പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ പിന്നെയും വന്‍ ഇടിവ്

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ പിന്നെയും വന്‍ ഇടിവ്

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാത്രമാണ് നവംബറില്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്

ന്യൂഡെല്‍ഹി:ഒക്‌റ്റോബറിലെ നേരിയ വര്‍ധനവിന് ശേഷം നവംബറിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വീണ്ടും ഇടിവിലേക്ക് എത്തി. ഉത്സവ സീസണിലെ ഓഫറുകള്‍ മാത്രമാണ് ഹ്രസ്വകാല തിരിച്ചുവരവിന്റെ കാരണമെന്ന കമ്പനികളുടെ ആശങ്കകളെ ശരിവെക്കുന്നതാണ് നവംബറിലെ കണക്കുകള്‍. നാല് ചക്ര, ഇരുചക്ര പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന എട്ട് ശതമാനം ഇടിഞ്ഞതായാണ് വിവിധ കമ്പനികള്‍ പുറത്തുവിട്ടിട്ടുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും ഡീലര്‍മാര്‍ക്ക് ഫാക്ടറികളില്‍ നിന്ന് അയച്ച മൊത്തം വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച വിവരമാണ് കമ്പനികള്‍ പുറത്തുവിട്ടിട്ടുള്ളത്. ആഭ്യന്തര വിപണിയില്‍ 150,630 പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന നവംബറില്‍ നടത്തിയെന്നാണ് വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐഎല്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 153,539 യൂണിറ്റിനെ അപേക്ഷിച്ച് 1.9 ശതമാനം കുറവാണ് ഇക്കഴിഞ്ഞ നവംബറില്‍ ഉണ്ടായത്. ജനപ്രിയ എന്‍ട്രി ലെവല്‍ മോഡലുകളായ ഓള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവ ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന 26,306 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 29,954 യൂണിറ്റായിരുന്നു.

നവരാത്രി ആഘോഷങ്ങളുടെ 15 ദിവസങ്ങളില്‍ വില്‍പ്പനയില്‍ ഉണ്ടായ നേരിയ പുനരുജ്ജീവനം വിപണിയിലെ ആവശ്യകരയെ പരിശോധിക്കുന്നതിനുള്ള ഒരു അളവുകോലല്ലെന്നും കാര്യങ്ങള്‍ മോശമായിത്തീരുകയാണെന്നും കഴിഞ്ഞ മാസം തന്നെ വ്യവസായ എക്‌സിക്യൂട്ടീവുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആവശ്യകതയെ ബാധിക്കുന്ന മിക്ക പ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നതായാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
‘നവംബറില്‍ വ്യവസായത്തില്‍ ഉടനീളം വില്‍പ്പന കുത്തനെ ഇടിഞ്ഞു. കൂടാതെ, ഭാരത് 6 നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണമുള്ള വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനുള്ള ഒരുക്കത്തിലാണ് ഓട്ടോമൊബീല്‍ വ്യവസായം. ചില്ലറ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഞങ്ങളുടെ തന്ത്രത്തിന് അനുസൃതമായി, ശൃംഖല വിപുലമാക്കുകയാണ്,’ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു. 38,057 യൂണിറ്റുകളുടെ വില്‍പ്പനയാണ് നവംബറില്‍ ടാറ്റ മോട്ടോര്‍സ് നേടിയത്. കഴിഞ്ഞ വര്‍ഷം നവംബറിലെ 50,470ല്‍ നിന്ന് 24.59 ശതമാനം ഇടിവ്.

ഹോണ്ട കാര്‍സ്- 50.34 ശതമാനം, എയ്ഷര്‍ മോട്ടോര്‍സ്-22.77 ശതമാനം, മഹീന്ദ്ര & മഹീന്ദ്ര- 18.95 ശതമാനം എന്നിങ്ങനെയാണ് മറ്റു കമ്പനികള്‍ നവംബറില്‍ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ ഇടിവ്. വിപണിയിലെ രണ്ടാം സ്ഥാനക്കാരായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാത്രമാണ് നവംബറില്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 44,600 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 43,709 ആയിരുന്നു, 7.2 ശതമാനം വളര്‍ച്ച. വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും ഗ്രാന്‍ഡ് ഐ 10, നിയോസ്, വെന്യു, ക്രെറ്റ, എലൈറ്റ് ഐ 20 എന്നിവയുടെ മികച്ച പ്രകടനം ഉണ്ടായെന്ന് കമ്പനിയുടെ ദേശീയ സെയില്‍സ് ഹെഡ് വികാസ് ജെയിന്‍ പറഞ്ഞു.

Comments

comments

Categories: FK News