ഗോതബായയുടെ ഇന്ത്യാസന്ദര്‍ശനവും ചൈനീസ് പ്രേമവും

ഗോതബായയുടെ ഇന്ത്യാസന്ദര്‍ശനവും ചൈനീസ് പ്രേമവും

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ ഗോതബായ രാജപക്‌സെയുടെ വിജയം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതുസംബന്ധിച്ച് നിരവധി ചര്‍ച്ചകളും വാദമുഖങ്ങളുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ അരങ്ങേറിയത്. ഗോതബായ പ്രസിഡന്റായി സ്ഥാനമേറ്റ ഉടനെ ഇന്ത്യയുടെ അഭിനന്ദനം അറിയിക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോ സന്ദര്‍ശിച്ചത് ഇന്ത്യയുടെ വ്യാകുലതക്ക് അടിവരയിടുന്നു. സ്ഥാനമേറ്റ ശ്രീലങ്കന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഗോതബായ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതില്‍ എത്രകണ്ട് ആത്മാര്‍ത്ഥത ഉണ്ടെന്ന് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.

ഗോതബായ രാജപക്‌സെയും മൂത്ത സഹോദരനായ മുന്‍ പ്രസിഡന്റും ഇപ്പോഴുള്ള പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയും കടുത്ത ചൈനീസ് പക്ഷവാദികളായാണ് അറിയപ്പെടുന്നത് എന്നതാണ് ആശങ്കകള്‍ക്ക് കാരണം. മഹിന്ദ രാജപക്‌സെ പ്രസിഡന്റായിരുന്ന കാലത്താണ് ചൈനീസ് വായ്പകള്‍ ദ്വീപിലേക്ക് ഒഴുകിയതും അവസാനം അവര്‍ കടക്കെണിയിലാവുകയും ചെയ്തത്. ഇതിനുപകരമായി ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനക്ക് പാട്ടത്തിന് നല്‍കേണ്ട സ്ഥിതി സംജാതമായി. ശ്രീലങ്ക ഒരു മിനി ചൈനീസ് കോളനിയായി മാറി. പിന്നീട് അധികാരത്തിലെത്തിയ മൈത്രിപാല സിരിസേനയുടെ കാലത്ത് ചൈനയോട് അത്ര അനുകൂല നിലപാട് അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും ഒഴിയാന്‍ കഴിയാത്തവിധം ചൈനീസ് കടങ്ങള്‍ ലങ്കയില്‍ വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. അതിനുശേഷമുള്ള ഗോതബായയിലേക്കുള്ള അധികാരക്കൈമാറ്റം ചൈനക്ക് അനുകൂലമായി ഭവിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഇന്ത്യക്കെതിരായുള്ള നീക്കത്തില്‍ ചൈനയുടെ തന്ത്രപരമായ വേദിയാകുമോ ശ്രീലങ്ക എന്നതാണ് ഇനി അറിയേണ്ടത്. ഏഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ ചട്ടക്കൂടിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ആക്രമണാത്മക ഉയര്‍ച്ച കണക്കിലെടുക്കുമ്പോള്‍ അത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ആഗോളതലത്തിലുള്ള അവരുടെ താല്‍പ്പര്യങ്ങളും ഇതിലേക്കാണ് വില്‍ ചൂണ്ടുന്നത്. ഇന്ത്യയ്ക്ക് പരമ്പരാഗത സ്വാധീന മേഖലകള്‍ നിലനിര്‍ത്താന്‍ ചൈനയുടെ നീക്കം ഇടം നല്‍കില്ല. മാറിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസൃതമായി, ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധവും ഒരു പരിവര്‍ത്തനത്തിന് വിധേയമായിരുന്നു.

ഇവിടെ ചൈനയുടെ സാമ്പത്തിക ശേഷിയും അവരുടെ അധികാരം വ്യാപിപ്പിക്കുന്നതിന്റെ താല്‍പ്പര്യവും വ്യക്തമാകുന്നു. ഇതുമായി പൊരുത്തപ്പെട്ട് ഇന്ത്യക്ക് മുന്നോട്ടുപോകാനാവില്ല. കാരണം ഇന്ത്യയുടെ കാലാകാലങ്ങളായുള്ള നയം അതല്ല. നിക്ഷേപത്തിനായി കാത്തിരിക്കുന്ന രാജ്യങ്ങളില്‍ ചൈന പണമൊഴുക്കും. വലിയ തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ വേഗത്തില്‍ നടപ്പാക്കും. ഇത് സാധാരമ രാജ്യങ്ങള്‍ക്ക് ചെറുക്കാനാവില്ല. ഇതിന്റെ പരിണിതഫലവും അനുഭവിച്ചേ മതിയാകു. ഇന്ത്യയുടെയൊപ്പം നിന്നിരുന്ന ദക്ഷിണേഷ്യയിലെ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവ ജനാധിപത്യ രാജ്യങ്ങളായി പക്വത പ്രാപിച്ചു. ഇത് കൂടുതല്‍ നേട്ടങ്ങള്‍ പുറത്തെടുക്കാന്‍ ഏഷ്യന്‍ ഭീമന്മാരെ പ്രേരിപ്പിച്ചു. രാജ്യങ്ങളെ പരസ്പരം തുലനം ചെയ്യുന്ന മികച്ച കല അവര്‍ പഠിച്ചു. ഇതിന്റെ ഉത്ഭവം ഇന്ത്യയുടെ ചേരിചേരാ നയത്തില്‍ നിന്നാണെന്നും വിദഗ്ധര്‍ പറയുന്നു. ഇവിടേക്ക് ചൈന പമമൊഴുക്കിയതോടെ ഇന്ത്യയുടെ സ്വാധീനമേഖല ചുരുങ്ങി.

എങ്കിലും പരമ്പരാഗത സ്വാധീന മേഖല നിലനിര്‍ത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയുടെ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിനുള്ള ചൈനയുടെ വലിയ തന്ത്രത്തിന് ന്യൂഡെല്‍ഹി കീഴടങ്ങാന്‍ സാധ്യതയുമില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യയുടെ പ്രാധാന്യംഎടുത്തുകാട്ടുന്നു. ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പുലര്‍ത്തിയാല്‍ യഥാര്‍ത്ഥ വികസനം സാധ്യമാവില്ലെന്ന തിരിച്ചറിവ് ഉണ്ടായതില്‍ നിന്നാകാം ഗോതബായയുടെ സന്ദര്‍ശനം എന്നും പറയപ്പെടുന്നു. മുന്‍കാലങ്ങളില്‍ കൊളംബോയുമായുള്ള ന്യൂഡെല്‍ഹിയുടെ ബന്ധം അരക്ഷിതാവസ്ഥയും ഊഷ്മളതയുടെ ഏറ്റക്കുറച്ചിലുകളും മൂലം വികൃതമായിരുന്നു എന്നുവേണം പറയാന്‍. ഈ അവസരത്തില്‍ ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഗോതബായ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കാല മനോഭാവങ്ങളില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കാന്‍ തയ്യാറാണ് എന്ന തോന്നല്‍ ശ്രീലങ്കക്കുണ്ടായി. ദ്വീപു രാഷ്ട്രത്തിന്റെ നേതൃത്വവുമായി സജീവമായി ഇടപഴകാന്‍ തയ്യാറാണെന്നും അവര്‍ക്ക് ബോധ്യമായതിനാലാണ് ഗോതബായ തന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാക്കിയതെന്ന് എന്നാണ് ലഭിക്കുന്ന സൂചന. ഇതിനുപിന്നില്‍ ചൈനയെ അകറ്റി നിര്‍ത്തുക എന്ന തന്ത്രവും ഉണ്ടായിരുന്നു.

ചൈനയുടെ സാമ്പത്തിക സഹായത്തില്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ന്നിട്ടുണ്ട്. ഇന്ന് അവര്‍ സംശയത്തോടെയാണ് ചൈനീസ് നീക്കങ്ങളെ വീക്ഷിക്കുന്നത്. ഇത് ഇന്ത്യ മനസിലാക്കേണ്ടതുണ്ട്. ഈ രാജ്യങ്ങള്‍ക്ക് അവരുടെ വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ചൈനീസ് ധനസഹായം ആവശ്യമാണെങ്കിലും, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഓര്‍ഗനൈസേഷനെ അടിസ്ഥാനമാക്കിയുള്ള ഈ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ക്ക് സുതാര്യതയില്ലെന്നും കടക്കെണിയില്‍ കുടുങ്ങുന്ന ചെറിയ രാജ്യങ്ങളെ കബളിപ്പിക്കുമെന്നുമുള്ള ചിന്താഗതി വളര്‍ന്നുവന്നിട്ടുണ്ട്. ഇവിടെ വിനാശകരമായ സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വാദം അംഗീകരിക്കപ്പെടുകയാണ്. ചൈനയുടെ വളര്‍ച്ച ചെറു രാജ്യങ്ങളിലെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ പോലും ഉപയോഗിക്കപ്പെടുന്നതായി ആരോപണവും ഉണ്ട്.

ഒരു കാലത്ത് ചൈനീസ് പദ്ധതികള്‍ നടപ്പാക്കാനായി ആഗ്രഹിച്ചിരുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഇന്ന് പഴയ പദ്ധതികള്‍ പുനഃപരിശോധിക്കുന്നു. പുതിയവയെക്കുറിച്ച് ശ്രദ്ധാലുവാകുകയും ചെയ്യുന്നു. ഇത് മാറ്റത്തിന്റെ ലക്ഷണമാണ്. കടക്കെണിയില്‍ അകപ്പെട്ട് ചൈന കൈയ്യടക്കിയ ഹംബന്‍ടോട്ട തുറമുഖം തിരിച്ചെടുക്കാന്‍ സാധ്യതയുണ്ടോ എന്ന് ശ്രീലങ്ക ആരായുന്നു. 99 വര്‍ഷത്തെ പാട്ടം ശ്രീലങ്കയുടെ ഭാവിയെ ബാധിച്ചേക്കാമെന്നും ഹംബന്‍ടോട്ട പോലുള്ള തന്ത്രപരമായി പ്രധാനപ്പെട്ട എല്ലാ പദ്ധതികളുടെയും നിയന്ത്രണം സര്‍ക്കാര്‍ നിലനിര്‍ത്തണമെന്നും ഗോതബയ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പ്രതീക്ഷയുടെ തിരിതെളിക്കുന്നു. ഇതുവരെ ചെയ്തുകൂട്ടിയത് തെറ്റായിരുന്നുവെന്ന തിരിച്ചറിവ് ഉണ്ടായാല്‍ അതനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനിറങ്ങിയാല്‍ ശ്രീലങ്കയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നുറപ്പാണ്. എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. പേരുകേട്ട ചൈനീസ് പക്ഷക്കാര്‍ ഒരു തെരഞ്ഞെടുപ്പ് കൊണ്ട് നിലപാട് മാറ്റുന്നവരാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ ഉണ്ടാകുന്ന പരിഷ്‌കാരങ്ങള്‍ ഇതിന് ഉത്തരം നല്‍കും.

നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ യഥാസമയം നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം വിദേശത്ത് അടിസ്ഥാന സൗകര്യ പദ്ധതികളില്‍ വിവേകപൂര്‍വ്വം നിക്ഷേപം നടത്തുകയാണെങ്കില്‍, ചൈനയുടെ കാര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന അവിശ്വാസത്തില്‍ നിന്ന് ഇന്ത്യക്ക് പ്രയോജനം ലഭിച്ചേക്കാം. ശ്രീലങ്കയില്‍ നിരവധി പദ്ധതികള്‍ ഇന്ത്യ നടപ്പാക്കുന്നുണ്ട്. ട്രിങ്കോമാലി തുറമുഖം, കൊളംബോയ്ക്കടുത്തുള്ള എല്‍എന്‍ജി ടെര്‍മിനലുകളുടെ നിര്‍മാണം, കൊളംബോ തുറമുഖത്ത് ഈസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കാനുള്ള ഇന്ത്യ-ജപ്പാന്‍ സംയുക്ത സംരംഭം തുടങ്ങിയവ നടപ്പാക്കുന്നതിലെ വേഗത ശ്രീലങ്കയുടെ നയം മാറ്റത്തിനു കാരണമായേക്കാം. ഇതനുസരിച്ചാകും മറ്റു പദ്ധതികളുടെ കരാര്‍ ലഭിക്കുക. ഇവിടെ, കൊളംബോയുമായുള്ള സാമ്പത്തിക ഇടപഴകല്‍ വിപുലീകരിക്കാനുള്ള ഇന്ത്യയുടെ കഴിവും പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷിയും നിര്‍ണായകമാകും. തനിക്ക് നിക്ഷേപം ആവശ്യമാണെന്ന് ഗോതബായ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ കൊളംബോയുടെ ആവശ്യം നിറവേറ്റുന്നില്ലെങ്കില്‍ ചൈനയുടെ ഓഫറുകളെ ചെറുക്കുക അവര്‍ക്ക് ബുദ്ധിമുട്ടാകും. ഗോതബായ സര്‍ക്കാരിനുള്ള വായ്പയായി മോദിയുടെ 400 മില്യണ്‍ ഡോളര്‍ പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ഘട്ടമാമായി വിശേഷിപ്പിക്കാം.

ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിച്ച് 2013 ല്‍ കൊളംബോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബഹിഷ്‌കരിച്ചിരുന്നു. ധാര്‍മ്മിക നിലപാട് സ്വീകരിക്കുന്നതിനും ഉഭയകക്ഷി ബന്ധത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നതിനുമുള്ള പ്രവണത ഇന്ത്യ ഇന്ന് ഒഴിവാക്കേണ്ടതുണ്ടെന്ന സൂചനയും ഇത് വ്യക്തമാക്കുന്നു. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കൊളംബോയെ മുന്‍പ് ചൈനക്കുമുന്നില്‍ എത്തിച്ചത്. ഇത് ആത്യന്തികമായി ഇന്ത്യയുടെ തന്ത്രപ്രധാനമായ തട്ടകത്തിലേക്ക് ചൈനയുടെ പ്രവേശനത്തിനുള്ള ഇടം സൃഷ്ടിച്ചു.

ശ്രീലങ്കയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി മോദിയുടെ 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപനവും ലങ്കന്‍ പോലീസുകാര്‍ക്ക് തീവ്രവാദ വിരുദ്ധ പരിശീലനം നല്‍കുന്നതിനുള്ള പരിപാടികളും ശരിയായ മാര്‍ഗത്തിലേക്കുള്ളതാണെന്ന് വ്യക്തമാണ്. തീവ്രവാദത്തിനെതിരായ ഫലപ്രദമായ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമാണ്. സമീപ ഭാവിയില്‍തന്നെ കൊളംബോയുടെ നയവ്യതിയാനങ്ങള്‍ പുറത്തുവരും. അത് ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Top Stories
Tags: Gotabaya