യുകെ ആസ്ഥാനമായുള്ള ഇസ്ലാമിക് ബാങ്കിനെ കുവൈറ്റ് ബാങ്ക് ഏറ്റെടുക്കുന്നു

യുകെ ആസ്ഥാനമായുള്ള ഇസ്ലാമിക് ബാങ്കിനെ കുവൈറ്റ് ബാങ്ക് ഏറ്റെടുക്കുന്നു

72 ശതമാനം ഓഹരികള്‍ക്കായി 158 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് കുവൈറ്റിലെ ബൂബ്യാന്‍ ബാങ്ക് മുന്നോട്ടുവെക്കുന്നത്

കുവൈറ്റ്: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനമായ ബാങ്ക് ഓഫ് ലണ്ടന്‍ ആന്‍ഡ് മിഡില്‍ഈസ്റ്റിനെ (ബ്ലൈം ഹോള്‍ഡിംഗ്‌സ്) ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കുവൈറ്റിലെ ബൂബ്യാന്‍ ബാങ്ക്. ബ്ലൈമിലെ 72 ശതമാനം ഓഹരികള്‍ക്കായി ഏതാണ്ട് 158 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് കുവൈറ്റ് ബൗര്‍സയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ബൂബ്യാന്‍ ബാങ്ക് അറിയിച്ചു.

ഓഹരിയൊന്നിന് 1.05 ഡോളര്‍ എന്ന കണക്കിലുള്ള ഇടപാടാണ് ബൂബ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റമുണ്ടാകാമെന്നും ബൂബ്യാന്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ഇടപാടില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നും ബൂംബ്യാന്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ബൂബ്യാന്‍ ബാങ്കിനും സഹസ്ഥാപനത്തിനുമായി ബ്ലൈമില്‍ 27.91 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്.

നാസ്ഡക് ദുബായില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ബ്ലൈം ഈ വര്‍ഷം ആദ്യപകുതിയില്‍ 6.8 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. വരുമാനത്തില്‍ 17 ശതമാനത്തിന്റെ വളര്‍ച്ചയും ഈ കാലഘട്ടത്തില്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലൈമിലെ വരുമാനത്തിന്റെ 75 ശതമാനവും യുകെയില്‍ നിന്നും 8 ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡ്, 8 ശതമാനം ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമാണ് വരുന്നത്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ പൗണ്ടിന്റെ ആസ്തികളാണ് ബ്ലൈമിനുള്ളത്.

2019ലെ ആദ്യ മൂന്നാംപാദത്തില്‍ അറ്റാദായത്തില്‍ 12 ശതമാനം വളര്‍ച്ചയുമായി 45.3 മില്യണ്‍ കുവൈറ്റ് ദിനാറിന്റെ ലാഭമാണ് ബൂബ്യാന്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 4 ശതമാനം വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 5.03 ബില്യണ്‍ ദിനാറിന്റെ ആസ്തിയാണ് ബാങ്കിനുള്ളത്.

Comments

comments

Categories: Arabia