വായ്പാ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാഹചര്യം

വായ്പാ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാഹചര്യം

വായ്പാ നിരക്കില്‍ വീണ്ടും ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്കിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി

സമാനതകളില്ലാത്ത സാമ്പത്തിക അനിശ്ചിതാവസ്ഥയെ നേരിടുകയാണ് രാജ്യം. എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും സാമ്പത്തികരംഗത്ത് മാന്ദ്യകാലമാണ് മുന്നില്‍ നില്‍ക്കുന്നതെന്നതില്‍ തര്‍ക്കമില്ല. വെള്ളിയാഴ്ച്ച പുറത്തുവന്ന രണ്ടാംപാദ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകള്‍ അതടിവരയിടുന്നു. അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് അഭിമാനം കൊണ്ടിരുന്ന ഇന്ത്യ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത് കേവലം 4.5 ശതമാനം വളര്‍ച്ചാനിരക്ക് മാത്രമാണ്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.

ഉപഭോഗത്തിലെ വമ്പന്‍ ഇടിവാണ് സമ്പദ് വ്യവസ്ഥയെ ഉലച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പാക്കലിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളും കാര്‍ഷിക പ്രതിസന്ധിയും വേതന മുരടിപ്പും വിപണിയിലേക്കുള്ള പണമൊഴുക്കിലെ പ്രതിസന്ധിയും എല്ലാം കൂടെ രാജ്യത്തിന്റെ വളര്‍ച്ചയെ വരിഞ്ഞുകെട്ടുകയാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വിശേഷണവും ഇന്ത്യക്കിപ്പോഴില്ല. ഉല്‍പ്പാദനരംഗത്തും ഖനനമേഖലയിലും വൈദ്യുതി ഉല്‍പ്പാദനത്തിനുലമെല്ലാം വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ മൊത്തം മൂല്യ വര്‍ധന (ജിവിഎ) 4.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പോയ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ മൊത്തം മൂല്യ വര്‍ധന 6.9 ശതമാനമായിരുന്നു.

നിക്ഷേപ വളര്‍ച്ചയിലെയും ഇടിവ് ആശങ്കയുളവാക്കുന്നതാണ്. ഒന്നാം പാദത്തില്‍ അഞ്ച് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. ഇപ്പോഴത് 4.5 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ആകെ കണക്കെടുക്കുമ്പോഴും ഇത് അഞ്ചില്‍ താഴെ ആയാല്‍ ഒരു സാമ്പത്തിക പുനരുജ്ജീവനം ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകും. 2022 ആകുമ്പോഴേക്കും രാജ്യം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകുമെന്നെല്ലാമുള്ള അവകാശവാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായ മാറ്റങ്ങള്‍ സാമ്പത്തികരംഗത്ത് സംഭവിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്.

പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും നിരക്കുകള്‍ കുറയ്‌ക്കേണ്ടി വരും. ഈ വര്‍ഷം ഇതിനോടകം തന്നെ നിരക്കുകളില്‍ 135 ബേസിസ് പോയ്ന്റുകളുടെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയിട്ടുണ്ട്. ഏഷ്യയിലെ ഒരു കേന്ദ്ര ബാങ്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ നിരക്കിളവാണിത്. ജിഡിപി നിരക്ക് വീണ്ടും താഴ്ന്നത് ഉടന്‍ ചേരുന്ന ധനനയ അവലോകനയോഗത്തില്‍ വായ്പാ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. ഏറ്റവും ചുരുങ്ങിയത് 30 ബേസിസ് പോയ്ന്റുകളുടെ കുറവെങ്കിലും വേണം.

സാമ്പത്തിക പുനരുജ്ജീവനത്തിനായി വലിയ പ്രഖ്യാപനങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം ഫലം ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല. അതിലുപരി സര്‍ക്കാര്‍ ചെലവിടലുകള്‍ മാത്രം കൂടിയിട്ട് കാര്യവുമില്ല. സ്വകാര്യ നിക്ഷേപത്തിന്റെ തോത് ഇപ്പോഴും കുറഞ്ഞുതന്നെയാണ് ഇരിക്കുന്നത്. ഇത് കൂടിയെങ്കിലേ സമ്പദ് വ്യവസ്ഥ ചലനാത്മകമാകൂ.

Categories: Editorial, Slider
Tags: Loan rate