ഇന്ത്യയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി, പിഎംഐ 51.2

ഇന്ത്യയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി, പിഎംഐ 51.2

ഒന്നര വര്‍ഷത്തിനിടെ കമ്പനികള്‍ ആദ്യമായി തൊഴിലുകള്‍ വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി രേഖപ്പെടുത്തിയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ഒക്‌റ്റോബറില്‍ പിഎംഐ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന തലമായ 50.6ല്‍ ആയിരുന്നു എങ്കില്‍ നവംബറില്‍ അത് 51.2 ലേക്ക് മെച്ചപ്പെട്ടു. പിഎംഐ 50ന് മുകളിലാണെങ്കില്‍ മേഖലയുടെ വളര്‍ച്ചയെയും 50ല്‍ താഴെയാണെങ്കില്‍ മേഖലയുടെ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി 28-ാം മാസമാണ് മാനുഫാക്ച്ചറിംഗ് പിഎംഐ 50ന് മുകളില്‍ നിലനില്‍ക്കുന്നത്.
‘ഒക്‌റ്റോബറിനെ അപേക്ഷിച്ച് നവംബറില്‍ പിഎംഐ മെച്ചപ്പെട്ടെങ്കിലും, ഫാക്ടറി ഓര്‍ഡറുകള്‍, ഉല്‍പ്പാദനം, കയറ്റുമതി എന്നിവയുടെ വികാസത്തിന്റെ നിരക്ക് 2019 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വളരെ പിന്നിവാണ്, അടിസ്ഥാനപരമായ ആവശ്യകതയിലെ ദുര്‍ബലാവസ്ഥയാണ് ഇതിന് കാരണം,’ ഐഎച്ച്എസ് മാര്‍ക്കിറ്റിലെ മുഖ്യ സാമ്പത്തിക വിദഗ്ധയും റിപ്പോര്‍ട്ടിന്റെ രചയിതാവുമായ പോളിയാന ഡി ലിമ പറഞ്ഞു.

പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും ആവശ്യകത മെച്ചപ്പെട്ടതും നവംബറിലെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ നയിച്ചപ്പോള്‍ മത്സര സമ്മര്‍ദങ്ങളും അസ്ഥിരമായ വിപണി സാഹചര്യങ്ങളും ഇതിനെ നിയന്ത്രിച്ചു.

‘ബിസിനസ്സ് ശുഭാപ്തിവിശ്വാസം പരിമിതമായി തന്നെയിരിക്കുന്നത് സമ്പദ്‌വ്യവസ്ഥയില്‍ ചില അനിശ്ചിതത്വങ്ങള്‍ പ്രകടമാകുന്നതിന്റെ സൂചനയാണ്. ഒന്നര വര്‍ഷത്തിനിടെ കമ്പനികള്‍ ആദ്യമായി തൊഴിലുകള്‍ വെട്ടിക്കുറച്ചു. ഉല്‍പ്പാദനത്തിനായുള്ള വാങ്ങലിലും നവംബറില്‍ വീണ്ടും കുറവുണ്ടായി,’ ലിമ പറഞ്ഞു . മുന്നിലുള്ള വെല്ലുവിളികളില്‍ നിന്ന രക്ഷ നേടാന്‍ കമ്പനികള്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണിത്. നവംബറില്‍ ഇന്‍പുട്ട് ചെലവുകളിലും ഉല്‍പ്പന്ന വിലകളിലും നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ.

സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായിരിക്കുന്നതിന്റെയും പിഎംഐ ഡാറ്റ പ്രകാരം പണപ്പെരുപ്പ സമ്മര്‍ദം ഇല്ലാതിരിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ ധനനയം കൂടുതല്‍ ലഘൂകരിക്കുമെന്നാണ പ്രതീക്ഷിക്കപ്പെടുന്നത്. 2019ല്‍ ഇതുവരെ അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് 110 ബേസിസ് പോയ്ന്റിന്റെ വെട്ടിക്കുറയ്ക്കല്‍ നടത്തിയിട്ടുണ്ട്. ഈയാഴ്ച നടക്കുന്ന ധന നയ അവലോകന യോഗത്തില്‍ ആര്‍ബി ഐ പലിശ നിരക്കുകളില്‍ വീണ്ടും ഇളവ് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Comments

comments

Categories: Business & Economy