പ്രത്യേകം പരിഷ്കരിച്ച ഡസ്റ്റര്‍ എസ്യുവിയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ സമ്മാനിച്ചത്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് റെനോയുടെ വക ഡസ്റ്റര്‍ എസ്യുവി സമ്മാനം. മാര്‍പ്പാപ്പയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രത്യേകം പരിഷ്കരിച്ച ഡാസിയ ഡസ്റ്ററാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ സമ്മാനിച്ചത്. ഡാസിയയുടെ പ്രോട്ടോടൈപ്പ് വിഭാഗമാണ് ബജറ്റ് എസ്യുവിയില് വേണ്ട മാറ്റങ്ങള്‍ വരുത്തിയത്. വെളുത്ത നിറത്തിലുള്ളതാണ് പ്രത്യേകം മോഡിഫൈ ചെയ്ത ഡസ്റ്റര്‍.
സാധാരണ ഡസ്റ്റര്‍ പോലെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ച ഡസ്റ്റര്‍. എന്നാല്‍ രണ്ടാം നിരയില്‍ പ്രത്യേക സുഖസൗകര്യത്തോടെ ബെഞ്ച് സീറ്റ് നല്കി. വലിയ സണ്‍റൂഫ്, റൂഫില്‍ സ്ഥാപിച്ച ഗ്രാബ് ഹാന്‍ഡിലുകള്‍, അഴിച്ചുമാറ്റാന്‍ കഴിയുന്ന ഗ്ലാസ് ബോക്സ് എന്നിവ സവിശേഷതകളാണ്. വാഹനത്തിനകത്ത് തുകല്‍ അപ്ഹോള്‍സ്റ്ററി നല്കി. എളുപ്പത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായി സസ്പെന്ഷന് 30 എംഎം താഴ്ത്തി.
റെനോ ഗ്രൂപ്പ് റൊമാനിയ മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റോഫ് ദ്രിഡിയാണ് വാഹനം വത്തിക്കാന്‍ കൈമാറിയത്. റെനോ ഗ്രൂപ്പ് ഇറ്റലി ജനറല്‍ മാനേജര്‍ സേവ്യര്‍ മാര്ട്ടിനറ്റ് സന്നിഹിതനായി.