നികുതികള്‍ പിന്‍വലിച്ച് തുടങ്ങാമെന്ന് ചൈന

നികുതികള്‍ പിന്‍വലിച്ച് തുടങ്ങാമെന്ന് ചൈന

ആദ്യഘട്ട കരാറില്‍ തന്നെ യുഎസ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യം

ബെയ്ജിംഗ്: യുഎസ്-ചൈന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന വ്യാപാരക്കരാറിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ എല്ലാ താരിഫുകളും പിന്‍വലിക്കണമെന്ന് ചൈന ആവശ്യപ്പെടും. ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പത്രമാണ് വിവരം പുറത്തുവിട്ടത്. ‘ഡിസംബര്‍ 15ന് താരിഫുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം, അവ പിന്‍വലിക്കുന്നതിന് പകരമാവില്ല’ എന്ന് പത്രം ട്വീറ്റ് ചെയ്തു.

16 മാസങ്ങളായി തുടരുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഒത്തുതീര്‍പ്പിനുളള താല്‍പ്പര്യം പ്രകടിപ്പിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ചൈനയുടെ പുതിയ നിബന്ധനകള്‍ കരാറിനെ വൈകിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

നവംബര്‍ മാസത്തില്‍ ഒത്തുതീര്‍പ്പ് ഉടമ്പടി രൂപംകൊള്ളുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താരിഫുകളെ സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ ചൈന ആവശ്യപ്പെടുന്നതിനാല്‍ വ്യാപാരക്കരാര്‍ വര്‍ഷാവസാനം വരെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. യുഎസ് വ്യാപാരപ്രതിനിധി റോബര്‍ട്ട് ലൈത്തൈസര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍ എന്നിവരെ ചര്‍ച്ചകള്‍ക്കായി ചൈന ക്ഷണിച്ചിട്ടുണ്ട്. യുഎസിലെ താങ്ക്‌സ്ഗിവിംഗ് ആഘോഷങ്ങളുടെ അവധിക്ക് ശേഷം ഉദ്യോഗസ്ഥര്‍ ചൈനയിലേ്ക്ക് തിരിക്കുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Categories: FK News, Slider
Tags: US- China