ടെക് നിക്ഷേപങ്ങള്‍ ലക്ഷ്യമാക്കി 150 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണ പദ്ധതിയുമായി പ്രൂഫ്

ടെക് നിക്ഷേപങ്ങള്‍ ലക്ഷ്യമാക്കി 150 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണ പദ്ധതിയുമായി പ്രൂഫ്

മറ്റ് നിക്ഷേപകര്‍ക്കൊത്ത് 400 മില്യണ്‍ ഡോളര്‍ വരുന്ന ടെക് നിക്ഷേപങ്ങളാണ് പ്രൂഫ് പദ്ധതിയിടുന്നത്

ദുബായ്: സംരംഭകനും സൗദി രാജകുടുംബാംഗവുമായ പ്രിന്‍സ് ഖാലിദ് ബിന്‍ അല്‍വലീദ് ബിന്‍ തലാല്‍ നിക്ഷേപകരിലൊരാളായ പ്രൂഫ് (പ്രോ രാത ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്) ടെക് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനായി 150 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. മറ്റ് പങ്കാളികള്‍ക്കൊപ്പം ടെക് മേഖലയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്ന് പ്രിന്‍സ് ഖാലിദ് വെളിപ്പെടുത്തി.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൂഫ്-സെക്കന്‍ഡ് ഫണ്ടിന്റെ ഇപ്പോള്‍ നടക്കുന്ന നിക്ഷേപ സമാഹരണം അടുത്ത വര്‍ഷം ആദ്യപാദത്തില്‍ അവസാനിക്കും. കഴിഞ്ഞ ജൂണില്‍ അവസാനിച്ച ആദ്യ റൗണ്ടില്‍ 60 മില്യണ്‍ ഡോളറാണ് ഫണ്ട് സമാഹരിച്ചത്. 2016ല്‍ 95 മില്യണ്‍ ഡോളര്‍ സമാഹരിച്ച പ്രൂഫിന്റെ ആദ്യ ഫണ്ട് വിവിധ മേഖലകളിലുള്ള കമ്പനികളില്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും രണ്ടാം ഫണ്ട് ടെക്‌നോളജി നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് ഊന്നല്‍ നല്‍കുന്നതെന്ന് പ്രിന്‍സ് ഖാലിദ് പറഞ്ഞു.

പശ്ചിമേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റികളും പ്രൈവറ്റ് ഇക്വിറ്റികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപക കമ്പനികളും അടുത്തിടെയായി ടെക് മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. അബുദാബി ആസ്ഥാനമായുള്ള മുബദാല നിക്ഷേപക കമ്പനിയുടെ വെന്‍ച്വര്‍ കാപ്പിറ്റല്‍ വിഭാഗമായ മുബദാല വെന്‍ച്വേഴ്‌സ് കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ ടെക്‌നോളജി ഫണ്ടും 200 മില്യണ്‍ ഡോളറിന്റെ ഫണ്ട്‌സ് ഓഫ് ഫണ്ട് പദ്ധതിയും ആരംഭിച്ചിരുന്നു. സോഫ്റ്റ്ബാങ്കിന്റെ ആദ്യ വിഷന്‍ ഫണ്ടില്‍ 15 ബില്യണ്‍ ഡോളറാണ് മുബദാല നിക്ഷേപിച്ചത്. സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് വിഷന്‍ ഫണ്ടിലെ ഏറ്റവും വലിയ നിക്ഷേപകര്‍.

പ്രിന്‍സ് ഖാലിദിന്റെ ഉടമസ്ഥതയിലുള്ള കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് അമേരിക്കയിലെ ടെക് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള തയാറെടുപ്പിലാണ്്. ഇ-ഗെയിമിംഗ്, ഇ-കൊമേഴ്‌സ് എന്നീ മേഖലകളിലായി ഇതിനോടകം തന്നെ ഈ വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനി 24ഓളം കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വര്‍ഷാവസാനത്തോടെ കമ്പനി നിക്ഷേപം നടത്തിയ ടെക് കമ്പനികളുടെ എണ്ണം 30 ആകുമെന്ന് പ്രിന്‍സ് ഖാലിദ് പറഞ്ഞു. ഡ്രോണ്‍ ഡെലിവറി കമ്പനിയായ സിപ്‌ലൈന്‍, ചെടികളില്‍ നിന്നുള്ള കൊളാജന്‍ നിര്‍മിക്കുന്ന കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ജെല്‍ട്ടര്‍, ബിയോന്‍ഡ് മീറ്റ് എന്നീ കമ്പനികളിലും കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സിന് നിക്ഷേപമുണ്ട്.

70 ശതമാനം സൗദി പൗരന്മാരും 30 വയസിന് താഴെയുള്ളവരാണെന്നും പിതാവിന്റെ ബിസിനസ് ഏറ്റെടുക്കുന്നതിന് പകരം സംരംഭകനാകാനും പുതിയ ബിസിനസ് തുടങ്ങാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞിടെ ബ്ലുംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിന്‍സ് ഖാലിദ് പറഞ്ഞിരുന്നു.

Comments

comments

Categories: Arabia
Tags: investment, Proof

Related Articles