നിരക്ക് വര്‍ധന: ഉണര്‍വേകി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും, നേട്ടം റിലയന്‍സിന്

നിരക്ക് വര്‍ധന: ഉണര്‍വേകി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും, നേട്ടം റിലയന്‍സിന്

 നിരക്ക് വര്‍ധന കമ്പനികളുടെ വിപണി വിഹിതം ഉയര്‍ത്തും

മുംബൈ: ടെലികോം നിരക്ക് വര്‍ധനവ് സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കുമെങ്കിലും കഴിഞ്ഞ ഏതാനും പാദങ്ങളിലായി നഷ്ടത്തിലോടിയിരുന്ന മൊബീല്‍ കമ്പനികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് സൂചന. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് എന്നിവര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് സാധാരണക്കാരന്റെ കണക്കു കൂട്ടലുകള്‍ക്കും അപ്പുറത്തായി. കഴിഞ്ഞ ഏതാനും പാദങ്ങളിലായി നഷ്ട്ടത്തിലായിരുന്ന എയര്‍ടെല്‍ ബിസിനസിലൂടെ ലാഭം തിരികെ പിടിക്കുമെന്നും ഉറപ്പായിട്ടുണ്ട്. എന്നാല്‍ നിരക്ക് വര്‍ധനയിലൂടെ ഏറ്റവും വലിയ നേട്ടമുണ്ടായിരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനാണ്.

വോഡഫോണ്‍ ഐഡിയയുടെ കാര്യത്തില്‍ നഷ്ടം വലിയതോതില്‍ കുറയാന്‍ കാരണമാകും. എന്നാല്‍ വിപണി വിഹിതത്തില്‍ വന്ന കുറവ് നികത്താന്‍ കുറച്ച് കാലതാമസം വന്നേക്കുമെന്നാണ് സൂചന. വോഡഫോണ്‍ ഐഡിയ ഇന്നു മുതല്‍ നടപ്പാക്കുന്ന നിരക്കു വര്‍ധനയിലൂടേയാകും അവര്‍ക്ക് വിപണിയില്‍ തിരിച്ചു വരാനുള്ള വഴി ഒരുങ്ങുക. താരീഫ് വര്‍ധനയിലൂടെ എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടേയും വര്‍ധിക്കുന്ന പാദവരുമാനം യഥാക്രമം 2400 കോടി, 2100 കോടി രൂപ എന്നീ തോതിലാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഇക്യുറ്റീസിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ 40 ശതമാനം നിരക്ക് വര്‍ധന മാത്രം പ്രഖ്യാപിച്ച് മറ്റും വിശദാശങ്ങളൊന്നും പ്രഖ്യാപിക്കാത്ത ജിയോയുടെ പാദവരുമാനം 3900 കോടി രൂപയാകുമെന്നാണ് ജെഎമ്മിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ദിവസം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 24000 കോടി രൂപയായി ഉയര്‍ന്നിരുന്നു. എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടേയും വിപണി മൂലധനം യഥാക്രമം 17000 കോടി രൂപയും 4200 കോടി രൂപയുമാണ്. നിരക്ക് വര്‍ധനയില്‍ ജിയോ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന് കാരണം, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പോസ്റ്റ്‌പെയ്ഡ് നിരക്കുകളില്‍ മാറ്റം വരുത്താത്തതാണ്. നിലവില്‍ ഈ വിഭാഗത്തിലെ നിരക്ക് പ്രീ-പെയ്ഡ് നിരക്കിനേക്കാള്‍ വളരെയധികം കൂടുതലാണ്. മാത്രവുമല്ല, പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ നിന്നും 30 ശതമാനത്തോളം വരുമാനവും കമ്പനികള്‍ സ്വന്തമാക്കുന്നുണ്ട്. ജിയോയ്ക്ക് പോസ്‌പെയ്ഡ് വരിക്കാര്‍ ഇല്ലാത്തതിനാല്‍ നിരക്ക് വര്‍ധനവിലൂടെയുണ്ടാകുന്ന വരുമാനം വളരെയധികം കൂടുകയും ചെയ്യും. ഇതിനു പുറമെ ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എതിരാളികളേക്കാളും 300ശതമാനം കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ വിപണി വിഹിതം വലിയ തോതില്‍ കൂടാന്‍ സഹായിക്കുമെന്ന് സംശയമില്ല.

ജിയോയുടെ വിപണി വിഹിതം രണ്ട് വര്‍ഷം മുമ്പ് 11.4 ശതമാനം ഉയര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 34.4 ശതമാനമായി മാറിയിരുന്നതായി ജെഫ്രീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. എയര്‍ടെലിന്റെ വിഹിതം 31 ശതമാനമായി നില്‍ക്കുമ്പോള്‍ വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതം മുമ്പുണ്ടായിരുന്ന 36.1 ശതമാനത്തില്‍ നിന്നും 27.2 ശതമാനമായി കുറയുകയുണ്ടായി. ജിയോയുടെ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമായിരുന്നതും അവര്‍ക്ക് നേട്ടമാകുന്നുണ്ട്. നിലവിലെ നിരക്ക് വര്‍ധനവ് വേളയിലും ജിയോ ആകര്‍ഷകമായ പാക്കേജുകള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. മാത്രമല്ല, മറ്റു കമ്പനികള്‍ വോയ്‌സ് കോളുകള്‍ക്ക് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുമ്പോള്‍ ഈ വിഭാഗത്തില്‍ ജിയോ നിശബ്ദത പാലിക്കുന്നുണ്ട്. ഇതെല്ലാം റിലയന്‍സ് ഗ്രൂപ്പ് കമ്പനിയുടെ നേട്ടങ്ങളുടെ പട്ടിക ഉയര്‍ത്തുകയാണ്.

Comments

comments

Categories: FK News

Related Articles