ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പുതിയ ആവേശം

ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പുതിയ ആവേശം

എസ്ബിഐ കാര്‍ഡിന്റെ ഐപിഒ മേഖലയില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു

മുംബൈ: വേണ്ടത്ര ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ ഐപിഒ എത്രമാത്രം ആവേശം ജനിപ്പിക്കും? ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണി ഉയര്‍ന്നു വളരുമോ വളര്‍ച്ചയിലേക്കുയരുമോ അതോ പൂര്‍ണ്ണവളര്‍ച്ചയെത്താതെ പോകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. 96 ബില്യണ്‍ രൂപ മൂല്യവുമായി ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ആയേക്കാം എസ്ബിഐ കാര്‍ഡെന്നാണ് കണക്കാക്കുന്നത്. ഒപ്പം ഇനിയും അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത സ്രോതസുകളിലേക്കുള്ള ആകര്‍ഷണവും.

ഉദാഹരണത്തിന്, യുഎസില്‍ 100 പേര്‍ക്ക് ശരാശരി 320 ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളപ്പോള്‍ ഇന്ത്യയിലത് മൂന്ന് കാര്‍ഡുകള്‍ മാത്രമാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷ ഉപഭോഗത്തിന്റെ വെറും 5% മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടക്കുന്നത്. തുടര്‍ച്ചയായി 4 വര്‍ഷം 12 ശതമാനത്തോളം ഉയര്‍ന്ന ഇടപാടുകളും ഇപ്പോള്‍ പിന്നോട്ടടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ബിഐ ഐപിഒയുടെ പ്രസക്തി വര്‍ധിക്കുന്നത്. എസ്ബിഐക്ക് 74% ഒാഹരിയുള്ള എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേമെന്റ് ലിമിറ്റഡും, ശേഷിക്കുന്ന 26% ഓഹരി കൈവശം വെച്ചിരിക്കുന്ന അമേരിക്കന്‍ ധനകാര്യ കമ്പനിയായ കാര്‍ലെയ്ല്‍ ഗ്രൂപ്പും ചേര്‍ന്ന് 13.5 കോടിയോളം ഓഹരികള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവരുടെ എണ്ണവും ഒപ്പം പണമിടപാടുകളും വര്‍ധിപ്പിക്കാനാണ് വിപണിയുടെ ശ്രമം. രണ്ടായിരത്തിന് ശേഷം ജനിച്ച മില്ലേനിയല്‍ തലമുറ ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയെ മുന്നോട്ട് കൊണ്ടുപോവുമെന്നാണ് പ്രതീക്ഷ. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തുന്നവരില്‍ 35 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണ്. 40 വയസ്സിന് മുകളിലുള്ള ഇടപാടുകാരേക്കാള്‍ 8% അധികമാണിത്.

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഏറ്റവുമധികം ഉപയോഗ സാധ്യതയുള്ളത് ഇ-കൊമേഴ്‌സിലാണ്. 2021 ആകുമ്പോഴേക്കും 1.2 ട്രില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ചില്ലറ വിപണിയുടെ 7% വ്യാപാരം ഇ-കൊമേഴ്‌സ് വഴിയായിരിക്കുമെന്നാണ് ഡെലോയ്റ്റ് കണ്‍സള്‍ട്ടന്‍സി പറയുന്നത്. മുകേഷ് അംബാനിയുടെ പുതിയ ഇ-കൊമേഴ്‌സ് സംരംഭവും ആമസോണും ഫഌപ്കാര്‍ട്ടുമെല്ലാം മത്സരിക്കുന്ന ഇ-കൊമേഴ്‌സ് വിപണി, ക്രെഡിറ്റ് കാര്‍ഡുകളുടെ ഭാവിയും മെച്ചപ്പെടുത്തിയേക്കാം.

Categories: FK News, Slider
Tags: Credit Card