ലക്ഷം കോടി കടന്ന് ജിഎസ്റ്റി വരുമാനം

ലക്ഷം കോടി കടന്ന് ജിഎസ്റ്റി വരുമാനം
  • നവംബറിലെ നികുതി വരുമാനം 6% ഉയര്‍ന്ന് 1,03,492 കോടി രൂപയിലെത്തി
  • നികുതി പിരിവ് ഒരു ലക്ഷം കോടി കടക്കുന്നത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം
  • ആഭ്യന്തര നികുതി വരുമാനം 12% ഉയര്‍ന്നു; കയറ്റുമതി നികുതി 13% കുറഞ്ഞു

ന്യുഡെല്‍ഹി: മൂന്നുമാസത്തെ കീഴ്‌പ്പോട്ടുള്ള പ്രയാണത്തിന് ശേഷം വളര്‍ച്ചാ പാതയില്‍ നികുതി വരുമാനം. നവംബര്‍ മാസത്തില്‍ ജിഎസ്റ്റി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപ കടന്നു. 2018 നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനമാണ് നികുതി വളര്‍ച്ച. 1,03,492 കോടിരൂപയാണ് നവംബര്‍ മാസത്തെ ജിഎസ്റ്റിയിനത്തിലുള്ള വരവെന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 97,637 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നവംബറിലെ നികുതി വരുമാനം. 2017 ജൂലൈ മാസത്തില്‍ ജിഎസ്റ്റി പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള മൂന്നാമത്തെ മികച്ച വരുമാനം കൂടിയാണിത്. 2019 ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലാണ് ഏറ്റവും മികച്ച ജിഎസ്ടി പിരിവ് നടന്നിരുന്നത്. രണ്ടു വര്‍ഷത്തിനിടെ ആകെ എട്ടു തവണ മാത്രമാണ് ശരാശരി പ്രഖ്യാപിത ലക്ഷ്യമായ ഒരു ലക്ഷം കോടി കടക്കാന്‍ നികുതി വരുമാനത്തിനായത്. വിപണിയിലെ തളര്‍ച്ച മറികടക്കാനും ആഭ്യന്തര ഉപഭോഗവും നികുതി വരുമാനവും ഉയര്‍ത്താനും നിരവധി ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണ് നവംബറിലെ നികുതിക്കണക്കുകള്‍.

ആഭ്യന്തര ഉപഭോഗത്തിലെ തിരിച്ചുവരവാണ് നവംബറിലെ മാറ്റത്തിന് പ്രധാന കാരണം. ആഭ്യന്തര ഇടപാടുകളുടെ ജിഎസ്റ്റി പിരിവ് 12 ശതമാനം വര്‍ധിച്ചു. നടപ്പ് വര്‍ഷത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കാണിത്. അതേസമയം ഇറക്കുമതി വരുമാനം വീണ്ടും പിന്നോട്ടടിച്ചു. 13 ശതമാനം തളര്‍ച്ചയാണ് ഇറക്കുമതി നികുതിയില്‍ പോയമാസം ദൃശ്യമായത്. എന്നാല്‍ ഒക്‌റ്റോബറിലെ 20% വളര്‍ച്ചാ കുറവിനേക്കാള്‍ മെച്ചപ്പെട്ടു. ഓഗസ്റ്റ്, സെപ്റ്റംബര്‍ ഒക്‌റ്റോബര്‍ മാസങ്ങളില്‍ ജിഎസ്റ്റി വരുമാനം വളര്‍ച്ച ചുരുങ്ങി ലക്ഷം കോടിക്ക് താഴെയായത് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. യഥാക്രമം 98,202 കോടി രൂപ, 91,916 കോടി രൂപ, 95,380 കോടി രൂപ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്ന് മാസത്തെ നികുതി പിരിവ്. സെപ്‌റഅറംബറിനെക്കാള്‍ 3.8% അധിക വരുമാനം ഒക്‌റ്റോബറില്‍ ലഭിച്ചിരുന്നു. ആഭ്യന്തര ഉപഭോഗത്തിലെയും ആവശ്യകതയിലെയും സ്വകാര്യ നിക്ഷേപത്തിലെയും കുറവാണ് നികുതി വരുമാനം പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് ഗണ്യമായി പിന്നോട്ടുപോകാന്‍ കാരണമായത്. ആറ് പാദങ്ങളായി തുടരെ കുറഞ്ഞുവരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ 4.5 ശതമാനത്തിലെത്തിയിരുന്നു.

വരുമാനം വന്ന വഴി

നവംബറിലെ ജിഎസ്റ്റി വരുമാനമായ 1,03,492 കോടി രൂപയില്‍ 19,592 കോടി രൂപയാണ് കേന്ദ്ര ജിഎസ്റ്റി (സിജിഎസ്റ്റി). സംസ്ഥാന ജിഎസ്റ്റി (എസ്ജിഎസ്റ്റി) പിരിവ് 27,144 കോടി രൂപ. സംയോജിത ജിഎസ്റ്റി (ഐജിഎസ്റ്റി) വരുമാനം 49,028 കോടി രൂപ. ഇറക്കുമതി നികുതിയായ 20,948 കോടി രൂപ കൂടി ഉള്‍പ്പെടുത്തിയാണിത്. 869 കോടി രൂപ ഇറക്കുമതി സെസടക്കം ആകെ സെസ് വരുമാനം 7,727 കോടി രൂപയിലെത്തി.

നികുതി പിരിവ്
(ലക്ഷം കോടിയില്‍)

മാസം 2018 2019

ഏപ്രില്‍ 1,03,459 1,13,865

മേയ് 94,016 1,00,289

ജൂണ്‍ 95,610 99,939

ജൂലൈ 96,483 1,02,083

ഓഗസ്റ്റ് 93,960 98,202

സെപ്റ്റംബര്‍ 94,442 91,916

ഒക്‌റ്റോബര്‍ 1,00,710 95,380

നവംബര്‍ 97,637 1,03,492

Categories: FK News, Slider