ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത് ഒന്നര ലക്ഷം വീടുകള്‍

ആദ്യ ഘട്ടത്തില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച 51,887 വീടുകളും രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് 98,643 വീടുകളുമാണ് പൂര്‍ത്തിയാക്കിയത്
തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതിനോടകം 1,50,530 വീടുകള്‍ പൂര്‍ത്തിയാക്കിയാക്കിയതായി മന്ത്രി ഇപി ജയരാജന്. കയറിക്കിടക്കാന്‍ ഇടമില്ലാതിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതി ആശ്വാസമായി.
ആദ്യ ഘട്ടത്തില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച 51,887 വീടുകളും രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് 98,643 വീടുകളുമാണ് പൂര്‍ത്തിയാക്കിയത്. രണ്ട് തവണയായി കേരളം നേരിട്ട പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ അതിജീവിച്ചാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇവ യാഥാര്‍ത്ഥ്യമാക്കിയത്. ശേഷിക്കുന്ന 84,650 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതില്‍ അരലക്ഷത്തിലധികം വീടുകളില്‍ മിനുക്കുപണി മാത്രമാണ് ബാക്കി. മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണ്. വിവിധ ജില്ലകളില്‍ എണ്‍പത്തഞ്ചോളം ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുക. ഇതിനുള്ള ഭൂമി കലക്ടര്‍മാര്‍ കണ്ടെത്തി. മിക്കയിടത്തും രൂപരേഖയും അംഗീകരിച്ചു. പ്രീഫാബ് സാങ്കേതികവിദ്യയിലാണ് നിര്‍മാണം. അടിസ്ഥാന ആവശ്യമായ കിടപ്പാടമില്ലാത്ത ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകരുതെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.