ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു

ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു

ഒക്‌റ്റോബര്‍ വരെ ഇന്ത്യയില്‍ വിറ്റത് 51,257 യൂണിറ്റ് വെന്യൂ എസ്‌യുവി. അമ്പതിനായിരം യൂണിറ്റ് നാഴികക്കല്ല് താണ്ടി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍നിന്ന് വിദേശ വിപണികളിലേക്ക് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു. 1,400 യൂണിറ്റ് ഉള്‍പ്പെട്ട ആദ്യ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു. ഡിസംബര്‍ രണ്ടായ ഇന്ന് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍പ്പന ആരംഭിക്കും. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (ആര്‍എച്ച്ഡി) വിപണികള്‍ കൂടാതെ, ഭാവിയില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് (എല്‍എച്ച്ഡി) വിപണികളിലേക്കും ഹ്യുണ്ടായ് വെന്യൂ നിര്‍മിച്ച് കയറ്റുമതി നടത്തും. നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയുടെ എല്‍എച്ച്ഡി വകഭേദം നിലവില്‍ വികസിപ്പിച്ചുവരികയാണ്.

ഈ വര്‍ഷം മെയ് മാസത്തിലാണ് ഹ്യുണ്ടായ് വെന്യൂ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കണക്റ്റഡ് സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്‌റ്റോബര്‍ വരെ 51,257 യൂണിറ്റ് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇതില്‍ 58 ശതമാനത്തോളം പെട്രോള്‍ മോഡലുകളാണ്. ഒക്‌റ്റോബര്‍ വരെ 75,000 ല്‍ കൂടുതല്‍ ബുക്കിംഗ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സ്വീകരിച്ചു. ഒരു ലക്ഷത്തിലധികം ബുക്കിംഗ് സ്വീകരിച്ച് 2019 കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ നല്‍കിയ വേരിയന്റുകള്‍ വാങ്ങാനാണ് അമ്പത് ശതമാനത്തോളം ഉപയോക്താക്കള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്ന് ഹ്യുണ്ടായ് നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്എക്‌സ് ഡിസിടി, എസ്എക്‌സ്(ഒ) വേരിയന്റുകളിലാണ് ബ്ലൂലിങ്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ കണക്റ്റഡ് സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായ് വെന്യൂ. സെഗ്‌മെന്റില്‍ ഇതാദ്യമായി വെന്യൂ എസ്‌യുവിയില്‍ നിരവധി ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto