റെയ്ല്‍വെയുടെ പ്രവര്‍ത്തന അനുപാതം 10 വര്‍ഷത്തിലെ മോശം നിലയില്‍

റെയ്ല്‍വെയുടെ പ്രവര്‍ത്തന അനുപാതം 10 വര്‍ഷത്തിലെ മോശം നിലയില്‍

ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള ലാഭത്തിന്റെ 95 ശതമാനവും ഉപയോഗിച്ചാണ് യാത്രാ വിഭാഗങ്ങളിലെ നഷ്ടം നികത്തുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 2017-18ല്‍ 98.44 ശതമാനമായിരുന്നുവെന്നും ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. റെയില്‍വേ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം ആരോഗ്യകരമാണെന്നും കാണിക്കുന്ന സൂചകമാണ് ഇത്. ഇന്നലെ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ട് കാണിക്കുന്നത് 100 രൂപ നേടാന്‍ റെയില്‍വേ 98.44 രൂപ ചെലവഴിച്ചു എന്നാണ്.

എന്‍ടിപിസി, ഐആര്‍സിഒഎന്‍ എന്നിവയില്‍ നിന്ന് ലഭിച്ച മുന്‍കൂര്‍ തുക ഇല്ലായിരുന്നെങ്കില്‍ ബാലന്‍സ് ഷീറ്റില്‍ 1,665.61 കോടി രൂപയുടെ മിച്ചം രേഖപ്പെടുത്താന്‍ റെയ്ല്‍വേക്ക് കഴിയുമായിരുന്നില്ലെന്നും 5,676.29 കോടി രൂപയുടെ നെഗറ്റീവ് ബാലന്‍സായിരിക്കും ഉണ്ടാകുമായിരുന്നത് എന്നും സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അഡ്വാന്‍സുകള്‍ ഒഴിവാക്കിയാല്‍ പ്രവര്‍ത്തന അനുപാതം 102.66 ശതമാനമായി ഉയരുമായിരുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2017-18ലും യാത്രാ സേവനങ്ങളുടെയും മറ്റ് കോച്ചിംഗ് സേവനങ്ങളുടെയും പ്രവര്‍ത്തനച്ചെലവ് അതിന്റെ വരുമാനത്തില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള ലാഭത്തിന്റെ 95 ശതമാനവും ഉപയോഗിച്ചാണ് ഈ വിഭാഗങ്ങളിലെ നഷ്ടം നികത്തുന്നത്.
യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള വിവിധ ഇളവുകള്‍ വരുമാനത്തില്‍ സൃഷ്ടിച്ചിട്ടുള്ള ആഘാതവും സിഎജി വിലയിരുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രിവിലേജ് പാസ് / പ്രിവിലേജ് ടിക്കറ്റ് ഓര്‍ഡറുകള്‍ (പിടിഒ) ഉടമകള്‍ക്കും നല്‍കിയ ഇളവുകളാണ് ഇളവുകളില്‍ 89.7 ശതമാനവും പങ്ക് വഹിച്ചിട്ടുള്ളത്. പ്രത്യേക ആനൂകൂല്യം സ്വമേധയാ ഉപേക്ഷിക്കുന്നതിനുള്ള പ്രചാരണത്തിന് മുതിര്‍ന്ന പൗരന്മാരില്‍ നിന്ന് അത്ര അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പല പാസുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

വരുമാന മിച്ചവും മൂലധനച്ചെലവില്‍ ആഭ്യന്തര സ്രോതസുകളുടെ വിഹിതവും വര്‍ഷം തോറും കുറഞ്ഞുവരുന്നതായും സിഎജി നിരീക്ഷിക്കുന്നു. അറ്റ വരുമാന മിച്ചം 2016-17ല്‍ 4,913.00 കോടിയില്‍ നിന്ന് 66.10 ശതമാനം കുറഞ്ഞാണ് 2017-18ല്‍ 1,665.61 കോടി രൂപയിലെച്ചിയത്. മൊത്തം മൂലധനച്ചെലവില്‍ ആഭ്യന്തര സ്രോതസുകളുടെ വിഹിതം 2017-18ല്‍ 3.01 ശതമാനമായി കുറഞ്ഞു.

Comments

comments

Categories: Current Affairs
Tags: railway