ഗാരേജില്‍ തുടക്കമിട്ട ഡയമണ്ട് സാമ്രാജ്യം

ഗാരേജില്‍ തുടക്കമിട്ട ഡയമണ്ട് സാമ്രാജ്യം

എതിര്‍പ്പുകള്‍ അവഗണിച്ചു തുടക്കമിട്ട ബിസിനസ് സ്വന്തം നിലയില്‍ വിജയിച്ച കാട്ടാനുളള പരിശ്രമമാണ് മുംബൈയിലെ ബാന്ദ്ര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദി ഡയമണ്ട് ഫാക്ടറിയുടെ നേട്ടത്തിനു പിന്നില്‍. പത്ത് വര്‍ഷം കൊണ്ട് 75 കോടി രൂപ വിറ്റുവരവ് നേടിയ സംരംഭം ഇന്ത്യയുടെ ഒരു പ്രമുഖ ജൂവല്‍റി ബ്രാന്‍ഡായി വളരുകയാണിപ്പോള്‍

സ്‌കൂള്‍ പഠനകാലത്ത് തുടക്കമിട്ട സൗഹൃദം കോളെജിലും ഒടുവില്‍ ബിസിനസിലും കൊണ്ടെത്തിച്ച സംരംഭകരാണ് ഗൗതം സിംഗ്‌വിയും പ്രസന ഷെട്ടിയും. മുംബൈ സ്വദേശികളായ ഇരുവരും യാദൃശ്ചികമായി ബിസിനസിലേക്ക് എത്തിപ്പെട്ടവരാണ്. കോളെജ് തലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച്, മികച്ച മാനേജ്‌മെന്റ് പരിചയം മാത്രം കൈമുതലാക്കിയാണ് ഇരുവരും ബിസിനസിലേക്ക് ഇറങ്ങിയത്. ചെറിയൊരു ഗാരേജില്‍ തുടക്കമിട്ട ഡയമണ്ട് ബിസിനസ് ഇന്ന് 75 കോടി രൂപ വിറ്റുവരവ് നേടുന്ന ജൂവല്‍റി ബ്രാന്‍ഡാക്കി മാറ്റിയതിനു പിന്നില്‍ ഏറ്റെടുത്ത ബിസിനസ് വിജയിപ്പിച്ചു കാണിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി വിജയമാണ്.

കുടുംബപരമായി ബിസിനസ് നടത്തിവന്നവരാണെങ്കിലും അത് ഏറ്റെടുത്ത് നടത്തോനോ സംരംഭക രംഗത്തേക്ക് കടക്കാനോ ഗൗതമിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കുടുംബ ബിസിനസിലേക്ക് നിര്‍ബന്ധപൂര്‍വം ഇറങ്ങിത്തിരിച്ച ഗൗതം ആ ബിസിനസ് അല്‍പ്പം വിപുലീകരിച്ച്, സ്വന്തം ശൈലിയില്‍ ആധുനികവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. ആ ആശയത്തോട് കുടുംബത്തില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായതോടെ ശ്രമം ഉപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസിന് തുടക്കമിട്ടു. കൂട്ടിന് ഉറ്റസുഹൃത്തായ പ്രസന്നയേയും ക്ഷണിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ചു തുടക്കമിച്ച ഡയമണ്ട് ജൂവല്‍റി ബിസിനസ് പരിശ്രമത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഫലമായി വിജയം വരിച്ചെന്ന് ഇരു സംരംഭകരും ചൂണ്ടിക്കാണിക്കുന്നു. സുഹൃത്തുക്കള്‍ ഇരുവരും ചേര്‍ന്ന കൈവെച്ചത് ഡയമണ്ട് മേഖലയില്‍ മാത്രമല്ല , റിയല്‍ എസ്‌റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍ എന്നിങ്ങനെ മിക്ക തലങ്ങളിലും ബിസിനസ് ശൃംഖലകളും പരിചയവും വളര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു.

നീണ്ട 10 വര്‍ഷം നേടിത്തന്ന വിജയം

1999ലാണ് ഗൗതമും പ്രസന്നയും ചേര്‍ന്ന് ജൂവല്‍റി ബിസിനസിന് തുടക്കമിട്ടത്. ഹോള്‍സെയ്ല്‍, റീട്ടെയ്ല്‍ കച്ചവടക്കാര്‍ക്ക് സ്വര്‍ണ കോയിനുകളും മാലകളും ഓര്‍ഡര്‍ അനുസരിച്ച് നല്‍കിവരികയായിരുന്നു തുടക്കത്തില്‍. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരം ഉപഭോക്താക്കളായതോടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിലേക്കും കടന്നു. മൊത്തവ്യാപാരത്തേക്കാള്‍ റീട്ടെയ്ല്‍ വില്‍പ്പനയാണ് കൂടുതല്‍ ലാഭകരമെന്ന് തിരിച്ചറിഞ്ഞതോടെ 2008ല്‍ ഒരു ബൊട്ടീക് ഡയമണ്ട് ജൂവല്‍റിക്ക് ഇരുവരും തുടക്കമിട്ടു. തുടക്കത്തില്‍ തന്നെ മികച്ച വില്‍പ്പന കണ്ടെത്താനായതോടെ പ്രസന്ന തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ബിസിനസിനായി മാറ്റിവെച്ചു. ബാന്ദ്രയിലാണ് ഇരുവരും ദി ഡയമണ്ട് ഫാക്ടറിയുടെ ആദ്യ സ്റ്റോര്‍ സ്ഥാപിച്ചത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നൂറില്‍പ്പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമായി അതു മാറിയിരിക്കുന്നു.

ഡയമണ്ട് റീട്ടെയിലിംഗിനു പുറമെ സ്വര്‍ണവും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. ബാന്ദ്ര ജൂവല്‍റി ഹബ്ബ് ആയതിനാല്‍ വലിയ തോതിലുള്ള മത്സരവും നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ ഡിസൈനിംഗിലെ വൈവിധ്യവും മികച്ച കളക്ഷനുമാണ് ഡയമണ്ട് ഫാക്ടറിയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടാന്‍ പ്രധാന കാരണം.

സംരംഭകരുടെ മൂല്യാധിഷ്ഠിത സമീപനം

ദി ഡയമണ്ട് ഫാക്ടറിയുടെ വിജയത്തിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. മൊത്തത്തിലുള്ള വിപണി വളര്‍ച്ച കൂടാതെ, ഗുണമേന്‍മയേറിയ ആഭരണങ്ങളും മികച്ച ഡിസൈനുകളും അതിലൊക്കെ ഉപരി ജൂവല്‍റി നിരക്കിനെ കുറിച്ചും മാര്‍ക്കറ്റിംഗിനെ കുറിച്ചും ചെലവിനെ കുറിച്ചുമുള്ള പൂര്‍ണ അവബോധത്തോടെയുള്ള സംരംഭകരുടെ സമീപനവും കൂടിയാണ് സംരംഭത്തിന്റെ മികച്ച വിജയത്തിന്റെ അടിത്തറയിട്ടിരിക്കുന്നത്.
ആഗോള ജൂവല്‍റി വിപണിയില്‍ ഇന്ത്യ പ്രധാന ഹബ്ബുകളിലൊന്നായി മാറിയിട്ടുണ്ട്. ലോകത്തിന്റെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് കേന്ദ്രങ്ങളിലൊന്നും ഇന്ത്യയാണ്. ഐബിഇഎഫ് ഡാറ്റാ പ്രകാരം 75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിപണി 2025 ഓടുകൂടി 100 ബില്യണ്‍ മൂല്യമുള്ളതായി മാറുമെന്നാണ് കണക്കുകൂട്ടല്‍.

വിപണിയില്‍ വന്‍കിട കോര്‍പ്പറേറ്റ്, ദേശീയ ജൂവല്‍റി ബ്രാന്‍ഡുകളേക്കാള്‍ 30 മുതല്‍ 35 ശതമാനം വിലക്കുറവിലാണ് ഇവിടുത്തെ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നതെന്നും ഗൗതം പറയുന്നു. മികച്ച നൈപുണ്യശേഷിയുള്ള ജോലിക്കാരെ ലഭിക്കുന്ന ദഹിസാര്‍ വ്യാവസായിക ഏരിയയിലാണ് സംരംഭത്തിന്റെ ഡിസൈന്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ബാന്ദ്രയിലെ ഔട്ട്‌ലെറ്റ് ലാഭകരമായതോടെ കമ്പനി പുതിയ ഔട്ട്‌ലെറ്റുകള്‍ അന്ധേരി, വാശി, മാംഗളുരു എന്നിങ്ങനെ മൂന്നിടങ്ങളില്‍ കൂടി തുടങ്ങിയിട്ടുണ്ട്. ഡയമണ്ട് ജൂവല്‍റി രംഗത്ത് രാജ്യത്ത് ദ്രുതഗതിയില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് തങ്ങളുടേതെന്നും ഇരു സ്ഥാപകരും ഒരുപോലെ വ്യക്തമാക്കുന്നു.

ഭാവി പദ്ധതികള്‍

എല്ലാ പ്രായക്കാര്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള ഡയമണ്ട് ആഭരണങ്ങളാണ് ഡയമണ്ട് ഫാക്ടറിയിലുള്ളത്. ഔട്ട്‌ലെറ്റുകള്‍ വില്‍പ്പന കൂടാതെ ബെംഗളുരു, മാംഗളുരു, മുംബൈ എന്നിവിടങ്ങളില്‍ മേലഖല്‍ വഴി മികച്ച മാര്‍ക്കറ്റിംഗും സംരംഭം നടത്തുന്നു. റെസിഡെന്‍ഷ്യല്‍ സൊസൈറ്റികള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മാര്‍ക്കറ്റിംഗ് നടത്താറുണ്ട്. മുംബൈ അടക്കമുള്ള മറ്റ് നഗരങ്ങളില്‍ ഭാവിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം. മുംബൈയ്ക്ക് പുറത്ത് ഫ്രാഞ്ചൈസി മാതൃകയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുടങ്ങാനും മെട്രോപ്പൊളിറ്റന്‍ മേഖലകളില്‍ പ്രദര്‍ശനങ്ങളിലൂടെ മാര്‍ക്കറ്റിംഗ് കൂടുതല്‍ ശക്തമാക്കാനും പദ്ധതിയുണ്ടെന്ന് ഗൗതം ചൂണ്ടിക്കാട്ടി.

Categories: FK Special