അവര്‍ നശിപ്പിക്കുന്നതെന്നോ. അതുപോലെ അതിനുള്ളിലെ ലിംഗഅസമത്വവും ഭീകരമാണ്. അതിനെപറ്റി ഒരു റിപ്പോര്‍ട്ട് തന്നെ സമര്‍പ്പിച്ചിട്ടും അവര്‍ പറയുന്നത് അവരത് വിശ്വസിക്കുന്നില്ലെന്നാണ്. ഇപ്പോള്‍ ഓരോരോ പ്രശ്‌നങ്ങളായി പുറത്തുവരുമ്പോളാണ് നമ്മള്‍ മനസിലാക്കുന്നത് എത്ര ആഴമേറിയ രോഗമാണ് സര്‍വകലാശാലകള്‍ക്ക് ബാധിച്ചിരിക്കുന്നതെന്ന്. പത്തൊമ്പതാം നൂറ്റാണ്ടിലെ മാനസികാവസ്ഥ, ഇരുപതാം നൂറ്റാണ്ടിലെ സിലബസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തൊഴിലുകള്‍ എന്നതാണ് അവസ്ഥ. പിന്നെ എങ്ങനെ നമ്മുടെ സമൂഹം രക്ഷപ്പെടും.

നമ്മുടെ വിദ്യാഭ്യാസരംഗത്തെ 21-ാം നൂറ്റാണ്ടിലേയ്ക്ക് ഉയര്‍ത്താന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് താങ്കള്‍ക്ക് മുന്നോട്ടു വയ്ക്കാനുള്ളത്?

ഞാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാനായിരുന്ന സമയത്ത് ആറ് കാര്യങ്ങളാണ് പ്രധാനമായും നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഒന്നാമത് അടിസ്ഥാനസൗകര്യ വികസനം. നമ്മുടെ പല സ്‌കൂളുകളിലും കോളെജുകളിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രശ്‌നമാണ്. രണ്ടാമത് ടീച്ചേഴ്‌സ് ട്രയിനിംഗ്. കൃത്യമായ പരിശീലനം നമ്മുടെ അധ്യാപകര്‍ക്ക് ആര്‍ക്കും ലഭിക്കുന്നില്ല. ഐഎഫ്എസ് ലഭിക്കുന്നതിന് മുമ്പ് ഞാനുമൊരു അധ്യാപകനായിരുന്നു. ഒരു ദിവസത്തെ ട്രെയ്‌നിംഗ് പോലും ലഭിക്കാതെയാണ് ഞാന്‍ അധ്യാപനജോലയില്‍ പ്രവേശിച്ചത്. മൂന്നാമത് ഞാന്‍ ഊന്നല്‍ നല്‍കിയത് ടെക്‌നോളജിയുടെ ഉപയോഗമാണ്. കമ്പ്യൂട്ടറുകളൊക്കെ വാങ്ങിച്ചുവച്ചിരിക്കുന്നു എന്നല്ലാതെ വേണ്ടവിധം ഇവയൊന്നും ഉപയോഗിക്കുന്നില്ല. കോളെജുകള്‍ക്കൊന്നും സ്വയംഭരണാവകാശം നല്‍കുന്നില്ല. പിന്നെ വിദ്യാഭ്യാസരംഗത്തെ ഇന്റര്‍നാഷണലൈസേഷന്‍. ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇതൊക്കെ തന്നെയാണ് വിദ്യാഭ്യാസമേഖലയുടെ നിലവാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍.

രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിതന്നെ ചരിത്രത്തിന് പുനര്‍രചന ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അത്?

അത് ബിജെപിയുടെ ഒരു അജണ്ടയാണ്. വാജ്‌പേയുടെ കാലത്ത് തന്നെ മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളിമനോഹര്‍ ജോഷി അത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതും അതല്ലെ. ആദ്യം വിമാനം പറത്തിയത് റൈറ്റ് സഹോദരന്മാരല്ല, ദ്യോക്കലോവ് എന്ന റഷ്യക്കാരനാണെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് തന്നെയറിയാം അത് ശരിയല്ലെന്ന്. എങ്കിലും അത് പറയുമ്പോള്‍ അവര്‍ക്കൊരു അഭിമാനം തോന്നും. അതുപോലെയാണ് ആദ്യത്തെ വിമാനം പുഷ്പകവിമാനമാണെന്നൊക്കെ ബിജെപി നേതാക്കള്‍ പറയുന്നത്.

Categories: FK Special, Slider