ജെഡിഎസുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ജെഡിഎസുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ബെംഗളൂരു: രാഷ്ട്രീയത്തിലെ മഹാരാഷ്ട്രാ മോഡല്‍ കര്‍ണാടകത്തിലും സ്വാധീനമുറപ്പിക്കുന്നതായി സൂചന. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജനതാദള്‍-സെക്യുലറും (ജെഡി-എസ്) വീണ്ടും സഖ്യമുണ്ടാക്കാന്‍തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഈ മാസം അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.15 സീറ്റുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 അംഗ നിയമസഭയില്‍ രണ്ടുസീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ കുറഞ്ഞത് ഏഴ് സീറ്റിലെങ്കിലും ബിജെപി വിജയിച്ചാല്‍ മാത്രമെ അധികാരം നിലനിര്‍ത്താനാകൂ. ഫലം മറിച്ചാണെങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും ഒത്തുചേര്‍ന്നാല്‍ അധികാരം പിടിച്ചെടുക്കാം. 112 സീറ്റുകള്‍ വേണം ഭൂരിപക്ഷമുറപ്പിക്കാന്‍. ബിജെപിയുടെ എംഎല്‍എ മാരുടെ എണ്ണം 105ആണ്.

ഭൂരിപക്ഷം സീറ്റുകളും നേടാനായാല്‍ കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് ുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എസ് ഉഗ്രപ്പ ഇന്നലെ വ്യക്തമാക്കി. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കിടയിലും മഹാരാഷ്ട്രയില്‍ ചെയ്തതുപോലെ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതാണ് തങ്ങളുടെ ഏക ലക്ഷ്യം. അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കുമാരസ്വാമി സഖ്യസര്‍ക്കാരിന്റെ മോശം പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് 14 കോണ്‍ഗ്രസ് ജനപ്രതിനിധികളും 3 ജെഡി-എസ് വിമതരും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

വിമതര്‍ രാജിവച്ചതിനുശേഷം തങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ നിലനിര്‍ത്താന്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ വെവ്വേറെയാണ് മത്സരിക്കുന്നുത്. അവയില്‍ പലരും വിജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ബിജെപി പരാജയപ്പെട്ടാല്‍ കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും ഉഗ്രപ്പ പറഞ്ഞു. മുന്‍ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ ഉള്‍പ്പെടെ 80 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് 14 അംഗങ്ങളെയാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍ 66 അംഗങ്ങളുള്ള കോണ്‍ഗ്രസും 34 അംഗങ്ങളുള്ള ജെഡിഎസും ചേര്‍ന്നാല്‍ 100 സീറ്റാണ് ആകുക. സംസ്ഥാനത്ത് വീണ്ടും അധികാരത്തിനായി 12 സീറ്റുകള്‍ കൂടി ആവശ്യമാണ്. 15 സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 12ലും കോണ്‍ഗ്രസ്, ജെഡിഎസ് കക്ഷികള്‍ക്ക് വിജയിക്കാനുകുമോ എന്ന് കണ്ടുതന്നെ അറിയണം. ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഖ്യത്തിന് 9 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ഒരു സ്വതന്ത്രന്റെയും ബിഎസ്പിയുടേയും പിന്തുണയോടെ ഭൂരിപക്ഷമുറപ്പിക്കാന്‍ ശ്രമിക്കുമെന്നും ഉഗ്രപ്പ പറയുന്നു. ജനാധിപത്യരാഷ്ട്രീയത്തില്‍ എന്തും എല്ലാം സാധ്യമാണ് എന്നതിനാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ജെഡി-എസ് മേധാവി എച്ച്ഡി ദേവേഗൗഡയുമായി സംസാരിക്കും. സംസ്ഥാനതെരഞ്ഞെടുപ്പിന് ഇനിയും മൂന്നുവര്‍ഷം ബാക്കിയുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മെയ്മാസത്തില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കൂടുതല്‍ സീറ്റുകള്‍ നേടിയ ബിജെപിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ല. അതിനുശേഷമാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വിമതര്‍ രാജിവെക്കുകയും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയും ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് നഷ്ടമായ 10-12 സീറ്റുകള്‍ വിജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഉഗ്രപ്പ പറയുന്നു. സംസ്ഥാനതലത്തില്‍ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ 15 നിയമസഭാ മണ്ഡലങ്ങളിലും ജെഡി-എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

Comments

comments

Categories: Politics
Tags: JDS-Congress