കമ്പനിയുടെ പ്രീമീയം ബ്രാന്‍ഡായ ചക്ര ഗോള്‍ഡിന്റെ പരസ്യമാണ് ശ്രദ്ധേയമായിരിക്കുന്നത്
ന്യൂഡെല്‍ഹി: തമിഴ് വെറുമൊരു ഭാഷ മാത്രമല്ല, അതൊരു ജീവിതരീതിയാണെന്ന് കാട്ടിത്തരികയാണ് ടാറ്റ ടീയുടെ പുതിയ പരസ്യ കാംപെയ്ന്. കമ്പനിയുടെ പ്രീമീയം ബ്രാന്‍ഡായ ചക്ര ഗോള്‍ഡിന്റെ പരസ്യത്തിലാണ് തമിഴ് സംസ്കാരത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ പരസ്യം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തമിഴ്നാട് വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള ടാറ്റ ടീയുടെ പരസ്യത്തില്‍ സാഹിത്യ പാരമ്പര്യം തുളുമ്പുന്ന തമിഴ് സംസ്കാരത്തില്‍ ഓരോ തമിഴ്നാട് സ്വദേശിയും അഭിമാനം കൊള്ളുന്നതായി ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേറ്റ് ലോകത്തിനും ശാസ്ത്രത്തിനും കലയ്ക്കും ആ ഭാഷ നല്കിയ സംഭാവനയെ കുറിച്ചും പരസ്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
മുല്ലന് ലിന്റാസ് പരസ്യ ഏജന്‍സി പുറത്തിറക്കിയ കാംപെയ്നിലൂടെ തമിഴ്നാട്ടുകാരന് ഏതൊരു കാര്യവും ചെയ്യുമ്പോഴും പരമ്പരാഗത മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്നും ചെറിയ കാര്യങ്ങളില്‍ പോലും അത് പ്രാവര്‍ത്തികമാക്കുമെന്നും കാണിച്ചു തരുന്നുണ്ട്. എന്തും ശരിയായി ചെയ്യാന്‍ ശ്രമിക്കുന്നവര്‍ എറ്റവും നല്ല ചായ തയാറാക്കാന്‍ ടാറ്റ ടീ ചക്ര ഗോള്‍ഡ് തന്നെ ഉപയോഗിക്കുമെന്നു കാട്ടിത്തന്നുകൊണ്ടാണ് പരസ്യം അവസാനിപ്പിക്കുന്നത്. തമിഴ് ജനതയുടെ ചായയാണ് ടാറ്റ ടീ എന്നും പരസ്യത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നു.
തമിഴ് ജനതയുടെ ജീവിത രീതിക്ക് ഇണങ്ങിയ ചായ എന്നു പറഞ്ഞ് തമിഴ്നാട് വിപണി കൈയടക്കുകയാണ് പുതിയ കാംപെയ്നിന്റെ ലക്ഷ്യം. എന്നാല്‍ പരസ്യം കാണുന്ന ഏതൊരു തമിഴനും സ്വന്തം നാടിനെ കുറിച്ച് ചെറുതായെങ്കിലും അഭിമാനം കൊള്ളുകയും വികാരാധീനനാകുകയും ചെയ്യുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. 1985ലാണ് ചക്ര പ്രീമിയം ഡസ്റ്റ് ടീ വിപണിയില്‍ അവതരിപ്പിച്ചത്. 1989ല്‍ ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്ത് ചക്ര ഗോള്‍ഡ് എന്നാക്കി മാറ്റി. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ മഹത്തായ പാരമ്പര്യത്തില്‍ കമ്പനിക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ശക്തമായ വേരോട്ടമുണ്ട്. പുതിയ കാംപെയ്ന് ടെലിവിഷനിലും ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും മികച്ച പ്രതികരണം ലഭിച്ചുവരുന്നു. തമിഴ്നാടിന്റെ സൗന്ദര്യം പകര്‍ത്താന്‍ പാരമ്പര്യം ഉയര്‍ത്തിക്കാട്ടാന്‍ പരസ്യത്തിലൂടെ കഴിഞ്ഞെന്ന് മുല്ലന് ലിന്റാസ് ഏജന്‍സി വ്യക്തമാക്കി.