മഹീന്ദ്ര എക്‌സ്‌യുവി 400 പുതിയ ഫോഡ് എസ്‌യുവിയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കും

മഹീന്ദ്ര എക്‌സ്‌യുവി 400 പുതിയ ഫോഡ് എസ്‌യുവിയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കും

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറിയേക്കും

ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്രയുടെ പുതിയ 7 സീറ്റര്‍ എസ്‌യുവി അരങ്ങേറിയേക്കും. എസ്204 എന്ന കോഡ് നാമത്തിലാണ് നിലവില്‍ ഈ എസ്‌യുവി അറിയപ്പെടുന്നത്. വാഹനത്തിന്റെ ഔദ്യോഗിക നാമവും വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്താന്‍ പോകുന്നതേയുള്ളൂ. എന്നാല്‍ പുതിയ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് എക്‌സ്‌യുവി 400 എന്ന് പേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിപണിയിലെത്തുന്ന പുതിയ മിഡ്-സൈസ് ഫോഡ് എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോം മഹീന്ദ്രയുടെ പുതിയ 7 സീറ്റര്‍ പങ്കുവെയ്ക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ബി745 എന്നാണ് ഫോഡിന്റെ മിഡ് സൈസ് എസ്‌യുവിയുടെ കോഡ് നാമം. ഒരേ പ്ലാറ്റ്‌ഫോം പങ്കുവെയ്ക്കുമെങ്കിലും രണ്ട് മോഡലുകളും വ്യത്യസ്ത ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ സ്വീകരിക്കും.

മഹീന്ദ്ര എസ്204, ഫോഡ് ബി745 വാഹനങ്ങളില്‍ നിരവധി പൊതുവായ വാഹനഘടകങ്ങളും ഫീച്ചറുകളും കാണാന്‍ കഴിയും. ഇതുവഴി ഉല്‍പ്പാദനച്ചെലവ് നിയന്ത്രിക്കുന്നതിനും മല്‍സരാധിഷ്ഠിതമായി വില നിശ്ചയിക്കുന്നതിനും ഇരു കാര്‍ നിര്‍മാതാക്കള്‍ക്കും സാധിക്കും. രണ്ട് എസ്‌യുവികളും അതാത് കമ്പനികളുടെ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും.

മഹീന്ദ്ര എക്‌സ്‌യുവി 300, എക്‌സ്‌യുവി 500 വാഹനങ്ങള്‍ പോലെ എക്‌സ്‌യുവി 400 എസ്‌യുവിയിലും മോണോകോക്ക് ബോഡി ഉപയോഗിക്കും. ഫ്രണ്ട് വീല്‍ ഡ്രൈവ് (എഫ്ഡബ്ല്യുഡി) അല്ലെങ്കില്‍ മുന്നിലേക്ക് ചായ്‌വ് പ്രകടിപ്പിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം നല്‍കും. 7 സീറ്റര്‍ എസ്‌യുവിയുടെ മുന്‍ഭാഗം അഗ്രസീവ് ലുക്കിംഗ് ആയിരിക്കുമെന്ന് ഇതിനകം ലഭിച്ച ചില ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മഹീന്ദ്ര എക്‌സ്‌യുവി 300 മോഡലിന്റെ ചില ഡിസൈന്‍ സൂചകങ്ങള്‍ കടമെടുക്കും.

മഹീന്ദ്ര എക്‌സ്‌യുവി 300 ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിവയായിരിക്കാം മഹീന്ദ്ര 7 സീറ്റര്‍ എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുടെയും ബിഎസ് 6 പതിപ്പ് എക്‌സ്‌യുവി 400 എസ്‌യുവിയില്‍ നല്‍കിയേക്കും.

4.3 മീറ്ററോളം നീളമുള്ളതായിരിക്കും ഫോഡ് ബി745 എസ്‌യുവി. 2021 തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ കിക്‌സ് എന്നിവയായിരിക്കും പുതിയ ഫോഡ് മിസ് സൈസ് എസ്‌യുവിയുടെ പ്രധാന എതിരാളികള്‍.

പ്രതീകാത്മക ചിത്രം

Comments

comments

Categories: Auto