ടൊയോട്ട കിര്‍ലോസ്‌കര്‍ വില്‍പ്പനയില്‍ 19% കുറവ്

ടൊയോട്ട കിര്‍ലോസ്‌കര്‍ വില്‍പ്പനയില്‍ 19% കുറവ്
  •  കഴിഞ്ഞ മാസം വിറ്റഴിച്ചത് 9241 വാഹനങ്ങള്‍
  • ആഭ്യന്തര വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ഉപഭോക്താക്കളുടെ ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കാനും വിതരണത്തിന് ആനുപാതികമായി നിലനിര്‍ത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷാവസാനം വരെ റീട്ടെയ്ല്‍ വില്‍പ്പന തല്‍സ്ഥിയില്‍ തുടരാനാണ് സാധ്യത
-എന്‍ രാജ
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്‌

മുംബൈ: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ വില്‍പ്പനയില്‍ ഇടിവ്. നവംബര്‍ മാസത്തിലെ വില്‍പ്പനയില്‍ 18.80 ശതമാനം കുറവ് വന്നതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം സമാന മാസത്തില്‍ 11,390 വാഹനങ്ങള്‍ വിറ്റഴിച്ച കമ്പനിക്ക് ഇക്കഴിഞ്ഞ മാസത്തില്‍ 9241 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാനായത്. ആഭ്യന്തര തലത്തില്‍ കഴിഞ്ഞ മാസം 8312 വിറ്റഴിഞ്ഞു. മുന്‍ വര്‍ഷം ഈ വിഭാഗത്തില്‍ 10,721 വാഹനങ്ങളാണ് വിറ്റത്. മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായതായി കമ്പനി അറിയിച്ചു. എന്നാല്‍ കമ്പനി ബോധപൂര്‍വം വില്‍പ്പന കുറച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 2020 മുതല്‍ നിരത്തുകള്‍ ബിഎസ്6 വാഹനങ്ങളിലേക്ക് മാറാനിരിക്കെ നിലവിലെ വാഹനങ്ങള്‍ വിപണനം ചെയ്ത് ഡീലര്‍മാര്‍ക്ക് കൂടുതല്‍ ഭാരം നല്‍കാതിരിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ എന്‍ രാജ പറഞ്ഞു.

ഉല്‍സവ സീസണ്‍ കഴിഞ്ഞിട്ടും വാഹനങ്ങള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവ് വന്നിട്ടില്ല. ഇതിനു കാരണം ജനുവരിയില്‍ സ്വാഭാവികമായി വാഹനങ്ങള്‍ക്കുണ്ടാകുന്ന വിലക്കയറ്റത്തെ കുറിച്ച് ആളുകള്‍ക്ക് അവബോധമുണ്ട്, അതിനൊപ്പം വാഹനങ്ങള്‍ ബിഎസ് 6 ലേക്കു മാറുമ്പോള്‍ 15-20 ശതമാനത്തോളം നിരക്ക് വര്‍ധനവുണ്ടാകുന്നതിനെ കുറിച്ചും അറിവുള്ളവരായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്6 ലേക്ക് മാറും മുന്നേയുള്ള വാഹന വില്‍പ്പന റീട്ടെയ്ല്‍ വില്‍പ്പനയ്ക്ക് സഹായകമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കാനും വിതരണത്തിന് ആനുപാതികമായി നിലനിര്‍ത്താനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് എന്‍ രാജ വ്യക്തമാക്കി. ഈ വര്‍ഷം അവസാനം വരെ റീട്ടെയ്ല്‍ വില്‍പ്പന തല്‍സ്ഥിയില്‍ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Business & Economy
Tags: Kirloskar, Toyota